- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സ്ഥാനാർത്ഥിയാകില്ല, രാഷ്ട്രീയത്തിലേക്കില്ലെന്ന് യുവരാജ് സിങ്
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും താൻ സ്ഥാപിച്ച സംഘടനയുമായി മുന്നോട്ടുപോകാനാണു തീരുമാനമെന്നും യുവരാജ് സിങ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതു സംബന്ധിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും യുവരാജ് പ്രതികരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് 2024നുള്ള ബിജെപിയുടെ താരപട്ടികയിൽ ഇന്ത്യൻ മുൻ ക്രിക്കറ്റർ യുവ്രാജ് സിങുമുണ്ട് എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബിജെപിക്കായി പഞ്ചാബിലെ ഗുരുദാസ്പൂർ മണ്ഡലത്തിൽ നിന്നാവും യുവി മത്സരിക്കുക എന്നായിരുന്നു സൂചനകൾ. ഈ അഭ്യൂഹങ്ങളോടാണ് മുൻ ഇന്ത്യൻ താരം പ്രതികരിച്ചത്.
"ഞാൻ ഗുർദാസ്പുരിൽനിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്റെ ഫൗണ്ടേഷനായ യു വി കാനിലൂടെ ആളുകളെ സഹായിക്കുന്നതു തുടരും." യുവരാജ് സിങ് പ്രതികരിച്ചു. പഞ്ചാബിലെ ഗുർദാസ്പുരിൽനിന്ന് യുവരാജ് ജനവിധി തേടുമെന്നായിരുന്നു റിപ്പോർട്ടുകൾ. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയുമായി യുവരാജ് സിങ് കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്.
ബിജെപിയുടെ സിറ്റിങ് സീറ്റായ ഗുർദാസ്പുരിൽ നടൻ സണ്ണി ഡിയോളാണ് നിലവിലെ ലോക്‌സഭാംഗം. താരത്തിന്റെ പ്രവർത്തനത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ടെന്നും യുവരാജിനെ മത്സരിപ്പിക്കാൻ ബിജെപി നീക്കം നടത്തുന്നുണ്ടെന്നുമായിരുന്നു റിപ്പോർട്ടുകൾ.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സിറ്റിങ് എംപിയായിരുന്ന സുനിൽ ജാഖറിനെ തോൽപിച്ചാണ് 2019ൽ ഗുരുദാസ്പൂർ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ സണ്ണി ഡിയോൾ വിജയിച്ചത്. 2022 മെയ് മാസം ഇതേ സുനിൽ ജാഖർ ബിജെപിയിൽ ചേർന്നിരുന്നു. എംപിയായ സണ്ണി ഡിയോൾ മണ്ഡലത്തിൽ സജീവമായിരുന്നില്ല എന്ന വിമർശനം പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മാൻ ദിവസങ്ങൾക്ക് മുമ്പ് ഉയർത്തിയിരുന്നു. പുറത്തുനിന്ന് കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികൾക്ക് പകരം മണ്ഡലങ്ങളിൽ സജീവമാകാൻ കഴിയുന്നവർക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന് ഭഗ്വന്ത് മാൻ ജനങ്ങളോടായി പറഞ്ഞിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവ്രാജ് സിങ്. ഇടംകൈയൻ ബാറ്ററും ബൗളറുമായിരുന്ന യുവി 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ജയത്തിലും 2011ലെ ഏകദിന ലോകകപ്പ് കിരീടത്തിലും നിർണായക പങ്കുവഹിച്ചു. ഏകദിന ലോകകപ്പിൽ 362 റൺസും 15 വിക്കറ്റുമായി ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. 2011 ലോകകപ്പിന് പിന്നാലെ ക്യാൻസർ ബാധിതനായ യുവ്രാജ് ചികിത്സയിലൂടെ രോഗമുക്തി നേടിയതിനുശേഷം വീണ്ടും ക്രിക്കറ്റിൽ സജീവമായി. രാജ്യാന്തര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലുമായി 11,778 റൺസും 148 വിക്കറ്റും യുവ്രാജ് സിംഗിനുണ്ട്.