ചണ്ഡീഗഡ്: ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എംപിയുമായ നായബ് സിങ് സെയ്നി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കും. ഇന്നു വൈകിട്ട് 5ന് മുഖ്യമന്ത്രിയായി സെയ്നി സത്യപ്രതിജ്ഞ ചെയ്യും. ബിജെപി ജെജെപി സഖ്യം പിളർന്നതോടെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചതിനു പിന്നാലെയാണ് പുതിയ സർക്കാർ അധികാരമേൽക്കുന്നത്. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുന്നത്. അഞ്ച് ജെജെപി എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് സൂചന.

മനോഹർ ലാൽ ഖട്ടാറിന്റെ അടുപ്പക്കാരൻ തന്നെയാണ് നായബ് സൈനിയും എന്നത് ശ്രദ്ധേയമാണ്. പിന്നോക്ക വിഭാഗത്തിൽ നിന്നുയർന്നുവന്ന നേതാവാണ് നായബ് സൈനി. ഹരിയാനയിൽ ആകെ 8 ശതമാനം മാത്രമുള്ള 'സൈനി' വിഭാഗക്കാരൻ. 2014ൽ നാരായൺഗഡിൽ നിന്ന് എംഎൽഎ ആയ നായബ് സൈനി, 2016ൽ ഹരിയാനയിൽ മന്ത്രിയായി. 2019 ൽ കുരുക്ഷേത്രയിൽ നിന്ന് എംപിയായി.

90 അംഗ ഹരിയാന നിയമസഭയിൽ 46 എംഎൽഎമാരാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 41 എംഎൽഎമാരുള്ള ബിജെപി, പത്ത് എംഎൽഎമാരുള്ള ജെജെപിയുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്. ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു. ജെജെപി സഖ്യത്തിൽനിന്നു പിന്മാറിയതോടെ സർക്കാർ വീഴുമെന്ന് ഉറപ്പായതോടെയാണ് ഖട്ടർ രാജിസമർപ്പിച്ചത്. ഏഴു സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കിയെന്നാണ് സൂചന.

ജെജെപിയിലെ പത്ത് എംഎൽഎമാരിൽ അഞ്ച് പേർ ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുണ്ട്. ജോഗി റാം സിഹാഗ്, രാം കുമാർ ഗൗതം, ഈശ്വർ സിങ്, രാംനിവാസ്, ദേവീന്ദർ ബബ്ലി എന്നിവരാണ് ജെജെപിയിൽനിന്ന് ബിജെപിയിലേക്ക് ചേരുമെന്ന് അറിയുന്നത്.

മനോഹർ ലാൽ ഖട്ടർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം. കർണാൽ മണ്ഡലത്തിൽനിന്ന് ഖട്ടർ ജനവിധി തേടും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കത്തിനു പിന്നാലെയാണ് ബിജെപി-ജെജെപി സഖ്യം പിളർന്നത്.

2019ലെ ഹരിയാനയിലെ പത്തും ലോക്‌സഭാ സീറ്റിലും ബിജെപിയാണ് വിജയിച്ചത്. എന്നാൽ ഇത്തവണ ജെജെപി രണ്ടു സീറ്റ് ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. രാജ്യത്താകെ 370 സീറ്റ് ലക്ഷ്യമിടുന്ന ബിജെപി, സിറ്റിങ് സീറ്റുകൾ വിട്ടുതരില്ലെന്ന് വ്യക്തമാക്കി. അതോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെജെപി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഏഴു മണ്ഡലങ്ങളിൽ മത്സരിച്ച ജെജെപി, 4.9 ശതമാനം വോട്ട് വിഹിതമാണ് നേടിയത്.

ഹരിയാനയിൽ കർഷകസമരം, ഗുസ്തി താരങ്ങളുടെ സമരം എന്നിവ വലിയ രീതിയിൽ രാഷ്ട്രീയസമ്മർദ്ദമുണ്ടാക്കിയെന്നും ഇതിന്റെ ഫലമായാണ് ജെജെപി-ബിജെപി സഖ്യത്തിന്റെ വേർപിരിയലെന്നും കോൺഗ്രസ് ആരോപിക്കുന്നു. ബിജെപിയെ മടുത്ത ജനം തീരുമാനമെടുത്ത് കഴിഞ്ഞുവെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. അതേസമയം മനോഹർ ലാൽ ഖട്ടാർ കർണാലിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനയും വരുന്നുണ്ട്.