- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ രണ്ടു നോട്ടിസ്. 2020 - 21, 2021 - 22 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് പുതിയ നോട്ടിസ്. 1800 കോടി രൂപയുടെ നോട്ടിസ് വന്നതിന് പിറകേയാണ് പുതിയ രണ്ടു നോട്ടിസുകൾ കൂടി ലഭിച്ചതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചത്. 'ടാക്സ് ടെററിസ'ത്തിന്റെ ലക്ഷ്യം കോൺഗ്രസാണ്. പ്രതിപക്ഷ പാർട്ടികളെ തളർത്താനാണ് മോദിയുടെ ശ്രമമെന്നും ജയറാം രമേശ് ആരോപിച്ചു. ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
ഇതിനിടെ നാളത്തെ ഇന്ത്യ സഖ്യത്തിന്റെ റാലി വ്യക്തി കേന്ദ്രീകൃതമല്ലെന്നും, ആദായ നികുതി വകുപ്പിന്റെ നടപടിയടക്കം ചോദ്യം ചെയ്യുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ആദായ നികുതി വകുപ്പിനെതിരെ കോൺഗ്രസ് വിമർശനം കടുപ്പിക്കുമ്പോൾ, നടപടികൾ കടുപ്പിച്ച് ആദായ നികുതി വകുപ്പും തിരിച്ചടിക്കുന്നു. 1823 കോടി രൂപ അടയ്ക്കാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഇന്നലെ രാത്രി രണ്ട് നോട്ടീസുകൾ കൂടി കോൺഗ്രസിന് കൊടുത്തത്.
2020-21, 2021 -22 സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടക്കം തുക അടക്കാനാണ് നിർദ്ദേശം. തുക എത്രയെന്നത് സംബന്ധിച്ച വിവരങ്ങൾ പാർട്ടി പുറത്ത് വിട്ടിട്ടില്ല. ആദായ നികുതി വകുപ്പ് നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാകും തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹർജി നൽകുക. മുപ്പത് വർഷം മുൻപുള്ള നികുതി ഇപ്പോൾ ചോദിക്കുന്നത് ഹർജിയിൽ ചോദ്യം ചെയ്യും. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കേന്ദ്ര ഏജൻസി നീക്കം ചട്ടലംഘനമാണെന്ന് വാദിക്കുന്നതിനൊപ്പം ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തതും ഹർജിയിൽ ഉന്നയിക്കും.
അതേ സമയം കെജരിവാളിന്റെ അറസ്റ്റ് നാളത്തെ ഇന്ത്യ സഖ്യ റാലിയുടെ പ്രമേയമാക്കാൻ ആംആദ്മി പാർട്ടി ശ്രമിക്കുമ്പോൾ, കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയും വിഷയമാണെന്ന് നേതൃത്വം തിരുത്തി. വ്യക്തി കേന്ദ്രീകൃത റാലിയല്ലെന്നും, അന്വേഷണ ഏജൻസികളുടെ ദുരുപയോഗവും, ഭരണഘടന സംരക്ഷണവും വിഷയങ്ങളാണെന്നും ജയറാം രമേശ് വ്യക്തമാക്കി. നടപടിയെ ബിജെപി സർക്കാരിന്റെ 'ടാക്സ് ടെററിസം' എന്നുവിശേഷിപ്പിച്ച് രാഹുൽ ഗാന്ധിയും രംഗത്തുവന്നിരുന്നു. ഭരണമാറ്റമുണ്ടാകുമ്പോൾ ജനാധിപത്യം നശിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീടൊരിക്കലും ഇത്തരം നീചമായ പ്രവൃത്തിചെയ്യാൻ അനുവദിക്കാത്ത തരത്തിൽ നടപടിയെടുക്കുമെന്നായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്.
ഇതിനിടെ അന്വേഷണ ഏജൻസികളെ പ്രധാനമന്ത്രി ദുരുപയോഗം ചെയ്യുന്നതും, ഇലക്ട്രൽ ബോണ്ട് അഴിമതി മുക്കാൻ ശ്രമിക്കുന്നതും ചോദ്യം ചെയ്ത് കാർട്ടൂൺ വിഡിയോ കോൺഗ്രസ് പുറത്തിറക്കി. തെരഞ്ഞടുപ്പ് പ്രചാരണത്തിന് വിഡിയോ ഉപയോഗിക്കും.
ബിജെപി നികുതി ലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും അവരിൽ നിന്ന് 4600 കോടി രൂപ നികുതി ഈടാക്കണമെന്നും കോൺഗ്രസ് നേതാവ് അജയ് മാക്കൻ ആവശ്യപ്പെട്ടു. കോൺഗ്രസിന് നോട്ടിസ് അയച്ച സംഭവത്തിൽ ഏപ്രിൽ ഒന്നിന് സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല രംഗത്തെത്തി. "രാജ്യത്തെ ഭരണഘടനയ്ക്കും നിയമത്തിനും മുകളിലാണ് തങ്ങളെന്നാണ് കോൺഗ്രസ് കരുതുന്നത്. നികുതി നൽകാതെ ഇരവാദം നടത്താമെന്നാണ് അവർ കരുതുന്നത്. സാധാരണക്കാർ നികുതി നല്ഡകുന്നു. പക്ഷെ കോൺഗ്രസ് സ്വയം തങ്ങൾ വിവിഐപികളുടെ പട്ടികയിൽ പെടുത്തി നികുതി തരാൻ മടിക്കുന്നു.രാജ്യത്തെ സംവിധാനങ്ങളെ ആക്രമിക്കുന്ന തലത്തിലേക്ക് കോൺഗ്രസ് എത്തി. ഇത് കോൺഗ്രസിന്റെ നൈരാശ്യം എത്രത്തോളമാണെന്നാണ് കാണിക്കുന്നത്. അവരുടെ എംപിയായ ധീരജ് സഹുവിൽ നിന്ന് 350 കോടി രൂപയാണ് കണ്ടെടുത്തത്. അവർക്ക് പണമല്ല ഇല്ലാത്തത്, കോൺഗ്രസ് പാർട്ടിക്ക് നേതാക്കളും ലക്ഷ്യവുമാണ് ഇല്ലാത്തത്."പൂനവാല പറഞ്ഞു.