ചണ്ഡീഗഢ്: ഹരിയാന അതിർത്തിയിൽ കർഷക സമരത്തിനിടെ കർഷകൻ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് ആൻഡ് ഹരിയാണ ഹൈക്കോടതി. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, ജസ്റ്റിസ് ലപിത ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

വ്യക്തമായ കാരണങ്ങളുള്ളതിനാൽ അന്വേഷണം പഞ്ചാബിനോ ഹരിയാണയ്ക്കോ കൈമാറാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി, അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപവത്കരിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിക്കൊപ്പം പഞ്ചാബിൽ നിന്നും ഹരിയാണയിൽ നിന്നും എ.ഡി.ജി.പി. റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥരും സമിതിയിലുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് മുമ്പ് എ.ഡി.ജി.പിയുടെ പേര് സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് കോടതി നിർദേശിച്ചു.

ഡൽഹി ചലോ മാർച്ചിനിടെ ഫെബ്രുവരി 21-നാണ് പഞ്ചാബ്-ഹരിയാണ അതിർത്തിയായ ഖനൗരിയിൽവെച്ച് കർഷകനായ ശുഭ്കരൺ സിങ് കൊല്ലപ്പെട്ടത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റായിരുന്നു മരണം.

ഹരിയാന അതിർത്തിയിൽ കർഷകസമരത്തിനിടെ ഇരുപത്തിയൊന്നുകാരനായ ശുഭ്കരൺ സിങ് മരിച്ചത് വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. കർഷകന്റെ മരണത്തിൽ അന്വേഷണം വൈകിപ്പിക്കുന്നതിൽ പഞ്ചാബിനെ കോടതി വിമർശിച്ചു. എന്തുകരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് അന്ന് ഉപയോഗിച്ചത് എന്ന് ഹരിയാന സർക്കാരിനോട് കോടതി ചോദിച്ചു. ഇതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

സമരം ചെയ്ത കർഷകരെയും കോടതി വിമർശിച്ചിട്ടുണ്ട്. എന്തിനാണ് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതെന്നും സ്ത്രീകളെയും കുട്ടികളെയും എന്തിനാണ് സമരത്തിൽ മുന്നിൽ നിർത്തിയതെന്നും കോടതി ചോദിച്ചു. പല കാരണങ്ങൾ കൊണ്ടും കർഷകന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം പഞ്ചാബിനെയോ ഹരിയാനയെയോ ഏൽപിക്കാനാകില്ലെന്നും അതിനാലാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുന്നതെന്നും കോടതി വ്യക്തമാക്കി. കർഷകന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുമ്പിലെത്തിയ പരാതികൾ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.