കൊൽക്കത്ത: ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിൽ വീണ്ടും പ്രതിഷേധം കടുക്കുന്നു. ബെർമോജൂർ, ജുപ്ഖാലി പ്രദേശങ്ങളിൽ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസ് ആളുകളെ അന്യായമായി കസ്റ്റഡിയിലെടുത്തതായി ആരോപിച്ച് നിരവധി സ്ത്രീകൾ വടികളും ചൂലുകളുമായി പൊതുനിരത്തിലിറങ്ങി പ്രതിഷേധിച്ചു. പൊലീസ് വാഹനം തടയാൻ ഗ്രാമവാസികൾ റോഡിൽ തീയിട്ടു. ലോക്കറ്റ് ചാറ്റർജി എംപിയുടെ നേതൃത്വത്തിലുള്ള ബിജെപി വനിതാ പ്രതിനിധി സംഘത്തെ പൊലീസ് തടയുകയും ലാൽബസാറിലെ കൊൽക്കത്ത പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

തൃണമൂൽ നേതാവ് ഷാജഖാൻ ശൈഖിനെതിരെ സന്ദേശ്ഖാലിയിലെ സ്ത്രീകൾ ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ പരാതികൾ ഉന്നയിച്ചതിന് പിന്നാലെ കഴിഞ്ഞ 10 ദിവസമായി പ്രദേശത്ത് അക്രമ സംഭവങ്ങൾ തുടരുകയാണ്.

അക്രമസംഭവങ്ങളെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്ഥലത്ത് നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് വിലക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പശ്ചിമ ബംഗാൾ പൊലീസ് ഡയറക്ടർ ജനറൽ രാജീവ് കുമാർ, ദക്ഷിണ ബംഗാൾ പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ സുപ്രതിം സർക്കാർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.

ജനുവരി അഞ്ചിന് റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയപ്പോൾ തൃണമൂൽ അണികൾ അവരെ മർദിച്ചിരുന്നു. ഇതോടെ പ്രദേശം സംഘർഷഭരിതമായി. ഇതേത്തുടർന്ന് ഷാജഖാൻ ശൈഖ് ഒളിവിൽ പോയതിന് പിന്നാലെയാണ് സന്ദേശ്ഖലിയിലെ സ്ത്രീകൾ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഷാജഹാനും അനുയായികളും തങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നുവെന്നും സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്നുമാരോപിച്ച് നാട്ടുകാർ നടത്തിയ പ്രതിഷേധവും അക്രമാസക്തമായിരുന്നു.

അതേ സമയം ബംഗാളിലെ ഹൗറയിൽ പെൺവാണിഭം നടത്തി എന്ന ആരോപണത്തിൽ ബിജെപി നേതാവ് സബ്യസാചി ഘോഷ് അറസ്റ്റിലായി. സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും അനുചരന്മാരും സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും കൊമ്പുകോർക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ അറസ്റ്റ്. സബ്യസാചിയുടെ ഹൗറയിലെ ഹോട്ടലിൽ നിന്ന് പെൺവാണിഭ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തതായി തൃണമൂൽ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. സ്ത്രീകളെയല്ല, കൂട്ടിക്കൊടുപ്പുകാരെ സംരക്ഷിക്കുന്ന പാർട്ടിയാണ് ബിജെപി എന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.