- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് സീറ്റ് നിഷേധിച്ചത് ബിജെപി പ്രതിരോധത്തിലായതോടെ
ന്യൂഡൽഹി: ഉത്തര കന്നഡയിൽനിന്ന് ആറ് തവണ എംപിയായ അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് ഇത്തവണ സീറ്റ് നിഷേധിച്ചത് ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന വിവാദ പ്രസ്താവനയിൽ പാർട്ടി പ്രതിരോധത്തിലായതോടെ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി.ക്ക് 400 സീറ്റ് ലഭിച്ചാൽ ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന് ഹെഗ്ഡെ ഒരു പൊതുസമ്മേളനത്തിൽ പറഞ്ഞിരുന്നു.
പ്രസംഗം വിവാദമായതോടെ രാജ്യവ്യാപകമായി ഹെഗ്ഡെക്കെതിരെയും ബിജെപിക്കെതിരെയും പ്രതിഷേധം ശക്തമായി. തുടർന്ന് അനന്ത്കുമാർ ഹെഗ്ഡെയെ തള്ളി ബിജെപി. രംഗത്തെത്തിയിരുന്നു. ഹെഗ്ഡെയുടേത് പാർട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ബിജെപി. വിശദീകരിച്ചു. ഇതിനുപിന്നാലെയാണ് ഹെഗ്ഡെയ്ക്ക് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചത്.
അടുത്തിട അനന്ത്കുമാർ ഹെഗ്‌ഡെ നടത്തിയ വിവാദ പ്രസ്താവനകൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതാണ് സീറ്റ് നിഷേധിക്കപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ട്. രാഷ്ട്രത്തിന്റെ ഭരണഘടന ഹിന്ദുമത താൽപര്യങ്ങൾക്കനുസരിച്ച് മാറ്റാൻ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകളിൽ വിജയിക്കേണ്ടതുണ്ടെന്ന അനന്ത് കുമാർ ഹെഗ്‌ഡെയുടെ പ്രസംഗമാണ് ഏറ്റവും ഒടുവിൽ വിവാദമായത്. തന്റെ മണ്ഡലത്തിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്ന് വിശേഷിപ്പിച്ച ബിജെപി നേതൃത്വം വിശദീകരണം തേടും എന്ന് പറഞ്ഞിരുന്നു.
കോൺഗ്രസ് ഭരണകാലത്ത് ഹിന്ദുക്കളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് ഭരണഘടനയിൽ അനാവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അതെല്ലാം മാറ്റിയെടുക്കണമെന്നുമാണ് ഹെഗ്ഡെ പറഞ്ഞത്. ഇതിന് ബിജെപി.ക്ക് ഇപ്പോഴുള്ള ഭൂരിപക്ഷം പോരാ, ഇതിനായി രാജ്യസഭയിലും മൂന്നിൽരണ്ട് ഭൂരിപക്ഷം വേണമെന്നും രാജ്യത്തെ മൂന്നിൽരണ്ട് സംസ്ഥാനങ്ങളിലും ബിജെപി. ജയിക്കണമെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.
ജനുവരി മുതൽ വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധ നേടുകയായിരുന്നു മണ്ഡലത്തിൽ പാർട്ടി അണികളുടെ പരസ്യപ്രതിരോധം നേരിടുന്ന അനന്ത്കുമാർ ഹെഗ്‌ഡെ എംപി. അയോധ്യയിൽ 1992 ഡിസംബറിൽ കർസേവകർ ബാബരി മസ്ജിദ് തകർത്തതിന് സമാനമായ വിധിയാണ് ഉത്തര കന്നട ജില്ലയിലെ ഭട്കൽ മസ്ജിദിനെയും കാത്തിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രികൂടിയായ ഹെഗ്‌ഡെ കഴിഞ്ഞ ജനുവരിയിൽ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ഉത്തര കന്നട ജില്ലയിലെ കുംട പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ നടത്തിയ വ്യക്തിപരമായ ആക്ഷേപങ്ങളും ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്നത് കർഷകരല്ല ഖാലിസ്താനികളാണെന്ന പ്രസ്താവനയും കഴിഞ്ഞ മാസം വിവാദമായി.
കർണാടക നിയമസഭാ സ്പീക്കറും സംസ്ഥാന മന്ത്രിയുമായിരുന്ന വിശ്വേശ്വർ ഹെഗ്ഡെ കഗേരി ഹെഗ്ഡെക്ക് പകരം മണ്ഡലത്തിൽനിന്ന് ജനവിധി തേടും. വിദ്വേഷ പ്രസംഗങ്ങളും വിവാദ പരാമർശങ്ങളും നടത്തി കുപ്രസിദ്ധി നേടിയ നേതാക്കളെ ഒഴിവാക്കിയുള്ള സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവതരിപ്പിച്ചത്. ഇത്തരം വിവാദ പ്രസ്താവനകൾ നടത്താറുള്ള പ്രഗ്യസിങ് താക്കൂർ, രമേശ് ബിധുരി, പർവേഷ് സാഹിബ് സിങ് വർമ്മ എന്നിവർക്കും ബിജെപി സീറ്റ് നിഷേധിച്ചിരുന്നു.
കോൺഗ്രസിൽനിന്ന് ബിജെപിയിൽ തിരിച്ചെത്തിയ ജഗദീഷ് ഷെട്ടാറിന് ബെളഗാവി നൽകിയപ്പോൾ ചിക്കബല്ലാപുരിൽ മുൻ മന്ത്രി ഡോ. കെ. സുധാകറിനെ നിർത്തി. റായ്ച്ചുരിൽ രാജാ അമരേശ്വര നായ്ക്കിനെ സ്ഥാനാർത്ഥിയാക്കി.