- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാഷ്ട്രീയത്തിൽ മതം കലർത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്'
ചെന്നൈ: മദ്രാസ് സംഗീത അക്കാദമിയുടെ സംഗീതകലാനിധി പുരസ്കാരം ടി.എം.കൃഷ്ണയ്ക്കു നൽകിയതിനെ പിന്തുണച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. "രാഷ്ട്രീയത്തിൽ മതം കലർത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നതു തെറ്റ്. കൃഷ്ണയ്ക്കും അക്കാദമിക്കും അഭിനന്ദനം" മുഖ്യമന്ത്രി പറഞ്ഞു.
പുരസ്കാരം ടി.എം. കൃഷ്ണയ്ക്കു നൽകിയതിനെ എതിർത്ത് നിരവധി കർണാടക സംഗീതജ്ഞർ രംഗത്തുവന്നിരുന്നു. കർണാടക സംഗീതത്തിലെ പ്രഗൽഭരായ ത്യാഗരാജനെയും എം.എസ്.സുബ്ബലക്ഷ്മിയെയും അപമാനിക്കുന്ന നിലപാടുകൾ കൃഷ്ണ സ്വീകരിച്ചിരുന്നുവെന്നു പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധക്കാർക്കു ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെയാണു സ്റ്റാലിൻ തന്റെ നിലപാടു വ്യക്തമാക്കിയത്.
അനിഷേധ്യനായ കലാകാരനാണ് ടി എം കൃഷ്ണ. അദ്ദേഹത്തിന് ലഭിച്ച പുരസ്കാരത്തിന്റെ പേരിൽ രാഷ്ട്രീയ വിവാദം ആവശ്യമില്ല. രാഷ്ട്രീയത്തിൽ മതവിശ്വാസങ്ങളെ കലർത്തുന്നതുപോലെ സംഗീതത്തിൽ സങ്കുചിത രാഷ്ട്രീയം കലർത്തരുതെന്നും സ്റ്റാലിൻ പ്രതികരിച്ചു. മദ്രാസ് സംഗീത അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരമാണ് പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണയ്ക്ക് ലഭിച്ചത്.
ഇതിന് പിന്നാലെ അവാർഡ് നിർണയത്തിൽ പ്രതിഷേധവുമായി ഒരു വിഭാഗം കർണാടക സംഗീതജ്ഞർ രംഗത്തെത്തുകയായിരുന്നു. പെരിയാറെ പോലെയുള്ള വ്യക്തികളെ മഹത്വവൽക്കരിക്കുന്ന വ്യക്തിയാണ് ടി എം കൃഷ്ണ എന്നും കർണാടക സംഗീതത്തിനും സംഗീതജ്ഞർക്കും വലിയ പരിക്ക് ഇദ്ദേഹത്തിന്റെ നിലപാടുകൾ മൂലം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു വിമർശകരുടെ ആക്ഷേപം. രഞ്ജനി-ഗായത്രി സഹോദരിമാരാണ് എതിർപ്പുമായി ആദ്യം രംഗത്തെത്തിയത്. എന്നാൽ, കൃത്യമായ ആലോചനകളിലൂടെ സംഗീതരംഗത്തെ മികവ് മാത്രം കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നതെന്നാണ് ഇതിനോട് അക്കാദമി പ്രസിഡന്റ് എൻ മുരളി പ്രതികരിച്ചത്.
പ്രതിഷേധ സൂചകമായി ഡിസംബറിൽ നടക്കുന്ന സംഗീത അക്കാദമിയുടെ വാർഷിക സംഗീതോത്സവം ബഹിഷ്കരിക്കുമെന്നു രഞ്ജിനി-ഗായത്രി സഹോദരിമാർ പ്രഖ്യാപിച്ചിരുന്നു. ഇവർക്കു പിന്നാലെ തൃശൂർ സഹോദരരായ ശ്രീകൃഷ്ണ മോഹൻ - രാംകുമാർ മോഹൻ എന്നിവരും ഗായകൻ വിശാഖ ഹരിയും ഉൾപ്പെടെയുള്ളവർ കൃഷ്ണയ്ക്കെതിരെ രംഗത്തെത്തി. മ്യൂസിക് അക്കാദമി സംഗീതോത്സവം ബഹിഷ്കരിക്കുമെന്ന് ഇവർ അറിയിച്ചു. 2017ൽ മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ലഭിച്ച ചിത്രവീണ രവികിരൺ പ്രതിഷേധ സൂചകമായി പുരസ്കാരം തിരികെ നൽകുമെന്ന് എക്സിൽ അറിയിച്ചു.
ടിഎം കൃഷ്ണ വിമർശകരെ പിന്തുണച്ച് തമിഴ്നാട് ബിജെപി രംഗത്തെത്തിയതോടെയാണ് വിഷയം രാഷ്ട്രീയ വിവാദത്തിലേക്ക് തിരിഞ്ഞത്. കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയത് മ്യൂസിക് അക്കാദമിയുടെ പവിത്രത തകർക്കാനുള്ള ശ്രമമാണെന്നായിരുന്നു ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ പ്രതികരണം. കർണാടക സംഗീതത്തിൽ വെറുപ്പിനും വിഭജനത്തിനും ഇടംനൽകാൻ അനുവദിക്കില്ലെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചിരുന്നു.
ടി.എം. കൃഷ്ണയ്ക്കു പിന്തുണ നൽകിയും പലരും രംഗത്തെത്തി. ഒരു കലാകാരനെ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ വേർതിരിക്കാനാവില്ലെന്നു നേരത്തെ ചെന്നൈയിലെ മുക്കുവ ഗ്രാമത്തിൽ കച്ചേരി നടത്തിയ കൃഷ്ണയ്ക്കൊപ്പം പ്രവർത്തിച്ച സാമൂഹിക പ്രവർത്തകൻ നിത്യാനന്ദ് ജയരാമൻ പറഞ്ഞു. ഈ വിഷയത്തിൽ മ്യൂസിക് അക്കാദമി സ്വീകരിച്ച നിലപാടിനെയും അദ്ദേഹം സ്വാഗതം ചെയ്തു. ഗായിക ചിന്മയിയും കൃഷ്ണയെ പിന്തുണച്ച് രംഗത്തെത്തി.