- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മുഖ്യമന്ത്രിക്ക് വേണ്ടി രാജ്യസംരക്ഷണ പ്രതിജ്ഞ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ വിശദമായി ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മദ്യനയ രൂപീകരണത്തിലും കോഴ ഇടപാടിലും കെജ്രിവാളിന് നിർണായക പങ്കുണ്ടെന്ന് ഇഡി ആരോപിച്ചിരുന്നു. അതിനിടെ കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ല. ജയിലിൽ കിടന്ന് ഭരണം തുടരുമെന്നാണ് ആംആദ്മിയുടെ വിശദീകരണം. പാർട്ടി കൺവീനർ സ്ഥാനത്തും തുടരും. ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ തീരുമാനവും നിർണ്ണായകമാകും.
അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കാൻ കെജ്‌രിവാളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ ബിആർഎസ് നേതാവ് കവിതയേയും കെജ്രിവാളിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതും അന്വേഷണത്തിന് ഗുണകരമാണെന്ന നിലപാടാണ് ഇഡിയുടേത്. ഇത് കോടതിയും അംഗീകരിച്ചു. ഇതോടെ കെജ്രിവാളിനും ആംആദ്മിക്കും ക്ഷീണമായി. കെജ്രിവാളിന് വേണ്ടി അഭിഭാഷകർ ഉയർത്തിയ വാദങ്ങൾ വിചാരണ കോടതി തള്ളുകയായിരുന്നു.
കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കും. പരിപാടിയിൽ എഎപി മന്ത്രിമാരും എംഎൽഎമാരും കൗൺസിലർമാരും പങ്കെടുക്കും. അറസ്റ്റിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്പിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഘെരാവോ മോഡൽ സമരമുറയാകും സ്വീകരിക്കുകയെന്ന് എഎപി വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ നേരത്തെ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയുടെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. കവിതയെ വീണ്ടും റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. കവിതയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെടും. ജാമ്യം ആവശ്യപ്പെട്ട് കവിത വിചാരണക്കോടതിയിൽ അപേക്ഷ നൽകിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.
ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സിബിഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയുടെ നടപടി. അഴിമതിയുടെ 'മുഖ്യസൂത്രധാരനായ' കെജ്രിവാൾ കുറ്റകൃത്യത്തിൽ നേരിട്ടുപങ്കാളിയാണെന്ന് ഇ.ഡി.ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. സൗത്ത് ഗ്രൂപ്പിൽനിന്ന് കൈക്കൂലിവാങ്ങിയാണ് അവർക്കനുകൂലമായി മദ്യനയം മാറ്റിയത്. 100 കോടിയിലേറെയാണ് കൈക്കൂലി ലഭിച്ചത്. സൗത്ത് ഗ്രൂപ്പിന് അതുകൊണ്ട് 600 കോടിയുടെ നേട്ടവുമുണ്ടായി. വ്യാഴാഴ്ച രാത്രി വീട്ടിലെ പരിശോധനാവേളയിൽപ്പോലും ശരിയായി വിവരങ്ങൾ നൽകാത്ത കെജ്രിവാളിനെ പത്തുദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നും രാജു ആവശ്യപ്പെട്ടു.
എന്നാൽ, മാപ്പുസാക്ഷികളുടെ മൊഴിയല്ലാതെ യാതൊരു തെളിവുമില്ലാതെയാണ് അറസ്റ്റെന്ന് കെജ്രിവാളിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്വി ചൂണ്ടിക്കാട്ടി. സാക്ഷിയെ അറസ്റ്റുചെയ്ത് മാപ്പുസാക്ഷിയാക്കി മൊഴിയെടുക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും സിംഘ്വി പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷംതന്നെ അറസ്റ്റുചെയ്ത ഇ.ഡി. ആരെയാണ് യഥാർഥത്തിൽ പ്രതിനിധാനംചെയ്യുന്നതെന്ന് വ്യക്തമാക്കാൻ മുഖംമൂടി മാറ്റണമെന്ന് കെജ്രിവാളിനുവേണ്ടി മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും ആവശ്യപ്പെട്ടു.
അറസ്റ്റിൽനിന്ന് സംരക്ഷണംതേടിയുള്ള കെജ്രിവാളിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമാണ് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്. തുടർന്ന്, സുപ്രീംകോടതിയെ സമീപിച്ച കെജ്രിവാളിന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാനും നിശ്ചയിച്ചതാണ്. എന്നാൽ, ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വിഷയം പരിഗണിക്കാനിരിക്കേ കെജ്രിവാൾ ഹർജി പിൻവലിച്ചു.