- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മദ്യനയക്കേസിലെ പണം ആർക്ക് കിട്ടിയെന്ന് നാളെ കോടതിയെ അറിയിക്കും'
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിലെ വസ്തുതകൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യാഴാഴ്ച കോടതിയിൽ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത കെജ്രിവാൾ. മദ്യനയ കേസുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. പരിശോധനയിൽ പണമൊന്നും ഇ.ഡി. കണ്ടെത്തിയിട്ടില്ലെന്നും സുനിത വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
മദ്യനയ കേസിൽ പണം ആർക്ക് കിട്ടിയെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തും. ഇക്കാര്യത്തിലെ തെളിവ് കോടതിക്ക് നൽകുമെന്നും ഭാര്യ സുനിത കെജ്രിവാളിന് നൽകിയ സന്ദേശത്തിലൂടെ കെജ്രിവാൾ വ്യക്തമാക്കി. വിചാരണക്കോടതിയിൽ നാളെ കെജ്രിവാളിനെ ഹാജരാക്കാനിരിക്കെയാണ് പുതിയ സന്ദേശം.
കേസുമായി ബന്ധപ്പെട്ട് 250 റെയ്ഡുകൾ ഇഡി നടത്തി, ഇതുവരെ ഒരു രൂപ കണ്ടെത്താനായില്ല, ഇഡി പറയുന്ന അഴിമതി കഥയുടെ സത്യം നാളെ വിചാരണക്കോടതിയിൽ വെളിപ്പെടുത്തും, പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നുമാണ് കെജ്രിവാൾ ഭാര്യ സുനിതക്ക് നൽകിയ സന്ദേശം. കെജ്രിവാളിന്റെ അഭാവത്തിൽ ഡൽഹി സർക്കാരിന്റെ ചുമതല സുനിത ഏറ്റെടുക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വരുന്നതിനിടെയാണ് വാർത്താസമ്മേളനം നടന്നിരിക്കുന്നത്.
കെജ്രിവാളിന്റെ ആരോഗ്യനില അത്ര സുഖകരമല്ല ഷുഗറുണ്ട് എന്നും സുനിത കെജ്രിവാൾ അറിയിച്ചു. തന്റെ ശരീരം മാത്രമാണ് തടവിലായിരിക്കുന്നത്, ആത്മാവ് ഇപ്പോഴും എല്ലാവർക്കുമൊപ്പമാണ് ഒന്ന് കണ്ണടച്ചാൽ മതി തന്നെ തൊട്ടരികിൽ അനുഭവിക്കാമെന്ന കെജ്രിവാളിന്റെ വൈകാരികമായ വരികളും സുനിത വാർത്താസമ്മേളനത്തിൽ വായിച്ചു.
രണ്ട് ദിവസം മുമ്പ് ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് മന്ത്രി അതിഷി മർലേനയ്ക്ക് കെജ്രിവാൾ കൈമാറിയിരുന്നു. ഇക്കാര്യത്തിലും കേന്ദ്രസർക്കാർ കേസെടുത്തിട്ടുണ്ട്. ഡൽഹിയെ നശിപ്പിക്കാനാണോ അവരുടെ ഉദ്ദേശ്യം. ജനങ്ങൾ ദുരിതമനുഭവിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടോ. ഇക്കാര്യത്തിൽ കെജ്രിവാൾ വളരെ വേദനിക്കുന്നു - സുനിത പറഞ്ഞു.
മദ്യനയ അഴിമതിയെന്ന് വിളിക്കപ്പെടുന്ന കേസിൽ ഇ.ഡി. 250-ലധികം റെയ്ഡുകൾ നടത്തി. ഈ പണം അവർ ഇതുവരെ അധികൃതർ കണ്ടെത്തിയിട്ടില്ല. മാർച്ച് 28-ന് കോടതിയിൽ അദ്ദേഹം എല്ലാം വെളിപ്പെടുത്തും. മദ്യനയ അഴിമതിയുടെ പണം എവിടെയാണെന്നും അതിനാവശ്യമായ തെളിവുകൾ അദ്ദേഹം നൽകുമെന്നും കൂട്ടിച്ചേർത്തു.
ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സിബിഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ കസ്റ്റഡിയിൽ വിട്ടത്.
അതേസമയം കെജ്രിവാളിന്റെ അറസ്റ്റിൽ രാജ്യവ്യാപകമായി ആം ആദ്മി പാർട്ടിയും, ഇന്ത്യ മുന്നണിയുടെ ബാനറിൽ കോൺഗ്രസും പ്രതിഷേധങ്ങൾ നടത്തിവരികയാണ്. മദ്യ നയ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയും, തെലങ്കാനയിലെ ബിആർഎസ് നേതാനും മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയും നേരത്തേ അറസ്റ്റിലായതാണ്.