- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബിജെപിക്കാരെ വെറുക്കരുത്, സഹോദരീ സഹോദരന്മാർ'; കെജ്രിവാളിന്റെ സന്ദേശം
ന്യൂഡൽഹി: മദ്യനയക്കേസിൽ ഇ.ഡി കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അയച്ച സന്ദേശം പാർട്ടി പ്രവർത്തകരുമായി പങ്കുവച്ച് ഭാര്യയും മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥയുമായ സുനിത കെജ്രിവാൾ. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നത് തുടരണമെന്നും അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കാരോട് വെറുപ്പ് പാടില്ലെന്നും കെജ്രിവാളിന്റെ സന്ദേശം വായിച്ചുകൊണ്ട് സുനിത പറഞ്ഞു.
"സമൂഹത്തിനു വേണ്ടി ജോലി ചെയ്യുന്നതു തുടരണം. ബിജെപിയിൽനിന്നുള്ള ആളുകളെ വെറുക്കരുത്. അവരെല്ലാവരും നമ്മുടെ സഹോദരീസഹോദരന്മാരാണ്. ഞാൻ താമസിയാതെ പുറത്തുവരും. എന്റെ വാഗ്ദാനങ്ങൾ നിറവേറ്റും. നമ്മുടെ രാജ്യത്തെ അകത്തുനിന്നും പുറത്തുനിന്നും ദുർബലപ്പെടുത്തുന്ന ഒരുപാട് ശക്തികളുണ്ട്. ലോകത്തെ ഏറ്റവും കരുത്തുറ്റതും മഹത്തായതുമായ രാജ്യമായി നമ്മുടെ രാജ്യത്തെ വളർത്തേണ്ടതുണ്ട്" കത്തിൽ കേജ്രിവാൾ പറഞ്ഞു.
പുറത്തായാലും അകത്തായാലും രാജ്യത്തെ സേവിക്കുന്നതിനു വേണ്ടിയാണു താൻ ജീവിതം സമർപ്പിച്ചിട്ടുള്ളത്. രക്തത്തിലെ ഓരോ തുള്ളിയും രാജ്യത്തിനു വേണ്ടി സമർപ്പിച്ചിരിക്കുകയാണ്. എന്നും വാഗ്ദാനങ്ങൾ താൻ പാലിച്ചിട്ടുണ്ടെന്നു പറഞ്ഞ കേജ്രിവാൾ സ്ത്രീകൾക്ക് ആയിരം രൂപ നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പും നൽകി. പോരാടുന്നതിനു വേണ്ടിയാണു താൻ ജനിച്ചത്. ഭാവിയിലും വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും സന്ദേശത്തിൽ അദ്ദേഹം പറയുന്നു. ഒരു ജയിലിനും എന്നെ അധികകാലം അഴിക്കുള്ളിലാക്കാൻ കഴിയില്ല. ഞാൻ ഉടൻ പുറത്ത് വന്ന് നൽകിയ ഉറപ്പുകൾ പാലിക്കുമെന്നും കെജ്രിവാൾ സന്ദേശത്തിൽ വ്യക്തമാക്കി. ഇഡി അറസ്റ്റുചെയ്ത കേജ്രിവാളിനെ ആറുദിവസത്തെ കസ്റ്റഡിയിൽ കഴിഞ്ഞ ദിവസം കോടതി വിട്ടിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതിപക്ഷത്തെ പ്രമുഖ നേതാവായ കെജ്രിവാളിനെ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വീട്ടിൽ നിന്നും അറസ്റ്റുചെയ്തത്. രണ്ടുമണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. തുടർന്ന് വെള്ളിയാഴ്ച ഡൽഹി റോസ് അവന്യൂ കോടതി അദ്ദേഹത്തെ മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടു.
അതേസമയം, കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഡൽഹിയിൽ ഇന്നും കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ഷഹീദി പാർക്കിൽ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധ ധർണ തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ എ.എ.പി എംപിമാരും എംഎൽഎമാരുമടക്കം നൂറുകണക്കിനു പ്രവർത്തകരും പ്രതിഷേധത്തിൽ അണിനിരക്കുന്നുണ്ട്.
അതേ സമയം ഇ.ഡി. കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിലേക്ക് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖർ സ്വാഗതം ചെയ്തു. ഇരുന്നൂറ് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായി തിഹാർ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറാണ് കെജ്രിവാളിനെ ജയിലിലേക്ക് സ്വാഗതം ചെയ്ത് കത്തെഴുത്തിയത്. സത്യം ജയിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ തിഹാർ ജയിലിലേക്ക് സ്വാഗതം ചെയ്യുകയാണെന്നുമാണ് സുകേഷിന്റെ കത്തിലുള്ളത്. കെജ്രിവാളിനെതിരേ താൻ മാപ്പുസാക്ഷിയാകുമെന്നും കത്തിൽ പറയുന്നു.
'അദ്ദേഹത്തെ ഞാൻ തുറന്നുകാട്ടും. ഞാൻ മാപ്പുസാക്ഷിയാകും. എല്ലാ തെളിവുകളും നൽകിയിട്ടുണ്ട്'- സുകേഷ് കത്തിൽ പറഞ്ഞു. ഡൽഹി മദ്യനയക്കേസിൽ ബി.ആർ.എസ്. നേതാവ് കെ. കവിത അറസ്റ്റിലായപ്പോഴും സുകേഷ് സമാനമായ കത്തെഴുതിയിരുന്നു. കള്ളക്കേസാണെന്നുള്ള ആരോപണങ്ങൾ തകർന്നുവീണെന്നും സത്യം ജയിച്ചെന്നുമാണ് അന്ന് സുകേഷ് എഴുതിയിരുന്നത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്നതിനിടെ അരവിന്ദ് കെജ്രിവാളിനെതിരേയും ആംആദ്മി പാർട്ടിക്കെതിരേയും സുകേഷ് നിരന്തരം ആരോപണമുന്നയിച്ചിരുന്നു. ജയിലിലായ ആംആദ്മി മന്ത്രി സത്യേന്ദർ ജെയിന് താൻ 10 കോടി രൂപ നൽകിയെന്നും ആംആദ്മി പാർട്ടിക്ക് 60 കോടി രൂപ കൈമാറിയെന്നുമായിരുന്നു സുകേഷിന്റെ ആരോപണം.
എന്നാൽ, സുകേഷിന്റെ ജയിലിൽനിന്നുള്ള കത്തുകളും ആരോപണങ്ങളും അരവിന്ദ് കെജ്രിവാൾ നിഷേധിക്കുകയാണുണ്ടായത്. ബിജെപി.യുടെ നിർദേശമനുസരിച്ചാണ് സുകേഷ് പ്രവർത്തിക്കുന്നതെന്നായിരുന്നു കെജ്രിവാളിന്റെ അന്നത്തെ മറുപടി.