- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി: വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അരുൺ ഗോയൽ രാജിക്കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ രാജീവ് കുമാറുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണു നടപടിയെന്നാണ് അടുത്തുവൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ കേന്ദ്രസർക്കാരിന്റെ സമ്മർദ്ദത്താലാണ് രാജിയെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.
അരുൺ ഗോയലിന്റെ രാജിയിൽ ചോദ്യങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപി ടിക്കറ്റിൽ ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണോ രാജിവെച്ചതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. രാജി മോദി സർക്കാരുമായുള്ള ഭിന്നതയാണോ അതോ കമ്മീഷനിലെ പ്രശ്‌നങ്ങളാണോയെന്നും ജയറാം രമേശ് ചോദിച്ചു. ഇനി ഇതൊന്നുമല്ലെങ്കിൽ വ്യക്തിപരമായ കാരണമാണോയെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ മറുപടി നൽകണമെന്നും ജയറാം രമേശ് വ്യക്തമാക്കി.
"തിരഞ്ഞെടുപ്പ് കമ്മിഷനോ അതോ തിരഞ്ഞെടുപ്പ് ഒമിഷനോ (ഉപേക്ഷിക്കുന്നതോ)? കുറച്ച് ദിവസങ്ങൾക്കുള്ളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയിൽ ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമേയുള്ളൂ. എന്തുകൊണ്ട്? ഞാൻ നേരത്തെ പറഞ്ഞതുപോലെ, നമ്മുടെ സ്വതന്ത്ര സ്ഥാപനങ്ങളുടെ ആസൂത്രിതമായ നാശം തടഞ്ഞില്ലെങ്കിൽ നമ്മുടെ ജനാധിപത്യം സ്വേച്ഛാധിപത്യം കവർന്നെടുക്കും" കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എക്‌സിൽ കുറിച്ചു. രാജ്യത്തു തകരുന്ന അവസാന ഭരണഘടനാ സ്ഥാപനങ്ങളിലൊന്നാണു തിരഞ്ഞെടുപ്പ് കമ്മിഷനെന്നും ഖർഗെ പറഞ്ഞു.
"തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ നടപടിക്രമം ഇപ്പോൾ ഭരണകക്ഷിക്കും പ്രധാനമന്ത്രിക്കും എല്ലാ അധികാരങ്ങളും നൽകിയിരിക്കെ, അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ച് 23 ദിവസം കഴിഞ്ഞിട്ടും പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കാത്തത് എന്തുകൊണ്ടാണ്? മോദി സർക്കാർ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ന്യായമായ വിശദീകരണവുമായി വരൂ" കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.
Election Commission or Election OMISSION?
— Mallikarjun Kharge (@kharge) March 9, 2024
India now has only ONE Election Commissioner, even as Lok Sabha elections are to be announced in few days. Why?
As I have said earlier, if we do NOT stop the systematic decimation of our independent institutions, our DEMOCRACY shall…
തിരഞ്ഞെടുപ്പ് കമ്മിഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലെ സുതാര്യതയില്ലായ്മയെ കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലും വിമർശിച്ചു. "ഇതു തികച്ചും ഞെട്ടിപ്പിക്കുന്നതാണ്; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവച്ചു. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമേയുള്ളൂ. തിരഞ്ഞെടുപ്പ് കമ്മിഷനിൽ എന്താണ് സംഭവിക്കുന്നത്? രാജ്യം മുഴുവൻ ആകാംക്ഷയിലാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നില്ല" വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയിൽ കേന്ദ്ര സർക്കാരിനെ പരിസഹിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും രംഗത്തെത്തി. അനുസരണക്കാരായ ആളുകളെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിയമിക്കാനുള്ള വഴിയൊരുങ്ങിയെന്നായിരുന്നു കപിൽ സിബലിന്റെ പരിഹാസം. രാജ്യത്തിന്റെ അടിത്തറയായ സ്ഥാപനങ്ങളിലെല്ലാം ഇത് തന്നെയാണ് സ്ഥിതിയെന്നും കപിൽ സിബൽ ആരോപിച്ചു.എന്ത് സന്ദേശമാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യം നൽകുന്നതെന്ന് ടിഎംസി എംപി സാഗരിക ഘോഷ് ചോദിച്ചു. ബംഗാളിലെ ജനങ്ങളുടെ വോട്ട് കവരാൻ ബിജെപിയെ അനുവദിക്കില്ലെന്നും സാഗരിക ഘോഷ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി കേന്ദ്രസർക്കാർ സമ്മർദ്ദമൂലമെന്ന് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ ആരോപിച്ചു. രാജിവെപ്പിച്ചത് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ സർക്കാരിന് നിയമിക്കാനാണെന്നും സാകേത് ഗോഖലെ ആരോപിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജിവെച്ചത്. 2027 വരെ കാലാവധിയുണ്ടായിരിക്കെയാണ് അരുൺ ഗോയൽ രാജിവെക്കുന്നത്. രാജിയുടെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയോടെയാണ് അരുൺ ഗോയലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ച് വിജ്ഞാപനം പുറത്തിറക്കിയത്.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര, റെയിൽവേ മന്ത്രാലയങ്ങളുമായി രാജീവ് കുമാറും അരുൺ ഗോയലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം നാളെ നടത്താൻ നിശ്ചയിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 12നു പൊഖ്‌റാനിൽ സൈനിക ശക്തിപ്രകടനം കാണാൻ പോകും. അന്നേ ദിവസം കമ്മിഷൻ കശ്മീർ സന്ദർശിക്കാനും ആലോചിച്ചിരുന്നു. അതിനടുത്ത ദിവസംതന്നെ തിരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. അതിനിടെയാണ് ഗോയലിന്റെ രാജി. 1985 ബാച്ച് പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗോയൽ 2022 നവംബർ 21നാണ് തിരഞ്ഞെടുപ്പു കമ്മിഷണറായി ചുമതലയേറ്റത്.
മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിച്ച ശേഷം ആരെയും നിയമിച്ചിരുന്നില്ല. രണ്ടംഗങ്ങൾ മാത്രം തുടരുമ്പാഴാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് അരുൺ ഗോയലും രാജിവെക്കുന്നത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് ശേഷിക്കുന്നത്. രാജിയുടെ കാരണം ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര സർക്കരോ വ്യക്തമാക്കിയിട്ടില്ല.