- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; വിവാദ ഉത്തരവ് പിൻവലിച്ചു
ഇംഫാൽ: പ്രതിഷേധം കടുത്തതോടെ ഈസ്റ്റർ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള വിവാദ ഉത്തരവ് മണിപ്പൂർ സർക്കാർ പിൻവലിച്ചു. ഈസ്റ്റർ ദിനം പ്രവർത്തി ദിവസമാക്കികൊണ്ട് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവാണ് പിൻവലിച്ചത്. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരിൽ ദുഃഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും. ഇതിനിടയിൽ ശനിയാഴ്ച (മാർച്ച് 30) മാത്രം പ്രവർത്തി ദിനമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് പുതിയ ഉത്തരവിറക്കിയത്. ഈസ്റ്റർ ദിനത്തെ അവധി റദ്ദാക്കിയത് നേരത്തെ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടുകയായിരുന്നുവെന്നാണ് വിവരം.
ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി നൽകിയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, സൊസൈറ്റികൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഉത്തരവ് ബാധകമാണ്. നേരത്തേ മാർച്ച് 30, 31 ദിവസങ്ങളിൽ പ്രവൃത്തി ദിവസമാക്കി മണിപ്പുർ സർക്കാർ ഉത്തരവിറക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഗവർണർ അനുസൂയ യുകെയ് ആണ് അവധി പിൻവലിച്ചത്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിലെ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നായിരുന്നു വിശദീകരണം. ഇത് വലിയ വിവാദമായി. പിന്നാലെയാണ് പുതുക്കിയ ഉത്തരവിറക്കിയത്.
ദുഃഖവെള്ളിയാഴ്ചയും ഈസ്റ്റർ ഞായറാഴ്ചയും അവധിയായിരിക്കുമെന്ന് വ്യക്തമാക്കി മണിപ്പൂർ സർക്കാർ ഉത്തരവിറക്കിയെന്നും വിഷയങ്ങൾ ഒന്നുമില്ലാത്ത കോൺഗ്രസ് അസത്യം മെനയുകയാണെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ആരോപിച്ചു. റഷ്യയിലെ തീവ്രവാദ ആക്രമണത്തെയും ഹമാസിന്റെ ആക്രമണത്തെയും കോൺഗ്രസും കമ്യൂണിസ്റ്റും ഇനി എപ്പോഴാണ് അപലപിക്കുകയെന്ന് പറയണമെന്നും ജാവദേക്കർ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെള്ളിക്കും അവധി നിഷേധിച്ചതിനെതിരെ നേരത്തെ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെസി വേണുഗോപാൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. വിവാദ തീരുമാനം പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നാണ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നത്.
ഇന്നലെയാണ് ഈസ്റ്റർ ദിനത്തിലെ ഔദ്യോഗിക അവധി പിൻവലിച്ച് മണിപ്പൂർ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഈസ്റ്റർ ദിനം പ്രവർത്തി ദിനമായിരിക്കുമെന്നാണ് സർക്കാർ പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഈ ഉത്തരവാണ് വിവാദമായത്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 31 നാണ് ഈ വർഷത്തെ ഈസ്റ്റർ. മാർച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണ്. ഈ രണ്ട് ദിവസങ്ങളും പ്രവർത്തി ദിവസമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈസ്റ്റർ ദിനം. കുരിശിലേറ്റപ്പെട്ട യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കുന്ന ദിവസമാണിത്. അതിനാൽ തന്നെ സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകൾ രംഗത്ത് വന്നിരുന്നു.
(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29 -03 - 2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)