ന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. എക്സിലെ കുറിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. സുധാ മൂർത്തി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ ആഹ്ലാദമുണ്ട്. സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിവിധ മേഖലകളിലെ മികച്ച പ്രവർത്തനം പ്രചോദനം നൽകുന്നതാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇൻഫോസിസ് കമ്പനി സഹസ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്സണുമാണ് സുധ. 2006-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 2023-ൽ പത്മഭൂഷണും ലഭിച്ചു. കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ സുധാ മൂർത്തി എഴുതാറുണ്ട്. ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ്മദർ ടു റീഡ്, മഹാശ്വേത, ഡോളർ ബഹു തുടങ്ങിയവയാണ് അവരുടെ പ്രധാന രചനകൾ. സുധാ മൂർത്തിയുടെ രചനകൾ മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. സാഹിത്യരംഗത്തെ സംഭാവനയ്ക്ക് ആർ.കെ.നാരായണൻ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

നിരവധി അനാഥാലയങ്ങൾ സുധ സ്ഥാപിക്കുകയും ഗ്രാമീണ മേഖലയുടെ വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത, രോഹൻ മൂർത്തി എന്നിവരാണ് മക്കൾ.