ന്യൂഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി സംസ്ഥാന ഘടകം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്റ് ഗവർണർക്ക് ബിജെപി കത്ത് നൽകി. വിഷയത്തിൽ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കോടതി റിമാൻഡ് ചെയ്ത പശ്ചാത്തലത്തിലാണ് ഇത്. മുഖ്യമന്ത്രി ജയിലിലിരുന്ന് ഭരിക്കുന്നത് പ്രതിസന്ധിയാണെന്ന് ബിജെപി പറയുന്നു. രാഷ്ട്രപതി ഭരണത്തിന് ലഫ്റ്റന്റ് ഗവർണ്ണർ ശുപാർശ ചെയ്‌തേയ്ക്കും.

സർക്കാരിനെ രാഷ്ട്രപതി പുറത്താക്കിയാൽ ആംആദ്മിയും ബദൽ ചിന്തകളിലേക്ക് കടക്കും. നിയമസഭയെ അസാധുവാക്കാൻ രാഷ്ട്രപതി മുതിരില്ലെന്നും വിലയിരുത്തലുണ്ട്. അങ്ങനെ വന്നാൽ മറ്റൊരാളെ ആംആദ്മി മുഖ്യമന്ത്രിയാക്കും. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ നേതൃത്വം ഏറ്റെടുക്കുമെന്നാണ് സൂചന. അതിനിടെ മദ്യ നയകേസിൽ കെജ്രിവാൾ കൈക്കൂലി ചോദിച്ചെന്നാണ് ഇഡി പറയുന്നത്. ഇന്ന് ഹൈക്കോടതിയിൽ ഇഡി റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതി നിഗമനങ്ങൾ ആ കേസിൽ നിർണ്ണായകമാകും. ഇതു കൂടി മനസ്സിലാക്കിയാകും ഡൽഹിയിലെ രാഷ്ട്രപതി ഭരണത്തിൽ തീരുമാനം വരിക.

ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കെജ്രിവാളിനെ ഇന്നലെ തീഹാർ ജയിലിലേക്ക് മാറ്റിയിരുന്നു. 15 ദിവസത്തേക്കാണ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇതിനിടെ മദ്യനയക്കേസിൽ കെജ്രവാളിനെ സിബിഐ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ ഉടൻ നൽകുമെന്നാണ് വിവരം. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് പ്രതികളിലൊരാളായ വിജയ് നായരുമായി ബന്ധപ്പെട്ടതെന്ന് കെജ്രിവാൾ പറഞ്ഞതായി ഇഡി കോടതിയിൽ അവകാശപ്പെട്ടിരുന്നു. ഇതിനിടെ കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ ഇന്ന് നടത്തുമെന്ന് മന്ത്രി അതിഷി വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് നാലോടെയാണ് തീഹാറിലെ രണ്ടാം നമ്പർ ജയിലിൽ കേജ്രിവാളിനെ എത്തിച്ചത്. രാജ്യത്ത് ഒരു മുഖ്യമന്ത്രി ജയിലിലാകുന്നത് ആദ്യമാണ്. കേജ്രിവാൾ രാജിവയ്ക്കാത്ത സാഹചര്യത്തിൽ ഡൽഹിയിൽ ഭരണപ്രതിസന്ധി ഉടലെടുത്തു. രാവിലെ റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ ഏപ്രിൽ 15വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു. കോടതിയിൽ നിന്ന് നേരെ ജയിലിലേക്ക് പൊലീസ് ബസിലാണ് കൊണ്ടുപോയത്. നൂറുകണക്കിന് ആം ആദ്മി പ്രവർത്തകർ തെരുവിലും, ജയിലിന് മുന്നിലും പ്രതിഷേധിച്ചു.

അതിനിടെ കേജ്രിവാൾ, കസ്റ്റഡിയിലിരിക്കെ മന്ത്രിമാർക്കു ഭരണനിർദ്ദേശങ്ങളും ഉത്തരവുകളും നൽകിയതിൽ ഡൽഹി ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റിന്റെ വിശദീകരണം തേടി. ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശം നൽകാൻ മദ്യനയ അഴിമതിക്കേസിൽ വാദം കേൾക്കുന്ന പ്രത്യേക ജഡ്ജിക്കും നിർദ്ദേശം നൽകി. കസ്റ്റഡിയിൽനിന്നു കേജ്രിവാൾ ഉത്തരവുകളിറക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി.

കസ്റ്റഡിയിലിരിക്കുമ്പോൾ ഭരണപരമായ ഉത്തരവുകളിറക്കാൻ കേജ്രിവാളിനു പ്രത്യേക സൗകര്യങ്ങളൊന്നും ചെയ്തു കൊടുത്തിരുന്നില്ലെന്ന് ഇഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി നിലനിൽക്കുന്നതല്ലെന്നായിരുന്നു കേജ്രിവാളിന്റെ അഭിഭാഷകന്റെ വാദം. കസ്റ്റഡിയിൽ കേജ്രിവാളിനു ടൈപ്പിസ്റ്റിനെ അനുവദിക്കരുതെന്നും കംപ്യൂട്ടറോ പ്രിന്ററോ നൽകരുതെന്നും ആവശ്യപ്പെട്ടാണ് സുർജിത് സിങ് യാദവ് ഹർജി നൽകിയത്.

ഇ.ഡി അറസ്റ്റ് ചെയ്തതിനു തൊട്ടടുത്ത ദിവസം മുതൽ കുടിവെള്ളം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ കേജ്രിവാൾ നൽകിയ ഉത്തരവുകൾ എന്ന പേരിൽ മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും കടലാസുകൾ പ്രദർശിപ്പിച്ചിരുന്നു. ആദ്യ തവണ ഉത്തരവ് കിട്ടിയപ്പോൾ ഡൽഹിയിലെ ജനങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതിബന്ധത കണ്ടു തന്റെ കണ്ണുകൾ നിറഞ്ഞൊഴുകി എന്നാണു മന്ത്രി അതിഷി പറഞ്ഞത്.

എന്നാൽ, കസ്റ്റഡിയിൽനിന്നു കേജ്രിവാൾ നൽകിയ ഉത്തരവുകൾ എന്ന പേരിൽ ആം ആദ്മി മന്ത്രിമാർ പ്രചരിപ്പിക്കുന്ന കത്തുകൾ തട്ടിപ്പാണെന്നും ഇതിന്റെ യാഥാർഥ്യം പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ആം ആദ്മി പാർട്ടിയുടെ നാടകമാണിതെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദർ സച്ച്ദേവ പറഞ്ഞു.