- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദാനന്ദഗൗഡ ബിജെപി വിട്ടേക്കും; സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ്
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സദാനന്ദ ഗൗഡ പാർട്ടി വിട്ടേക്കുമെന്ന് അഭ്യുഹം. ബെംഗളൂരു നോർത്തിൽ നിന്നുള്ള സിറ്റിങ് എംപിയായ സദാനന്ദ ഗൗഡ ഒന്നാം മോദി സർക്കാരിൽ മന്ത്രി കൂടിയായിരുന്നു. ബെംഗളൂരു നോർത്തിൽ ഇത്തവണ സദാനന്ദ ഗൗഡയ്ക്ക് സീറ്റ് നിഷേധിക്കുകയും ബിജെപി കേന്ദ്രമന്ത്രി ശോഭാ കരന്ദ്ലജയെ സ്ഥാനാർത്ഥിയാക്കുകയും ചെയ്തതോടെയാണ് സദാനന്ദ ഗൗഡ പാർട്ടി വിടാനൊരുങ്ങുന്നത്.
കർണാടക ഉപമുഖ്യന്ത്രിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ അടക്കമുള്ള നേതാക്കൾ ഗൗഡയുമായി ചർച്ച നടത്തിയിട്ടുണ്ട്. മൈസൂരു സീറ്റ് നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. വൊക്കലിഗ സമുദായത്തിൽ നിന്നുള്ള പ്രബല നോതാവ് കൂടിയാണ് സദാനന്ദ ഗൗഡ. കർണാടകയിലെ മറ്റൊരു മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. പിന്നീട് അദ്ദേഹം ബിജെപിയിലേക്ക് തന്നെ തിരിച്ചുപോയി. ജനുവരിയിൽ ബിജെപിയിൽ തിരിച്ചെത്തിയ ഷെട്ടർ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെലഗാവിയിൽനിന്നു മത്സരിക്കുമെന്നാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായി കർണാടകയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിമത നീക്കങ്ങൾ ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബി.എസ്. യെദ്യൂരപ്പ സ്ഥാനാർത്ഥികളായി ഇഷ്ടക്കാരെ തെരഞ്ഞെടുക്കുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ശിവമോഗയിൽ ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയ്‌ക്കെതിരെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങിയ മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പയെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടന്നുവരികയാണ്. ഇതിനിടയിലാണ് സദാനന്ദ ഗൗഡ പാർട്ടി വിട്ടേക്കുമെന്ന റിപ്പോർട്ടുകൾ. ഈശ്വരപ്പയുടെ മകൻ കെ.ഇ. കാന്തേഷിന് എം.എൽ.സി. സ്ഥാനമുൾപ്പെടെ വാഗ്ദാനം ചെയ്തിട്ടുണ്ട് ബിജെപി. പാർട്ടിയെ ശുദ്ധീകരിക്കാനാണ് ശ്രമമെന്ന് ഈശ്വരപ്പ പറഞ്ഞു. മകൻ കാന്തേഷിന് ഹാവേരി സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഈശ്വരപ്പ കലാപക്കൊടിയുയർത്തിയത്.
ബെംഗളൂരു നോർത്തിൽ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലാജെയുടെ പേരാണ് സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. രണ്ട് ദിവസം മുൻപ് ശോഭ, സദാനന്ദ ഗൗഡയെ സന്ദർശിക്കാനെത്തിയിരുന്നു. വൊക്കലിഗ സമുദായംഗമായ ഗൗഡ, ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ തുടക്കകാലത്ത് റെയിൽവേ മന്ത്രിയായിരുന്നു. പിന്നീട് റെയിൽവേ മന്ത്രാലയത്തിൽനിന്നു മാറ്റിയതിലുൾപ്പെടെ ഗൗഡയ്ക്ക് എതിർപ്പുണ്ടായിരുന്നു. പാർട്ടിയുടെ നടപടികളെ വിമർശിച്ച് അടുത്തിടെ അദ്ദേഹം പരസ്യമായ രംഗത്തെത്തിയിരുന്നു.
2014 മുതൽ ബാംഗ്ലൂർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു ദക്ഷിണ കന്നടയിൽ നിന്നുള്ള മുതിർന്ന നേതാവ് സദാനന്ദ ഗൗഡ. മൈസൂരുവിൽ വൊക്കലിഗ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മൈസൂരിൽ നിന്ന് മുൻ രാജകുടുംബാംഗം യദുവീർ വൊഡെയാർക്കെതിരെ സദാനന്ദ ഗൗഡ കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയുടെ ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ഗൗഡ ഭാരതീയ ജനസംഘത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ്, ലോക്‌സഭാംഗം, കർണാടക മുഖ്യമന്ത്രി, നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ബിജെപി സംസ്ഥാന പ്രസിഡന്റ്, കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. ബംഗ്ലൂരു നോർത്തിൽ നിന്നുള്ള സിറ്റംഗ് എംപിയായിട്ടും സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസിലേക്ക് പോകുന്നതെന്നാണ് സൂചന. ഒന്നാം മോദി സർക്കാരിലെ റെയിൽവേ മന്ത്രിയായിരുന്ന ഗൗഡയെ പിന്നീട് റെയിൽവേ മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. പാർട്ടിയിൽ നേരിടുന്ന അവഗണനയിലും ബിജെപിയുടെ ചില നടപടികളിലും കടുത്ത വിമർശനമുന്നയിച്ച് കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം പരസ്യപ്രതികരണം നടത്തിയിരുന്നു.