ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരായ ശക്തിപ്രകടനമായി ഡൽഹിയിലെ രാംലീല മൈതാനത്തിൽ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ അണി നിരന്ന് 28 പ്രതിപക്ഷ പാർട്ടികൾ. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന റാലിയിൽ പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, ശരദ് പവാർ, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, അടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനിയിലെത്തി. ഇവർക്കൊപ്പം കെജ്രിവാളിന്റെ ഭാര്യ സുനിതയും ഹേമന്ത് സോറന്റെ ഭാര്യ കല്പനയും വേദിയിൽ സന്നിഹിതരായി. മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം ഭാര്യ സുനിത വേദിയിൽ വായിച്ചു.

ഒരു കാരണവുമില്ലാതെയാണ് കെജ്രിവാളിനെ ജയിലിലിട്ടിരിക്കുന്നതെന്നും നീതിവേണമെന്നും വേദിയിലെത്തിയ ഭാര്യ സുനിത ആവശ്യപ്പെട്ടു. ഒരു പുതിയ രാഷ്ട്ര നിർമ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലിൽ കഴിയുമ്പോഴും ചിന്ത രാജ്യത്തെ കുറിച്ചാണ്. ഇന്ത്യ സഖ്യമെന്നത് വെറും വാക്കല്ല ,ഹൃദയമാണ്, ആത്മാവാണ് . സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നും കെജ്രിവാൾ സന്ദേശത്തിൽ വ്യക്തമാക്കി.

കെജ്രിവാൾ രാജിവെക്കണോ എന്ന് സുനിത ചോദിച്ചപ്പോൾ വെക്കരുത് എന്നായിരുന്നു പ്രവർത്തകരുടെ മറുപടി. കെജ്രിവാളിന് നീതി വേണമെന്നും ഒരു കാരണവുമില്ലാതെയാണ് തടവിലിട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെജ്രിവാൾ നൽകിയ ആറ് വാഗ്ദാനങ്ങളടങ്ങിയ സന്ദേശമാണ് സുനിത വായിച്ചത്.

"ജയിലിൽ കഴിയുന്ന നിങ്ങളുടെ സ്വന്തം അരവിന്ദ് കെജ്രിവാളിന്റെ സന്ദേശമാണ് ഞാൻ വായിക്കുന്നത്. ഒരു കാര്യം ഞാൻ നിങ്ങളോട് ചോദിക്കുകയാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഭർത്താവിനെ ജയിലിലടച്ചു. പ്രധാനമന്ത്രി ചെയ്തത് ശരിയായ കാര്യമാണോ കെജ്രിവാൾ യഥാർഥ ദേശസ്‌നേഹിയാണെന്നും സത്യസന്ധനായ വ്യക്തിയാണെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ കെജ്രിവാൾ ജയിലിലാണെന്നും രാജിവെക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. നിങ്ങളുടെ കെജ്രിവാൾ ഒരു സിംഹമാണ്. അദ്ദേഹത്തെ അവർക്ക് ഒരുപാട്കാലം ജയിലിൽ പാർപ്പിക്കാൻ കഴിയില്ല."-സുനിത കെജ്രിവാൾ പറഞ്ഞു.

മുതിർന്ന എഎപി നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായ് സ്വാഗത പ്രസംഗത്തോടെ റാലി ഉദ്ഘാടനം ചെയ്തു. മെഹബൂബ മുഫ്തിയും ശരദ് പവാറും ബൃന്ദ കാരാട്ടും അടക്കമുള്ളവർ പ്രതിപക്ഷത്തിന്റെ 'ലോക്തന്ത്ര ബച്ചാവോ' (ജനാധിപത്യം സംരക്ഷിക്കുക) റാലിക്കായി വേദിയിലെത്തി. രാഹുൽ ഗാന്ധി,മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ പ്രമുഖനേതാക്കൾ റാലിയിൽ അണിനിരന്നു. ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനും വേദിയിലെത്തി.

കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ബിജെപിയുടെ മൂന്ന് സഖ്യകക്ഷികളാണ് ഇഡിയും, സിബിഐ യും,ആദായ നികുതി വകുപ്പും. ഒരു സർക്കാരിനും ഏകാധിപത്യ നടപടികൾ ഏറെക്കാലം തുടരാനാവില്ല. അഴിമതിക്കാരായ നേതാക്കൾ ബിജെപിയിൽ ചേരുന്നു. വാഷിങ് മെഷീന്റെ പണിയെടുത്ത് ബിജെപി അവരെ വെളുപ്പിക്കുന്നു.

കർഷകരെ തീവ്രവാദികളാക്കുന്ന സർക്കാരാണിത്. ഏകാധിപത്യ സർക്കാരിനെ പുറത്താക്കും. ഇനിയൊരിക്കലും ഇവർ അധികാരത്തിൽ തിരികെ വരാൻ പാടില്ല. ഒരു കാരണവുമില്ലാതെ നേതാക്കളെ ജയിലിലിടുന്നുവെന്ന് മെഹബൂബ മുഫ്തിയും പറഞ്ഞു. കശ്മീരിൽ എത്രയോ കാലമായി ഇതാണ് നടക്കുന്നത്.ജമ്മു കശ്മീർ കേന്ദ്രത്തിന്റെ പരീക്ഷണശാലയാണ്.
അവിടെ പരീക്ഷിച്ച് വിജയിക്കുന്ന കാര്യങ്ങൾ പിന്നീട് രാജ്യത്താകെ നടപ്പാക്കുന്നു.കെജരിവാൾ മാന്യനായ രാഷ്ട്രീയ നേതാവാണ്. ഇത് കെജരിവാളിനായുള്ള പ്രതിഷേധമല്ല, ഭരണഘടനയെ രക്ഷിക്കാനാണെന്നും മെഹബൂബ മുഫ്തി വിശദീകരിച്ചു.

അരവിന്ദ് കെജരിവാളിന്റെ അറസ്റ്റും തുടർന്നുണ്ടായ പ്രതിഷേധത്തിന്റെയും സാഹചര്യത്തിൽ രാവിലെ 9 മണിയോടെ തന്നെ ആം ആദ്മി പ്രവർത്തകർ രാംലീല മൈതാനിയിൽ ഒത്തുകൂടിയിരുന്നു. മദ്യ നയ കേസിൽ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് റാലിയെന്നായിരുന്നു എഎപി അറിയിച്ചിരുന്നത്. എന്നാൽ റാലി ഏതെങ്കിലും വ്യക്തികളിൽ അധിഷ്ഠിതമല്ലെന്നും കേന്ദ്രസർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിപക്ഷം ശബ്ദം ഉയർത്തുകയാണെന്നും സഖ്യത്തിലെ ഏറ്റവും വലിയ ഘടകകക്ഷിയായ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

ചില നിബന്ധനകളോടെയാണ് റാലിക്ക് ഡൽഹി പൊലീസ് അനുമതി നൽകിയത്. വേദിയിൽ ഒരു ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെങ്കിലും, അനുമതി ഏകദേശം 20,000 പേർക്ക് മാത്രമാണ്. എന്നിരുന്നാലും 30,000-ത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. എന്നാൽ എഎപി പ്രവർത്തകരെ കൊണ്ട് മൈതാനം നിറഞ്ഞിരിക്കുകയാണെന്നാണ് ആ ആദ്മി അറിയിച്ചത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമാപന സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന ഇടതു പാർട്ടികളും മമതയുടെ തൃണമൂൽ കോൺഗ്രസും റാലിയിൽ പങ്കെടുക്കുന്നുണ്ട്. മമത ബാനർജി പക്ഷേ റാലിയിൽ പങ്കെടുക്കില്ലെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പകരം, ഡെറിക് ഒബ്രയാൻ ആണ് ടിഎംസിക്ക് വേണ്ടി പങ്കെടുക്കുന്നത്.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേന യുബിടി തലവൻ ഉദ്ദവ് താക്കറെ, ഡിഎംകെയുടെ തിരുച്ചി ശിവ, ജെഎംഎം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ചംപയ് സോറൻ, നാഷണൽ കോൺഫറൻസിന്റെ ഫറൂഖ് അബ്ദുള്ള, സിപിഐഎംഎൽ നേതാവ് ദീപാങ്കർ ഭട്ടാചാര്യ, ഫോർവേർഡ് ബ്ലോക്കിന്റെ ജി ദേവരാജൻ എന്നിവരാണ് റാലിയിൽ പങ്കെടുക്കുന്ന പ്രമുഖ നേതാക്കൾ.