ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി പാർട്ടി. ശനിയാഴ്ച ഡൽഹിയിൽ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഡൽഹി ശഹീദി പാർക്കിൽ നാളെ എഎപി നേതാക്കൾ പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കും. ഡൽഹിയിലെ എഎപി മന്ത്രിമാർ, എംഎൽഎമാർ, കൗൺസിലർമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

പ്രധാനമന്ത്രിക്കെതിരെയും പ്രതിഷേധിക്കാൻ ആം ആദ്മി പാർട്ടി തയ്യാറെടുക്കുകയാണ്. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഘരാവോ സമര മുറയാകും സ്വീകരിക്കുകയെന്ന് ആം ആദ്മി പാർട്ടി അറിയിച്ചിട്ടുണ്ട്. അതേസമയം മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചുവരികയാണ്. കസ്റ്റഡിയിൽ വേണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്. ചോദ്യം ചെയ്യലിന് സഹകരിച്ചില്ല, അതിനാൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡിയുടെ ആവശ്യം. മൂന്ന് മണിക്കൂറിലധികം നീണ്ട വാദമാണ് കെജ്രവാളിന്റെ ജാമ്യാപേക്ഷയിൽ കോടതിയിൽ നടന്നത്.

കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ തെരഞ്ഞെടുപ്പ് കമീഷനെ സന്ദർശിച്ച് ഇന്ത്യ മുന്നണി നേതാക്കൾ ആശങ്കയറിയിച്ചു. കോൺഗ്രസ് നേതാക്കളായ അഭിഷേക് സിങ്‌വി, കെ.സി വേണുഗോപാൽ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആപ് പ്രതിനിധി സന്ദീപ് പഥക്, പങ്കജ് ഗുപ്ത, എൻ.സി.പി പവാർ പക്ഷ നേതാവ് ജിതേന്ദ്ര അവ്ഹദ്, ഡി.എം.കെയിലെ പി. വിൽസൺ, സമാജ്‌വാദി പാർട്ടി പ്രതിനിധി ജാവേദ് അലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

തെരഞ്ഞെടുപ്പുകാല കീഴ് വഴക്കങ്ങൾ മാനിക്കാതെ അറസ്റ്റു ചെയ്തതടക്കം, പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖേന മോദിസർക്കാർ ഉന്നമിടുന്നതിനെതിരെ വിമർശനമുന്നയിച്ചാണ് കമീഷനെ സന്ദർശിച്ചത്. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തടയാൻ കമീഷൻ ഇടപെടണമെന്ന് സംഘം ആവശ്യപ്പെട്ടു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കെജ്‌രിവാളിന്റെ ഭാര്യ സുനിത രംഗത്തെത്തി. അഹങ്കാരിയായ പ്രധാനമന്ത്രിയാണ് അറസ്റ്റിന് പിന്നിലെന്ന് സുനിത എക്‌സിൽ കുറിച്ചു. 'അധികാരത്തിന്റെ അഹങ്കാരത്താൽ നിങ്ങൾ മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു. നിങ്ങൾ എല്ലാവരെയും തകർക്കാൻ ശ്രമിക്കുന്നു. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. അകത്തായാലും പുറത്തായാലും അദ്ദേഹം ജീവിതം രാജ്യത്തിനായി സമർപ്പിച്ചതാണ്. അദ്ദേഹം ജനനേതാവാണെന്ന് പൊതുജനത്തിന് അറിയാം. ജയ് ഹിന്ദ്" -സുനിത കുറിച്ചു.