- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ ആംആദ്മി പാർട്ടി ഓഫീസ് പൂട്ടി; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഡൽഹിയിലെ ആംആദ്മി പാർട്ടി ഓഫീസ് എല്ലാ വശത്തുനിന്നും സീൽവെച്ച് പൂട്ടിയതായി ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി മുതിർന്ന നേതാവുമായ അതിഷി. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും അതിഷി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ ദേശീയ പാർട്ടിയുടെ ഓഫീസ് എങ്ങനെയാണ് ഇത്തരത്തിൽ പ്രവർത്തനരഹിതമാക്കുന്നത്. ഇത് ഭരണഘടനക്കെതിരാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകും. തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിട്ടുണ്ടെന്നും അതിഷി എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷനോട് കൂടിക്കാഴ്ചയ്ക്ക് വേണ്ടി സമയം ചോദിച്ചു കൊണ്ട് എഎപി നൽകിയ കത്തും അതിഷി എക്‌സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ചു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പ്രവർത്തനം നടത്താൻ സാധിക്കുന്നില്ലെന്നും ഇത്തരത്തിലുള്ള സമീപനമാണ് ഉണ്ടാകുന്നതെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസ്ഥപോലും രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാകില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പ്രവർത്തനം നടത്താൻ സാധിക്കുന്നില്ല. ആം ആദ്മി പാർട്ടി ഓഫീസിലേക്ക് പോകുന്ന വഴി പൊലീസ് അടച്ചിരിക്കുന്നു. മന്ത്രിമാർക്ക് വീടുകളിലേക്കോ ഓഫീസുകളിലേക്കോ പോകാൻ ബുദ്ധിമുട്ടികൾ നേരിടേണ്ടി വരുന്നു. ഇത്തരത്തിൽ എങ്ങനെയാണ് ഒരു രാഷ്ട്രീയ പാർട്ടി പ്രവർത്തനം നടത്തുക. അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആം ആദ്മി പാർട്ടി എംഎൽഎയുടെ വീട്ടിൽ റെയ്ഡ് നടന്നിരുന്നു.
തുടർച്ചയായി ദ്രോഹിക്കുന്ന സമീപനമാണ് കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇത്തരത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് ഇടപെട്ടാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസ്ഥപോലും രാഷ്ട്രീയ പാർട്ടികൾക്കുണ്ടാകില്ല. അതുകൊണ്ട് തന്നെ ഈ കാര്യങ്ങളൊക്കെ പരിഗണിച്ച് വിഷയങ്ങൾ അവതരിപ്പിക്കാൻ ഉടൻ തന്നെ സമയം അനുവദിക്കണമെന്നും ആം ആദ്മി പാർട്ടിയുടെ നാലംഗ സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകണമെന്നും ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരിക്കുന്നത്.