- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് പച്ചൗരി ബിജെപിയിൽ
ഭോപാൽ: മുൻ കേന്ദ്ര മന്ത്രിയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായിരുന്ന സുരേഷ് പച്ചൗരി ബിജെപിയിൽ ചേർന്നു. മധ്യപ്രദേശിലെ ബിജെപി ഓഫിസിൽവച്ച് ശനിയാഴ്ചയാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് പച്ചൗരി. നാലുതവണ രാജ്യസഭാംഗവുമായിരുന്നു.
ശനിയാഴ്ച രാവിലെ മുൻ എംഎൽഎയായ സഞ്ജയ് ശുക്ലക്കൊപ്പം ഭോപാലിലെ ബിജെപി. ഓഫീസിലെത്തിയാണ് പാർട്ടിയിൽ അംഗത്വമെടുത്തത്. മുഖ്യമന്ത്രി മോഹൻയാദവ്, മുന്മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ, ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ എന്നിവർചേർന്ന് ഇരുവരേയും പാർട്ടിയിലേക്ക് സ്വീകരിച്ചു.
ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പച്ചൗരി, പി.വി. നരസിംഹറാവു, മന്മോഹൻ സിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു. പ്രതിരോധ സഹമന്ത്രി, പേഴ്സണൽകാര്യ സഹമന്ത്രി, പാർലമെന്ററി കാര്യസഹമന്ത്രി സ്ഥാനങ്ങളായിരുന്നു പച്ചൗരി വഹിച്ചിരുന്നത്. നാലുതവണ രാജ്യസഭാ എംപിയായിരുന്നു. 2008 മുതൽ മൂന്ന് വർഷം മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായിരുന്നു.
"മധ്യപ്രദേശ് കോൺഗ്രസിലെ വലിയ നേതാവാണ് സുരേഷ് പച്ചൗരി. അദ്ദേഹത്തെപ്പോലെ മുതിർന്ന നേതാവിനുള്ള ഇടം ഇപ്പോൾ കോൺഗ്രസിലില്ല. അതിനാൽ അദ്ദേഹം ബിജെപിയിൽ ചേർന്ന് മോദിക്കു കീഴിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു." ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശർമ പറഞ്ഞു. കോൺഗ്രസ് നേതാവ് സജ്ഞയ് ശുക്ലയും ഇന്നു ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചനയുണ്ട്.
"രാഹുൽ ഗാന്ധി ന്യായ് യാത്രയിലാണ്. ആർക്കെങ്കിലും രാജ്യത്തോട് നീതി പുലർത്താൻ സാധിക്കുമെങ്കിൽ അത് നരേന്ദ്ര മോദിക്ക് മാത്രമാണെന്ന് നേതാക്കളും പ്രവർത്തകരും തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ഒരുപാടു പേർ ബിജെപിയിൽ ചേരുന്നത്." മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ്വർഗിയ പറഞ്ഞു.
ദിശാ ബോധമില്ലാത്ത കോൺഗ്രസിലെ നേതൃത്വത്തിൽ മികച്ച നേതാക്കൾ എല്ലാവരും അസ്വസ്ഥരാണെന്ന് ശിവരാജ് സിങ് ചൗഹാൻ പ്രതികരിച്ചു. കോൺഗ്രസ് നാശത്തിന്റെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ബിജെപി. അധ്യക്ഷൻ വി.ഡി. ശർമയും പച്ചൗരിയുടെ പാർട്ടി പ്രവേശത്തെ സ്വാഗതം ചെയ്തു.