മുംബൈ: ലോകത്തിലെ ഏറ്റവും വലിയ കവർച്ചാ റാക്കറ്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച ഇലക്ടറൽ ബോണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ താനെയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഫോഴ്സ്മെന്റ് ഡയറകടറേറ്റ്, സിബിഐ, ആദായനികുതിവകുപ്പ് എന്നീ ഏജൻസികളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തി ബിജെപി. കമ്പനികളിൽനിന്ന് പണം കൈക്കലാക്കുകയാണെന്നും അദ്ദേഹം റാലിയിൽ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ അഴിമതിയാണ് ബോണ്ടുകളെന്ന് രാഹുൽ പിന്നീട് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബിജെപി. സർക്കാർ ഒരുദിവസം അധികാരത്തിൽനിന്ന് താഴെയിറങ്ങുമെന്ന് തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ടവർ ആലോചിക്കണം. അന്ന് ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടി സ്വീകരിക്കും. ഇത് തന്റെ ഗ്യാരന്റിയാണെന്നും രാഹുൽ പറഞ്ഞു.

സിബിഐ, ആദായനികുതി വകുപ്പ്, എക്സ്റ്റോർഷൻ (പിടിച്ചുപറി) ഡയറക്ടറേറ്റ് (ഇ.ഡി.) എന്നിവയെ നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരാണ്. ഇത് കുറ്റകരമായ പിടിച്ചുപറിയാണ്. കോർപ്പറേറ്റുകൾ ഭീതിയിലും സമ്മർദത്തിലുമാണ്. തിരഞ്ഞെടുപ്പ് ബോണ്ടുകളെക്കാൾ വലിയ അഴിമതിയില്ല. പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപിക്ക് പണം ലഭിക്കുന്നത് തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴിയാണ്. ഇ.ഡിയും സിബിഐയും ആദായനികുതി വകുപ്പും ബിജെപിയുടേയും ആർ.എസ്.എസിന്റേയും നിയന്ത്രണത്തിലാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

വലിയ കരാറുകൾ നേടുന്നവരിൽനിന്ന് പണം കവരാനും കോർപ്പറേറ്റുകളെ ഭയപ്പെടുത്തി സംഭാവന നേടാനുമുള്ള മാർഗമാണ് ബോണ്ടുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, സംസ്ഥാനങ്ങളിൽ ഭരണമുള്ള കോൺഗ്രസ് സർക്കാരുകൾ നൽകിയ കരാറുകൾക്ക് തിരഞ്ഞെടുപ്പ് ബോണ്ടുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച പണമെല്ലാം രാഷ്ട്രീയ പാർട്ടികളെ പിളർത്താനും പ്രതിപക്ഷ സർക്കാറുകളെ പുറത്താക്കാനുമാണ് ഉപയോഗിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) കൈമാറിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ വിമർശനം.

'ലോകത്തിലെ ഏറ്റവും വലിയ കവർച്ച റാക്കറ്റായിരുന്ന ഇലക്ടറൽ ബോണ്ടുകൾ...രാഷ്ട്രീയ പാർട്ടികളെ പിളർത്താനും പ്രതിപക്ഷ സർക്കാറുകളെ തഴെയിറക്കാനുമാണ് ഇതുവഴി ലഭിച്ച പണം ഉപയോഗിച്ചത്' -രാഹുൽ പറഞ്ഞു. സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാറുകൾ നൽകിയ കരാറുകളും ഇലക്ടറൽ ബോണ്ടുകളും തമ്മിൽ ബന്ധമില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ, ആദായനികുതി വകുപ്പ്, സിബിഐ തുടങ്ങിയ ഏജൻസികളെല്ലാം ബിജെപിയുടെയും ആർ.എസ്.എസിന്റെയും ആയുധങ്ങളാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ പാർട്ടികളൊന്നും പ്രതിരോധ കരാറുകളോ മറ്റോ നൽകുന്നില്ല. പ്രതിപക്ഷ പാർട്ടികളൊന്നും പെഗസ്സസ് ഉപയോഗിച്ചിട്ടില്ല, സിബിഐയെയോ ഇഡിയെയോ നിയന്ത്രിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.