- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ വാങ്ങാൻ സിബിഐയും നീക്കം തുടങ്ങി
ന്യൂഡൽഹി: രാജിക്കായി ബിജെപി സമ്മർദം ശക്തമാക്കുന്നതിനിടെ ഇഡി കസ്റ്റഡിയിലിരുന്ന് ജോലി തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കസ്റ്റഡിയിൽ ഇരിക്കെ കെജ്രിവാൾ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവിറക്കി. മദ്യനയക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് കെജ്രിവാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ കെജ്‌രിവാളിനെ ഈ മാസം 28 വരെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഉടൻ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് കെജ്രിവാൾ.
കേജരിവാൾ രാജി വയ്ക്കേണ്ടതില്ലെന്നാണ് ആംആദ്മി പാർട്ടിയുടെ നിലപാട്. ജയിലിൽ ഇരുന്ന് കൊണ്ട് ഭരണനിർവഹണം നടത്തുമെന്ന് കേജരിവാൾ അടക്കം നേരത്തേ വ്യക്തമാക്കിയിരുന്നു. കേജരിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കുകയാണ് ആംആദ്മി. ഡൽഹിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രതിഷേധം നടത്തും. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
മാർച്ച് 22ന് കെജ്രിവാളിന്റെ ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യു കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും തന്നെ ജയിൽ മോചിതനാക്കണമെന്നും ഹരജി എത്രയും വേഗം പരിഗണിക്കണമെന്നായിരുന്നു കെജ്‍രിവാളിന്റെ ആവശ്യം. എന്നാൽ, ഹരജി അടിയന്തരമായി പരിഗണിക്കേണ്ടെന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. ഹരജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
മദ്യനയ അഴിമതിയിൽ കെജ്‍രിവാളിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കസ്റ്റഡിൽ കഴിയുന്ന ബിആർ എസ് നേതാവ് കെ കവിതയെയും കെജ്‌രിവാളിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. ഇതിനിടെ പഞ്ചാബ് മദ്യ നയ അഴിമതിയിൽ എഎപി മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെടുകയാണ് ബിജെപി. പഞ്ചാബ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കർ തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ കസ്റ്റഡിയിൽ എടുക്കാനായി സിബിഐ കോടതിയിൽ ഉടൻ അപേക്ഷ നൽകും. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ സിബിഐ ആരംഭിച്ചതായാണ് സൂചന.
ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ബിജെപി ശക്തമാക്കി. അറസ്റ്റോടെ ഭരണം പ്രതിസന്ധിയിലായെന്നും ജയിലിൽ നിന്ന് സർക്കാരിനെ ചലിപ്പിക്കാനാവില്ലെന്നും ആവർത്തിക്കുകയാണ് ബിജെപി.