ന്യൂഡൽഹി: ഹരിയാന അതിർത്തിയായ ഖനൗരിയിൽ കൊല്ലപ്പെട്ട കർഷകൻ ശുഭ്കരൺ സിങ്ങിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ബട്ടിൻഡ സ്വദേശിയായ ശുഭ്കരൺ ഖനൗരിയിൽ ഉണ്ടായ സംഘർഷത്തിൽ ഫെബ്രുവരി 21നാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ 12 സുരക്ഷാ ഭടന്മാർക്കും പരുക്കേറ്റിരുന്നു. ശുഭ്കരണിന്റെ മരണത്തിൽ പഞ്ചാബ് പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ശുഭ്കരണിന്റെ മരണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ മൃതദേഹം പോസ്റ്റുമോർട്ടത്തിനു വിട്ടിതരികയുള്ളുവെന്നു കർഷകർ അറിയിച്ചിരുന്നു. രജിന്ദ്ര ആശുപത്രിയിലെ മോർച്ചറിയിലാണ് ശുഭ്കരണിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 302, 114 എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കർഷക നേതാവ് സർവൺ സിങ് പാന്ഥേർ അറിയിച്ചു.

ഒരാഴ്ച നീണ്ടുനിന്ന അനശ്ചിതത്വത്തിനൊടുവിലാണ് യുവകർഷകന്റെ മരണത്തിൽ കൊലക്കുറ്റം ചുമത്തി പഞ്ചാബ് പൊലീസ് കേസെടുത്തത്. കർഷക സമരത്തിനിടെ ഖനോരി അതിർത്തിയിൽ മരിച്ച ശുഭ്കരൺ സിങ്ങിന്റെ (21) അച്ഛൻ ചരൺജിത് സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാത്രി വൈകി പൊലീസ് കേസെടുത്തതിന് പിന്നാലെ പട്യാല രജിന്ദ്ര ഗവ. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.

മൃതദേഹം വ്യാഴാഴ്ച യുവാവിന്റെ സ്വദേശമായ ഭട്ടിൻഡയിലെ ഗ്രാമത്തിൽ സംസ്‌കരിക്കും. ഖനോരി അതിർത്തിയിൽ വിലാപയാത്ര നടത്തുമെന്ന് കർഷക നേതാക്കൾ അറിയിച്ചു.
ശുഭ്കരണിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ സന്നദ്ധ സംഘടനകൾ മെഴുകുതിരി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരിക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നഷ്ടപരിഹാരമായി ഒരുകോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഡൽഹി ചലോ മാർച്ചിനുനേരേ കഴിഞ്ഞ 21-ന് ഹരിയാണ പൊലീസ് നടത്തിയ കണ്ണീർവാതക, റബ്ബർ ബുള്ളറ്റ് പ്രയോഗത്തിലായിരുന്നു തലയിൽ മാരക മുറിവേറ്റ് യുവ കർഷകനായ ശുഭകരൺ സിങ് മരിച്ചത്. മരണത്തിൽ ഉത്തരവാദികളായ ഹരിയാണ പൊലീസിനെതിരേ കൊലക്കുറ്റം ചുമത്തി പഞ്ചാബ് പൊലീസ് കേസെടുക്കണമെന്ന ആവശ്യവുമായി കർഷക നേതാക്കൾ യുവാവിന്റെ പോസ്റ്റ്‌മോർട്ടം അനുവദിച്ചിരുന്നില്ല.

കേസെടുക്കുന്നില്ലെന്ന കാരണത്താൽ ശുഭ്കരൺ സിങ്ങിന്റെ ആശ്രിതർക്ക് പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച ഒരുകോടി രൂപ സഹായധനവും സർക്കാർ ജോലിയുമെന്ന വാഗ്ദാനം കുടുംബവും കർഷക നേതാക്കളും നിരസിച്ചിരുന്നു. ഇതേത്തുടർന്ന് ഒരാഴ്ചയോളമായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കേസെടുത്താലേ മൃതദേഹം സംസ്‌കരിക്കൂവെന്ന കടുത്ത നിലപാടിലായിരുന്നു നേതാക്കൾ.

മരണം നടന്നത് ഹരിയാണ അതിർത്തിയിലാണോ പഞ്ചാബ് അതിർത്തിയിലാണോ എന്നതിൽ അവ്യക്തത ഉണ്ടായിരുന്നതിനാലാണ് പൊലീസ് കേസെടുക്കാൻ വൈകിയതെന്നാണ് സൂചന. ഖനോരി അതിർത്തിയിൽ ട്രാക്ടർ ട്രോളിയിൽ ഇരിക്കുമ്പോൾ ഹരിയാണ പൊലീസ് അധികൃതർ കണ്ണീർ വാതകപ്രയോഗം നടത്തുകയായിരുന്നുവെന്ന് ശുഭ്കരൺ സിങ്ങിന്റെ പിതാവ് പരാതിയിൽ പറഞ്ഞു. അതോടെ സമീപത്തെ വയലിലേക്ക് ഇറങ്ങി ഓടിയെങ്കിലും പൊലീസ് നടപടി തുടർന്നു.

നേതാക്കൾ നിർദ്ദേശിച്ചപ്പോൾ മകനും ഗ്രാമത്തിൽ നിന്നുള്ള കർഷകർക്കുമൊപ്പം തിരിച്ചു ട്രോളിയിലേക്ക് നടക്കുന്നതിനിടെയാണ് മകന്റെ തലയിൽ മുറിവേറ്റു വീണത്. മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. കുറ്റക്കാർക്കെതിരേ നിയമപ്രകാരം കർശന നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പരാതിയിൽ പറഞ്ഞു.

അതിനിടെ, ഖനോരി അതിർത്തിയിലെ സംഘർഷത്തിൽ പരിക്കേറ്റു ചണ്ഡീഗഢിലെ ആശുപത്രിയിൽ ചികിത്സയിലുള്ള യുവകർഷകൻ പ്രീത്പാൽ സിങ്ങിന് സുരക്ഷ നൽകണമെന്ന് യുവാവിന്റെ അച്ഛൻ പഞ്ചാബ് സർക്കാരിനോടാവശ്യപ്പെട്ടു. തങ്ങൾക്കെതിരേ മൊഴി നൽകരുതെന്നും കേസെടുത്തു ജയിലിലിടുമെന്നും ഹരിയാണ പൊലീസ് ഭീഷണിപ്പെടുന്നുവെന്നാണ് പരാതി.

അതേസമയം, ഡൽഹി ചലോ മാർച്ചിന്റെ തുടർനീക്കം നേതാക്കൾ വ്യാഴാഴ്ച വൈകീട്ടോടെ പ്രഖ്യാപിക്കും. സമാധാനപരമായി സമരം ചെയ്യുന്നവർക്കു നേരേ ഹരിയാണ സർക്കാരും കേന്ദ്രവും ആക്രമണം നടത്തുകയാണെന്ന് കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിങ് പന്ദേർ കുറ്റപ്പെടുത്തി.

ഫെബ്രുവരി 13-ന് പഞ്ചാബിൽ നിന്നാരംഭിച്ച ഡൽഹി ചലോ മാർച്ചിന്റെ ഭാഗമായ ആറുകർഷകർ ഇതുവരെ മരിച്ചു. 170 ഓളം പേർക്ക് പരിക്കേറ്റു. പൊലീസ് വഴിയടച്ച് തടഞ്ഞിരിക്കുന്നതിനാൽ കർഷകർ നിലവിൽ ഹരിയാണ അതിർത്തികളായ ശംഭു, ഖനോരി എന്നിവിടങ്ങളിൽ തുടരുകയാണ്. ഡൽഹിയിലും ഹരിയാണ അതിർത്തികളിൽ പൊലീസിന്റെ ജാഗ്രത തുടരുന്നുണ്ട്.

അതേസമയം, കർഷക സമരത്തിൽ പങ്കെടുത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കുകയും പഞ്ചാബ് ഹരിയാന അതിർത്തിയിൽ സംഘർഷം ഉണ്ടാക്കുകയും ചെയ്ത കർഷകരുടെ പാസ്‌പോർട്ട്, വീസ മുതലയാവ റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ് ഹരിയാന പൊലീസ്. കർഷക സമരത്തിൽ പങ്കെടുക്കുന്ന കർഷകർക്കെതിരെയല്ല മറിച്ച്, സംഘർഷത്തിൽ ഭാഗമായവർക്കെതിരെയാണ് നടപടിയെന്ന് അംബാല ഡിജിപി ജോഗീന്ദർ സിങ് വ്യക്തമാക്കി. സിസിടിവി, ഡ്രോൺ ദൃശ്യങ്ങൾ എന്നിവയിലൂടെയാണ് ഇവരെ പൊലീസ് തിരിച്ചറിയുന്നത്.

പൊതുമുതൽ നശിപ്പിച്ചതിനു സ്വത്തുവകകൾ കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കുമെന്നു കാണിച്ച് പൊലീസ് വീടുകളിൽ നോട്ടിസ് പതിപ്പിച്ചതായി കർഷകർ ആരോപിച്ചു. തങ്ങളുടെ ഫോൺ പൊലീസ് നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് നിരന്തരം വീടുകളിൽ കയറിയിറങ്ങുകയാണെന്നും കർഷകർ പറയുന്നു.