ലഖ്നൗ: ഉത്തർ പ്രദേശിൽ ഒഴിവുവന്ന പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നാടകീയ രാഷ്്ട്രീയ നീക്കങ്ങൾ. സമാജ് വാദി പാർട്ടിക്ക് കനത്ത തിരിച്ചടിയായി നിയമസഭയിൽ പാർട്ടിയുടെ ചീഫ് വിപ്പ് മനോജ് പാണ്ഡെ സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പിൽ എസ്‌പി എംഎൽഎമാർ മറുകണ്ടംചാടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മാനോജ് പാണ്ഡെ ചൊവ്വാഴ്ച രാവിലെ രാജിവെച്ചത്.

ഉഞ്ചാഹറിൽ നിന്നുള്ള എംഎൽഎ കൂടിയായ മനോജ് കുമാർ പാണ്ഡെയാണ് രാജിവച്ചത്. സമാജ്വാദി പാർട്ടി എംഎൽഎമാരിൽ ചിലർ ബിജെപിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ചീഫ് വിപ്പ് തന്നെ രാജിവച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഒരുക്കിയ അത്താഴവിരുന്നിൽനിന്ന് എട്ട് എംഎൽഎമാർ വിട്ടുനിന്നിരുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച രാത്രി എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ് വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിൽ മാനോജ് പാണ്ഡെ ഉൾപ്പടെ എട്ട് എംഎൽഎമാർ വിട്ടുനിന്നത്. മുകേഷ് വർമ, മഹാരാജി പ്രജാപതി, പൂജ പാൽ, രാകേഷ് പാണ്ഡെ, വിനോദ് ചതുർവേദി, രാകേഷ് പ്രതാപ് സിങ്, അഭയ് സിങ് എന്നിവരാണ് മാനോജ് പാണ്ഡെയെ കൂടാതെ അഖിലേഷിന്റെ യോഗത്തിലേക്ക് എത്താതിരുന്നത്. ഇവർ ബിജെപി സ്ഥാർഥിക്ക് വോട്ടു ചെയ്യുമെന്നാണ് സൂചന.

ഇന്ന് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ എസ്‌പി എംഎൽഎ രാകേഷ് പ്രതാപ് സിങ് വോട്ട് ചെയ്യാനെത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം ജയ് ശ്രീറാം മുഴക്കിയാണ് അദ്ദേഹം നിയമസഭ വിട്ടത്. ഉത്തർപ്രദേശിൽ പത്ത് രാജ്യസഭാ സീറ്റുകളാണ് ഒഴിവുള്ളത്. നിലവിലെ എംഎൽഎമാരുടെ അംഗസഖ്യ അനുസരിച്ച് ബിജെപിക്ക് ഏഴും സമാജ് വാദി പാർട്ടിക്ക് മൂന്നും സ്ഥാനാർത്ഥികളെ ജയിപ്പിക്കാനാകും. എന്നാൽ, ബിജെപി എട്ടാമത്തെ സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് മത്സരത്തിനും മറുകണ്ടംചാടലിനും വേദിയൊരുങ്ങിയത്.

37 എംഎൽഎമാരുടെ പിന്തുണയാണ് ഒരു സ്ഥാനാർത്ഥിക്ക് വേണ്ടത്. സമാജ് വാദി പാർട്ടിയുടെ പത്തോളം എംഎൽഎമാർ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. മറുകണ്ടംചാടിയ എസ്‌പി എംഎൽഎമാരെ കൂടാതെ എസ്‌പി സഖ്യം വിട്ട് എൻഡിഎയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്ന അജിത് സിങ്ങിന്റെ ആർഎൽഡി എംഎൽഎമാരും ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്‌തേക്കും.

ചലച്ചിത്രതാരവും സിറ്റിങ് എംപി.യുമായ ജയ ബച്ചൻ, മുൻ ചീഫ് സെക്രട്ടറി അലോക് രഞ്ജൻ, മുൻ എംപി.യും ദളിത് നേതാവുമായ രാംജിലാൽ സുമൻ എന്നിവരാണ് എസ്‌പി. സ്ഥാനാർത്ഥികൾ. ജയ ബച്ചനെയും അലോക് രഞ്ജനെയും മത്സരിപ്പിച്ചതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് എട്ടാം സ്ഥാനാർത്ഥിയായി സഞ്ജയ് സേത്തിനെ ബിജെപി കളത്തിലിറക്കിയത്.

അതിനിടെ, സമാജ്വാദി പാർട്ടിയുടെ എംഎൽഎമാരെ ബിജെപി സമ്മർദ്ദത്തിലാക്കുന്നുവെന്ന ആരോപണവുമായി അഖിലേഷ് യാദവ് രംഗത്തെത്തി. ഇന്നലെ ബിജെപിക്കെതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ച അഖിലേഷ്, ബിജെപിയുടെ കുതന്ത്രങ്ങൾ വിലപ്പോവില്ലെന്ന് അവകാശപ്പെട്ടിരുന്നു. ''ഇതാണ് അവരുടെ ശൈലി. അവർ ആളുകളിൽ ഭയം കുത്തിവയ്ക്കുന്നു. അവരെ ഭീഷണിപ്പെടുത്തുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുകയും പഴയ കേസുകൾ കുത്തിപ്പൊക്കുകയും ചെയ്യുന്നു. ഈ തിരഞ്ഞെടുപ്പിൽ ഇത്തരം തന്ത്രങ്ങളൊന്നും വിലപ്പോവില്ല' അഖിലേഷ് ഇന്നലെ പറഞ്ഞു.

അതേസമയം, ഇന്നു പ്രതികരിക്കുമ്പോൾ അഖിലേഷ് ആത്മവിശ്വാസം നഷ്ടമായ അവസ്ഥയിലായിരുന്നു. ''സമാജ്വാദി പാർട്ടിയുടെ മൂന്നു സ്ഥാനാർത്ഥികളും വിജയിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പു ജയിക്കാൻ ബിജെപിക്ക് ഏതു കുതന്ത്രവും പ്രയോഗിക്കാം. ജയിക്കാനായി അവർ എന്തും ചെയ്യുമെന്നും അറിയാം. വ്യക്തിപരമായ നേട്ടങ്ങൾ ലക്ഷ്യമിടുന്ന ഞങ്ങളുടെ ചില നേതാക്കൾ ബിജെപിയിലേക്കു പോയേക്കാം' അഖിലേഷ് പറഞ്ഞു.

കോൺഗ്രസ്, സമാജ്വാദി എംഎൽഎമാർ ക്രോസ് വോട്ടിങ് ചെയ്യുമോ എന്ന ആശങ്കയ്ക്കിടയിലാണ് രാജ്യസഭയിലേക്ക് കടുത്ത മത്സരം ഒരുങ്ങുന്നത്. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ. അശോക് ചവാൻ കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ മുരുഗൻ എന്നിവരുൾപ്പടെ 56 സീറ്റുകളിലേക്കുള്ള 41 പ്രതിനിധികളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

ഉത്തർപ്രദേശിൽ ബിജെപി എട്ട് സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്. സമാജ്വാദി പാർട്ടി മൂന്നുപേരെയും. രണ്ടു പാർട്ടിയിലെയും എംഎൽഎമാർ പ്രതീക്ഷിച്ച പോലെ വോട്ട് രേഖപ്പെടുത്തുകയാണെങ്കിൽ ബിജെപിക്ക് ഏഴും സമാജ്വാദി പാർട്ടിക്ക് രണ്ടും അംഗങ്ങളെ വീതം എതിരില്ലാതെ അയയ്ക്കാൻ സാധിക്കും.

മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിങ്, മുൻ എംപി ചൗധരി തേജ്വിർ സിങ്, മുതിർന്ന സംസ്ഥാന നേതാവ് അമർപാൽ മൗര്യ, മുൻ മന്ത്രി സംഗീത ബാലവന്ത്, പാർട്ടി വക്താവ് സുധാൻഷു ത്രിവേദി, മുൻ എംഎൽഎ സാധന സിങ്, മുൻ ആഗ്ര മേയർ നവീൻ ജെയ്ൻ എന്നിവരെയാണ് ബിജെപി മത്സരത്തിനായി നിർത്തിയിരിക്കുന്നത്. ഇതിനുപുറമേ ബിജെപി എട്ടാം സ്ഥാനാർത്ഥിയായി സഞ്ജയ് സേത്തിനെ രംഗത്തിറക്കിയതോടെ ഒരു സീറ്റിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. അഭിനേത്രി ജയാ ബച്ചൻ, വിരമിച്ച ഐഎഎസ് ഓഫിസർ അലോക് രഞ്ജൻ, ദലിത് നേതാവ് ലാൽ സുമൻ എന്നിവരാണ് സമാജ്വാദി പാർട്ടിയുടെ സ്ഥാനാർത്ഥികൾ.

സമാജ്വാദി പാർട്ടി ക്യാമ്പിൽ നിന്നുള്ള ക്രോസ് വോട്ടിലൂടെ എട്ടാമത്തെ സീറ്റ് ഉറപ്പിക്കാൻ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. എസ്‌പിയുടെ പത്ത് എംഎൽഎമാർ തങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതായി ബിജെപി അവകാശപ്പെട്ടിരുന്നു.