ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. മദ്യകേസിൽ കൂടുതൽ സ്ഥലങ്ങളിൽ ഇ ഡി പരിശോധന വ്യാപിപ്പിക്കുന്നതിനിടെയാണ് കെജ്രിവാളിന്റെ നീക്കം.

ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നും തന്നെ എത്രയും വേഗം ജയിൽ മോചിതനാക്കണമെന്നും കേജ്രിവാൾ ഹർജിയിൽ പറയുന്നു. കോടതി അടിയന്തര സിറ്റിങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കേജ്രിവാൾ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഇ.ഡി അറസ്റ്റുചെയ്ത കേജ്രിവാളിനെ ആറുദിവസത്തെ കസ്റ്റഡിയിൽ കഴിഞ്ഞ ദിവസം കോടതി വിട്ടിരുന്നു.

കെ.കവിതയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എം എൽ എ ഗുലാം സിങ്ങിന്റെ വീട്ടിലുമാണ് ഇന്ന് പരിശോധന നടന്നത്. പാർട്ടിയുടെ ഗുജറാത്ത് ഇൻ ചാർജ്ജാണ് ഗുലാബ് യാദവ്.കവിതയുമായി ഡീൽ ഉറപ്പിച്ചെന്ന് കേജ്രിവാൾ പറഞ്ഞെന്ന കേസിലെ സാക്ഷി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇ ഡി ആയുധമാക്കുകയാണ്. കെ കവിതയുടെ കസ്റ്റഡി ഈ മാസം 26 വരെ നീട്ടിയ സാഹചര്യത്തിൽ ഇരുവരയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യൽ നടത്തും. ഇതിനിടെ പഞ്ചാബിലെ മദ്യനയത്തിലും ഇഡി അന്വേഷണം നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

നിലവിൽ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെ സിബിഐയും കസ്റ്റഡിയിൽ വാങ്ങും. മദ്യനയ കേസിൽ ആദ്യം കേസ് എടുത്തതും അന്വേഷണം തുടങ്ങിയതും സിബിഐ ആണ്.ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ കെജ്രിവാളിനെ പത്തു ദിവസത്തെ വേണമെന്നാവശ്യപ്പെട്ട് സിബിഐയും വിചാരണക്കോടതിയിൽ അപേക്ഷ നൽകും. ഇതോടെ മാസങ്ങളോളം ഏജൻസികളുടെ കസ്റ്റഡിയിൽ കെജ്രിവാൾ തുടരാനാണ് സാധ്യത.

എന്നാൽ കേസിലെ അന്വേഷണവുമായി മുന്നോട്ട് പോയത് ഇഡിയാണ്. കള്ളപ്പണ ഇടപാടിൽ കെജ്രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വാങ്ങിയതോടെ വീണ്ടും കേസിലേക്ക് രംഗ പ്രവേശനം ചെയ്യാൻ ഒരുങ്ങുകയാണ് സിബിഐ.

അതേ സമയം സമൂഹത്തിനു വേണ്ടി സേവനം ചെയ്യുന്നതു തുടരണമെന്നും ബിജെപിയിൽ നിന്നുള്ളവരെ വെറുക്കരുതെന്നുമുള്ള അരവിന്ദ് കേജ്രിവാളിന്റെ കത്ത് ഭാര്യ സുനിത പൊതുസമൂഹത്തെ അറിയിച്ചു. "സമൂഹത്തിനു വേണ്ടി ജോലി ചെയ്യുന്നതു തുടരണം. ബിജെപിയിൽനിന്നുള്ള ആളുകളെ വെറുക്കരുത്. അവരെല്ലാവരും നമ്മുടെ സഹോദരീസഹോദരന്മാരാണ്. ഞാൻ താമസിയാതെ പുറത്തുവരും. എന്റെ വാഗ്ദാനങ്ങൾ നിറവേറ്റും. നമ്മുടെ രാജ്യത്തെ അകത്തുനിന്നും പുറത്തുനിന്നും ദുർബലപ്പെടുത്തുന്ന ഒരുപാട് ശക്തികളുണ്ട്. ലോകത്തെ ഏറ്റവും കരുത്തുറ്റതും മഹത്തായതുമായ രാജ്യമായി നമ്മുടെ രാജ്യത്തെ വളർത്തേണ്ടതുണ്ട്." കത്തിൽ കേജ്രിവാൾ പറഞ്ഞു.

പുറത്തായാലും അകത്തായാലും രാജ്യത്തെ സേവിക്കുന്നതിനു വേണ്ടിയാണു താൻ ജീവിതം സമർപ്പിച്ചിട്ടുള്ളത്. രക്തത്തിലെ ഓരോ തുള്ളിയും രാജ്യത്തിനു വേണ്ടി സമർപ്പിച്ചിരിക്കുകയാണ്. എന്നും വാഗ്ദാനങ്ങൾ താൻ പാലിച്ചിട്ടുണ്ടെന്നു പറഞ്ഞ കേജ്രിവാൾ സ്ത്രീകൾക്ക് ആയിരം രൂപ നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പും നൽകി. പോരാടുന്നതിനു വേണ്ടിയാണു താൻ ജനിച്ചത്. ഭാവിയിലും വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും സന്ദേശത്തിൽ അദ്ദേഹം പറയുന്നു.