ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ തൃണമൂൽ കോൺഗ്രസ് എംപിമാർ ബിജെപിയിൽ. എംപിമാരായ അർജുൻ സിംഗും ദിബ്യേന്ദു അധികാരിയുമാണ് ബിജെപിയിൽ അംഗത്വമെടുത്തത്. പുർബ മേദിനിപൂർ ജില്ലയിലെ തംലുക്ക് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദിബ്യേന്ദു അധികാരി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഇളയ സഹോദരനാണ്. ബരാക്പൂർ എംപിയും അടുത്തിടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നയാളുമാണ് അർജുൻ സിങ്.

അർജുൻ സിങ്ങിനെ മാറ്റി ബാരക്പുരിൽ നിലവിലെ മന്ത്രി പാർഥ ഭൗമിക്കിനെ മത്സരിപ്പിക്കാനാണ് തൃണമൂൽ തീരുമാനിച്ചത്. ദിവേന്ദുവിന് പകരം ദേബാൻശു ഭട്ടാചാര്യ തംലൂകിൽ മത്സരിക്കും. നിലവിലെ പഞ്ചിമബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ സഹോദരനാണ് ദിവേന്ദു അധികാരി.

2019-ൽ തൃണമൂൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് അർജുൻ സിങ് ബിജെപിയിൽ ചേർന്നിരുന്നു. ബരക്ക്പുരിൽ ബിജെപി. ടിക്കറ്റിൽ വിജയിച്ച ശേഷം തൃണമൂലിൽ തിരിച്ചെത്തി. വീണ്ടും തൃണമൂൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ബിജെപിയിൽ ചേർന്നത്. തൃണമൂലിൽ തിരിച്ചെത്തിയെങ്കിലും എംപി. സ്ഥാനം രാജിവെക്കാത്തതിനെത്തുടർന്ന് ഔദ്യോഗികമായി ബിജെപി. എംപിയെന്നായിരുന്നു അർജുൻ സിങ്ങിനെ രേഖപ്പെടുത്തിയിരുന്നത്. അർജുൻ സിങ്ങിനെ പാർട്ടി യോഗങ്ങളിൽ പങ്കെടുപ്പിക്കുന്നതിനെതിരേ നിരവധി തൃണമൂൽ നേതാക്കൾ രംഗത്തെത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇരുവരുടെയും മാറ്റം. നരേന്ദ്ര മോദി സർക്കാർ രാജ്യത്തുടനീളം നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ ആക്രഷ്ടരായി നിരവധിപ്പേരാണ് ബിജെപിയിലേക്ക് എത്തുന്നത്. അടുത്തിടെയാണ് ടിഎംസിയുടെ മുതിർന്ന നേതാവും എംപിയുമായ തപസ് റോയി ടിഎംസി ബന്ധം ഉപേക്ഷിച്ച് ബിജെപിയിലെത്തിയതിന് പിന്നാലെ നിരവധിപ്പേരാണ് തൃണമൂലിൽ നിന്ന് രാജിവച്ചത്.