ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും രാജ്യസഭാ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത അട്ടിമറികൾക്ക് പിന്നാലെ നേതാക്കൾക്കിടയിലെ പടലപ്പിണക്കം കോൺഗ്രസ് നേതൃത്വത്തിന് കീറാമുട്ടിയാകുന്നു. പാർട്ടിയിലെ വിമതർ പ്രത്യക്ഷമായും ചരടുവലികളുമായി ബിജെപി. അണിയറയിലും സജീവമായി തുടരുന്നതിനിടെയാണ് ബിജെപിയെ പുകഴ്‌ത്തി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ് രംഗത്തെത്തിയത്.

പ്രതിസന്ധി മറികടക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച ദൗത്യസംഘം കിണഞ്ഞു പരിശ്രമിക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന പ്രതിഭ സിങിന്റെ നിലപാടാണ് പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. തുടക്കംമുതലുള്ള പടലപ്പിണക്കം നേതൃത്വം അവഗണിച്ചതാണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ഭരണം തുലാസിലാക്കിയതെന്നാണ് വിവരം.

കോൺഗ്രസിന്റെ പ്രവർത്തനത്തേക്കാൾ ബിജെപിയുടെ പ്രവർത്തനമാണ് ഏറെ മികച്ചതെന്ന് പ്രതിഭാ സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ബിജെപി. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കോൺഗ്രസ് കീഴ്ഘടങ്ങളിലെ പ്രവർത്തനങ്ങളിൽ പരാജയമെന്നും പ്രതിഭാ സിങ് പറഞ്ഞു. അയോഗ്യരാക്കിയ എംഎ‍ൽഎമാരുമായി പ്രതിഭാ സിങ്ങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പ്രതിഭാ സിങ്ങിന്റെ പുകഴ്‌ത്തൽ എന്നതും ശ്രദ്ധേയമാണ്.

രണ്ടു കോൺഗ്രസ് എംഎ‍ൽഎമാരും വിമതരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. എന്നാൽ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ അടുത്തവൃത്തങ്ങൾ തയ്യാറായില്ലെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. വിക്രമാദിത്യൻ വിമതരുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് പ്രതിഭ സിങ്ങിനോട് ചോദിച്ചപ്പോൾ, 'കഴിഞ്ഞ രാത്രി കൂടെ ഉണ്ടായിരുന്നുവെന്നും അതിന് ശേഷം എവിടെ പോയി എന്നതിനെക്കുറിച്ച് അറിയില്ല' എന്നുമായിരുന്നു പ്രതിഭ മറുപടി നൽകിയത്.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്ത കോൺഗ്രസ് എംഎൽഎമാരെ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സ്പീക്കർ അയോഗ്യരാക്കിയിരുന്നു. ഒരു ഭാഗത്ത് പടലപ്പിണക്കം തീർക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നടത്തുമ്പോഴും വിമതരോട് വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെയാണ് വിക്രമാദിത്യ സിങ് വിമത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. വിമതനീക്കങ്ങൾക്ക് ശക്തിപകർന്ന് വിക്രമാദിത്യ സിങ് നേരത്തെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് ഇടപ്പെട്ടാണ് രാജിപിൻവലിപ്പിച്ചത്.

കൃത്യസമയത്ത് നേതൃത്വം ഇടപെട്ട് പരിഹരിക്കാതിരുന്നതോടെ കോൺഗ്രസിലെ പ്രശ്‌നങ്ങൾ രൂക്ഷമായി. ചേരിപ്പോരിനൊടുവിലാണ് ഹൈക്കമാൻഡിന്റെ ഇടപെടലോടെ സുഖ്വീന്ദർ സിങ് സുഖു മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്.

ദീർഘകാലം സംസ്ഥാനം ഭരിച്ച വീരഭദ്രസിങ്ങിന്റെ ഭാര്യയും പി.സി.സി. അധ്യക്ഷയുമായ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അനുയായികൾ പാർട്ടി നിരീക്ഷകനായ അന്നത്തെ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബഘേലിന്റെ വാഹനം തടഞ്ഞിരുന്നു. ഷിംലയിൽ നിയമസഭാകക്ഷി യോഗത്തിനുമുമ്പ് പി.സി.സി. ഓഫീസിനുമുന്നിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചിരുന്നു.

അതേ സമയം കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് ബിജെപി രംഗത്ത് വന്നു. തെറ്റായ ഉറപ്പുകൾ നൽകിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്, എന്നാൽ അതിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്നും ജനങ്ങളുടെ ജീവിതം 'ദയനീയമായി' മാറിയെന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ബിന്ദാൽ പറഞ്ഞു.

ഹിമാചൽ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം കോൺഗ്രസിന് ജനങ്ങളുടെ വിശ്വാസവും അധികാരത്തിൽ തുടരാനുള്ള അവകാശവും നഷ്ടപ്പെട്ടതായി രാജീവ് ബിന്ദാൽ വ്യാഴാഴ്ച പറഞ്ഞു .

സമ്പൂർണ്ണ ഭൂരിപക്ഷമുള്ള ഭരണകക്ഷി രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ബിന്ദൽ ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്വന്തം എംഎൽഎമാർ വിമത ബാനറുകൾ ഉയർത്തിയാൽ ജനങ്ങൾക്ക് സർക്കാരിൽ എങ്ങനെ വിശ്വാസമുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.

'ചരിത്രപരമായ വിജയത്തിന്' ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജനെ അഭിനന്ദിച്ചുകൊണ്ട് ബിന്ദാൽ പറഞ്ഞു, കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥികൾ 34 വോട്ടുകൾ വീതം നേടിയപ്പോൾ പാർട്ടികളുടെ അംഗബലം യഥാക്രമം 40 ഉം 25 ഉം ആയിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.