ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഇന്ത്യ മുന്നണി വിട്ട് ഒറ്റയ്ക്കു മത്സരിക്കുമെന്നു വ്യക്തമാക്കി ആകെയുള്ള 42 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതൃത്വം. ബംഗാളിൽ തൃണമൂലുമായി സീറ്റ് പങ്കിടുന്നതിൽ കരാർ ഉണ്ടാക്കാനുള്ള ആഗ്രഹം നിരവധിതവണ വ്യക്തമാക്കിയിരുന്നതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. എന്നാൽ മമത മുന്നണി മര്യാതകൾ മറന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുകയായിരുന്നുവെന്നാണ് വിമർശനം.

"ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സീറ്റ് പങ്കിടുന്നതിൽ കരാർ ഉണ്ടാക്കാനുള്ള ആഗ്രഹം നിരവധിതവണ വ്യക്തമാക്കിയിരുന്നു. അത്തരമൊരു കരാറിന് ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ല, ചർച്ചകളിലൂടെയാണ് അന്തിമരൂപം നൽകേണ്ടതെന്നാണ് കോൺഗ്രസ് കരുതുന്നത്. ബിജെപിക്ക് എതിരെ ഒന്നിച്ചു പോരാടൻ ഇന്ത്യാ സഖ്യം വേണമെന്നായിരുന്നു കോൺഗ്രസിന്റെ ആഗ്രഹം.' ജയറാം രമേശ് കുറിച്ചു.

കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയും മമതയ്ക്ക് എതിരെ രൂക്ഷവിമർശനം ഉയർത്തി. "മമതയെ പോലൊരു നേതാവിനെ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും വിശ്വസിക്കരുതെന്ന് തെളിയിച്ചിരിക്കുകയാണ്. താൻ ഇന്ത്യ സഖ്യത്തിൽ തുടർന്നാൽ പ്രധാനമന്ത്രി അസന്തുഷ്ടനാകുമോ എന്ന ഭയമാണ് മമതയ്ക്ക്. ഇന്ത്യ സഖ്യം വിട്ടതോടെ താൻ ബിജെപിക്ക് എതിരെ പോരാടുന്നില്ലെന്നും അസന്തുഷ്ടി വേണ്ടെന്നും മമത പ്രധാനമന്ത്രിക്കു വ്യക്തമായ സന്ദേശം നൽകി". അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്കായി വാതിലുകൾ ഇപ്പോഴും തുറന്നുകിടക്കുന്നെന്നു കോൺഗ്രസ് പറഞ്ഞു ദിവസങ്ങൾക്കു പിന്നാലെയാണ് ഇന്ത്യാ സഖ്യത്തിനൊപ്പമില്ലെന്നു വ്യക്തമാക്കി തൃണമൂൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാറാലിയിൽ 42 സ്ഥാനാർത്ഥികളുടെ പട്ടിക തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത പ്രഖ്യാപിക്കുകയായിരുന്നു.

തൃണമൂൽ കോൺഗ്രസിന്റെ പ്രധാന നേതാക്കളായ മഹുവ മൊയ്ത്ര, അഭിഷേക് ബാനർജി, ശത്രുഘ്നൻ സിൻഹ എന്നിവർക്ക് പുറമേ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനും പട്ടികയിൽ ഇടംപിടിച്ചു. നിലവിൽ കോൺഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവും സംസ്ഥാന അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരി പ്രതിനിധീകരിക്കുന്ന ബെർഹംപുരിലാണ് യൂസഫ് പഠാൻ മത്സരിക്കുക. മഹുവ കൃഷ്ണനഗറിൽ വീണ്ടും ജനവിധി തേടും. ശത്രുഘ്നൻ സിൻഹ സിറ്റിങ് സീറ്റായ അസൻസോളിൽതന്നെ മത്സരിക്കും.

മുൻ ക്രിക്കറ്റ് താരം കീർത്തി അസാദ് ബർദമാൻ ദുർഗാപുരിൽ മത്സരിക്കും. നിലവിൽ ബിജെപിയുടെ എസ്.എസ്. അലുവാലിയയാണ് ഇവിടുത്തെ എംപി. ജൽപായ്ഗുരിയിൽ നിർമൽ ചന്ദ്ര റോയ് മത്സരിക്കും. ഡാർജിലിങ്ങിൽ ഗോപാൽ ലാമയും ബരക്പുരിൽ പാർഥ ഭൗമിക്കും ഡുംഡുമിൽ സൗഗത റോയും ബസിർഹട്ടിൽ ഹാജി നൂറുൽ ഇസ്ലാമും മത്സരിക്കും. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ മത്സരിക്കും. ജാദവ്പുരിൽ സയോനി ഘോഷാണ് സ്ഥാനാർത്ഥി. ശ്രീരാംപുരിൽ കല്യാൺ ബാനർ ജനവിധി തേടും.

സന്ദേശ്ഖലി ഉൾപ്പെടുന്ന മണ്ഡലമാണ് ബസിർഹട്ട്. ഇവിടെ നുസ്റത്ത് ജഹാനെ മാറ്റിയാണ് ഹാജി നൂറുൽ ഇസ്ലാമിനെ മത്സരിപ്പിക്കുന്നത്. യുവനേതാവും വക്താവുമായ ദേബാൻശുഭട്ടാചാര്യ മത്സരിക്കുന്ന തംലൂകിൽ മുൻ ബി.സി.സിഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി മത്സരിച്ചേക്കുമെന്ന് അവസാനനിമിഷംവരെ അഭ്യൂഹമുണ്ടായിരുന്നു. അഭിഷേക് ബാനർജി സിറ്റിങ് സീറ്റിലാണ് മത്സരിക്കുന്നത്. തൃണമൂലിന്റെ യുവജന വിഭാഗം അധ്യക്ഷയാണ് സയോനി ഘോഷ്. ബംഗാളിന് പുറമേ അസമിലും തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്കുമത്സരിക്കുമെന്ന് മമത ബാനർജി അറിയിച്ചു. ഉത്തർപ്രദേശിൽ എസ്‌പിയുമായി ചർച്ചകൾ തുടരുകയാണ്.