ചണ്ഡീഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ ദുഷ്യന്ത ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിക്ക് (ജെജെപി) സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സഖ്യം തകർന്നതോടെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു. ഗവർണർ ബന്ദാരു ദത്താത്രേയയെ കണ്ട് ഖട്ടർ രാജിക്കത്ത് നൽകി. സഖ്യകക്ഷികളായ ബിജെപിയും ജനനായക് ജനതാ പാർട്ടിയും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് രാജിവച്ചത്. പുതിയ മുഖ്യമന്ത്രി ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണു റിപ്പോർട്ട്. രണ്ട് ലോക്‌സഭാ സീറ്റ് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബിജെപി. തള്ളിയതോടെയാണ് പോര് മൂർച്ഛിച്ചത്.

നയാബ് സയ്നിയോ സഞ്ജയ് ഭാട്ടിയയോ പുതിയ മുഖ്യമന്ത്രിയാകുമെന്നാണു സൂചന. കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നുള്ള എംപി. നായബ് സിങ് സൈനിയെയാണ് പ്രധാനമായും ബിജെപി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കേന്ദ്രമന്ത്രി അർജുൻ മുണ്ടെ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുങ് എന്നിവർ നിരീക്ഷകരായി ഹരിയാനയിലെത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണ മണ്ഡലത്തിൽ ഖട്ടർ മത്സരിക്കുമെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു.

ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖട്ടറിന്റെ രാജി. സംസ്ഥാനത്ത് ജെജെപി-ബിജെപി സഖ്യം തകർന്നതോടെയാണ് നേതൃമാറ്റം. സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ ബിജെപി സർക്കാർ വരുമെന്നാണ് സൂചന. അഞ്ച് ജെജെപി എംഎൽഎമാർ ബിജെപിയോടൊപ്പമാണെന്നും റിപ്പോർട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് തന്നെ തന്നെയുണ്ടായേക്കും.

ഹരിയാനയിൽ ബിജെപിയും സഖ്യകക്ഷിയായ ദുഷ്യന്ത ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയും (ജെജെപി) തമ്മിൽ വലിയ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് ഖട്ടറിന്റെ രാജി. ഖട്ടർ രാവിലെ ബിജെപി എംഎൽഎമാരുടെയും സർക്കാരിനെ പിന്തുണയ്ക്കു സ്വതന്ത്ര എംഎൽഎമാരുടെയും യോഗം വിളിച്ചിരുന്നു. സ്വതന്ത്രന്മാരുടെ പിന്തുണയോടെ പുതിയ സർക്കാർ രൂപീകരിക്കാനാണ് നീക്കം.

അതേസമയം ദുഷ്യന്ത് പട്ടേലും എംഎൽഎമാരുടെ യോഗം വിളിച്ചു ചേർത്തു. ലോക്സഭയിലേക്കു സീറ്റ് ചർച്ചകളാണ് ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളും ബിജെപി സ്വന്തമാക്കി. ഇക്കുറി ഒരു സീറ്റു പോലും ജെജെപിക്കു നൽകാൻ സംസ്ഥാന നേതൃത്വം തയാറല്ല. രണ്ട് സീറ്റ് വേണമെന്നാണ് ജെജെപിയുടെ ആവശ്യം.

2019 ഒക്ടോബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 90 സീറ്റിൽ 41 സീറ്റാണ് ബിജെപി നേടിയത്. തുടർന്ന് ജെജെപിയുടെ 10 എംഎൽഎമാരുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു. ഏഴു സ്വതന്ത്ര എംഎൽഎമാരിൽ ആറു പേരുടെ പിന്തുണയും സർക്കാരിനുണ്ടായിരുന്നു.

അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജ്ഭവനിലെത്തി ഗവർണർ ബന്ദാരു ദത്താത്രേയ്ക്ക് രാജിക്കത്ത് കൈമാറിയത്. ദുഷ്യന്ത് ചൗട്ടാലയുമായുള്ള ബന്ധം മുറിഞ്ഞതോടെ ജെ.ജെ.പിയെ പിളർത്തി അഞ്ച് എംഎൽഎമാർ ബിജെപിക്കൊപ്പം ചേരുമെന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് ബിജെപിയുടെ തീരുമാനം. സംസ്ഥാനത്തെ പത്ത് സീറ്റിലും ബിജെപി. ഒറ്റയ്ക്ക് മത്സരിക്കും. ഹിസാർ, ഭിവാനി-മഹേന്ദ്രഗഡ് ലോക്സഭാ മണ്ഡലങ്ങൾ തങ്ങൾക്ക് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബിജെപി. തള്ളിയതാണ് സഖ്യത്തിന്റെ തകർച്ചയിലേക്ക് നയിച്ചത്.

90 സീറ്റുകളുള്ള ഹരിയാണ നിയമസഭയിൽ 41 സീറ്റുകളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സ്വതന്ത്രന്മാരുടേയും ഹരിയാണ ലോക്ഹിത് പാർട്ടിയുടെ (എച്ച്.എൽ.പി) ഒരു എംഎ‍ൽഎയുടേയും പിന്തുണയുള്ളതിനാൽ ബിജെപി സർക്കാരിന് ഭീഷണിയില്ല. സഭയിൽ പത്ത് സീറ്റുകളാണ് ജെ.ജെ.പിക്കുള്ളത്. കർഷക സമരവും ജെ.ജെ.പിയെ സഖ്യം വിടാൻ പ്രേരിപ്പിച്ചതായാണ് റിപ്പോർട്ട്.