- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി വിധി പറയാനായി മാറ്റി
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി വിധി പറയാനായി മാറ്റി. നാലു മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ജസ്റ്റിസ് സ്വർണകാന്ത ശർമ കേസ് വിധി പറയുന്നതിനായി മാറ്റിയത്. കേജ്രിവാളിനു വേണ്ടി മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്വിയും വിക്രം ചൗധരിയും ഇ.ഡിക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവും ഹാജരായി.
ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ സിംഗിൾ ബെഞ്ചാണ് കെജ്രിവാളിന്റെ ജാമ്യഹർജിയിൽ വാദം കേട്ടത്. നേരത്തേ മാർച്ച് 27-ന് ഡൽഹി ഹൈക്കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. അന്ന് ഇ.ഡിയുടെ മറുപടി തേടിയ കോടതി കേസ് അന്തിമവാദത്തിനായി മാറ്റുകയായിരുന്നു. അരവിന്ദ് കെജ്രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഘ്വി വീഡിയോ കോൺഫറൻസിലൂടെയാണ് ഹാജരായത്.
അധിക്ഷേപിക്കാനും അശക്തനാക്കാനുമാണു തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇ.ഡി തിടുക്കത്തിൽ കേജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് അഭിഷേക് മനു സിങ്വി പറഞ്ഞത്. വിചാരണക്കോടതിയിൽ കസ്റ്റഡിയിൽ വിടുന്നതിനെ എതിർക്കാതിരുന്നതിലൂടെ അറസ്റ്റിനെ ചോദ്യം ചെയ്യാനുള്ള കേജ്രിവാളിന്റെ അവകാശം നഷ്ടപ്പെട്ടു എന്ന ഇ.ഡിയുടെ വാദം കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും സിങ്വി പറഞ്ഞു.
എന്നാൽ, ഡൽഹി മദ്യനയ രൂപീകരണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നു വ്യക്തമാണെന്നും അഴിമതി നടത്തിയതും അതിന്റെ ഗുണഭോക്താക്കളായതും ആം ആദ്മി പാർട്ടിയാണെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ കൂടിയായ കേജ്രിവാളാണ് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത്. അതിനാൽ തന്നെ പാർട്ടിയുടെ ചെയ്തികളുടെയെല്ലാം ഉത്തരവാദിത്തവും കേജ്രിവാളിനുണ്ട്. ആം ആദ്മി പാർട്ടി നടത്തിയ അഴിമതിയുടെ ഉത്തരവാദിത്തവും കേജ്രിവാളിനുണ്ടെന്നും എസ്.വി. രാജു ചൂണ്ടിക്കാട്ടി.
അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹത്തിന്റെ പാർട്ടിയെ തിരഞ്ഞെടുപ്പിന് മുമ്പ് തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മനു അഭിഷേക് സിങ്വി പറഞ്ഞു. മതിയായ അന്വേഷണം നടത്താതെയും തെളിവുകൾ ഇല്ലാതെയുമാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് റിമാൻഡ് അപേക്ഷയിൽ ഇ.ഡി. പറയുന്നതിൽ നിന്ന് തന്നെ വ്യക്തമാണെന്നും സിങ്വി പറഞ്ഞു.
മാർച്ച് 21-നാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വസതിയിലെത്തി മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിനെതിരെ അന്ന് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി പരിഗണിച്ചില്ല.
പിന്നീട് സിബിഐ. പ്രത്യേക കോടതിയാണ് 28 വരെ കെജ്രിവാളിനെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടത്. പിന്നീട് ഡൽഹി റോസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഏപ്രിൽ ഒന്നുവരെ നീട്ടുകയായിരുന്നു. കസ്റ്റഡിയിലിരുന്ന് ഭരണം നടത്തുമെന്ന കെജ്രിവാളിന്റെ പ്രഖ്യാപനവും വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇ.ഡി. കസ്റ്റഡിയിലുള്ള കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാത്പര്യ ഹർജി ഇതിനിടെ ഹൈക്കോടതി തള്ളിയിരുന്നു.
ഇ.ഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ഏപ്രിൽ ഒന്നിന് അരവിന്ദ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. ഏപ്രിൽ 15 വരെയാണ് അദ്ദേഹത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി. ഇതിന്റെ ഭാഗമായി അദ്ദേഹം തിഹാർ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. ഭഗവദ്ഗീതയും രാമായണവും ഉൾപ്പെടെ മൂന്ന് പുസ്തകങ്ങൾ കൈവശം വെക്കാനും വീട്ടിൽ നിന്നുള്ള ഭക്ഷണം ലഭ്യമാക്കാനും കോടതി കെജ്രിവാളിന് അനുവാദം നൽകിയിരുന്നു.
നാല് മണിക്കൂർ നീണ്ട വാദം
വാദത്തിനിടെ, സൈനിക വാഹനങ്ങൾ തകർത്ത ഒരു ഭീകരൻ തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതു കൊണ്ട് അറസ്റ്റ് ചെയ്യരുത് എന്നാവശ്യപ്പെടുന്നതു പോലെയാണിതെന്നാണ് ഇ.ഡി അഭിഭാഷകൻ കേജ്രിവാളിന്റെ അറസ്റ്റിനെതിരെയുള്ള ഹർജിയെ ഉപമിച്ചത്. എന്നാൽ, ഇത്തരം ഉപമകൾ തികച്ചും അനുചിതമാണെന്ന് മറുപടി വാദത്തിനിടെ സിങ്വി പറഞ്ഞു. ഒരാൾ അയാൾ മുഖ്യമന്ത്രി ആയാൽ പോലും തിരഞ്ഞെടുപ്പു സമയത്തിനിടെ വാഹനം ബോംബുവച്ചു തകർത്താൽ അറസ്റ്റ് ചെയ്യുക തന്നെ വേണം. പക്ഷേ, ഈ കേസിൽ സാഹചര്യം വ്യത്യസ്തമാണെന്നും സിങ്വി ചൂണ്ടിക്കാട്ടി.
ആം ആദ്മി പാർട്ടിയെ തകർക്കാനുമുള്ള നീക്കം കൂടിയാണിതെന്നു കേജ്രിവാളിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേജ്രിവാളിനെ അറസ്റ്റ് ചെയ്ത സമയവും അതാണു വ്യക്തമാക്കുന്നത്. കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകണം എന്നാവശ്യപ്പെട്ട് ആദ്യം നോട്ടിസ് നൽകിയത് 2023 ഒക്ടോബർ 30നാണ്. ഒൻപതാമത്തെ തവണ നോട്ടിസ് നൽകിയത് കഴിഞ്ഞ മാർച്ച 16നാണ്. ഈ ആറുമാസക്കാലത്തിനിടയ്ക്കൊന്നും തന്നെ അറസ്റ്റ് നടന്നിട്ടില്ല. തെളിവുകളോ സാക്ഷിമൊഴികളോ ഉണ്ടായിട്ടില്ല. അറസ്റ്റ് നടക്കുന്നതിനിടെ വീട്ടിൽ വച്ചും ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
ഇ.ഡിയുടെ നോട്ടിസുകൾ അവഗണിച്ചുവെന്ന ആരോപണം മുൻവിധിയോടു കൂടിയുള്ളതാണ്. യഥാർഥ വിഷയങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രം മാത്രമാണിതെന്നും സിങ്വി പറഞ്ഞു. റിമാൻഡ് അപേക്ഷയിൽ തന്നെ ഇ.ഡി പറയുന്നത് കേസിൽ കേജ്രിവാളിന്റെ പങ്ക് കണ്ടെത്തണമെന്നാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണെന്നും സിങ്വി പറഞ്ഞു.
അതിനിടെ ഹർജിയുടെ പേജ് നമ്പരുകൾ മാറി കൃത്യമായ രൂപത്തിലല്ലാത്ത പകർപ്പാണു തങ്ങൾക്കു ലഭിച്ചതെന്നും അതിന്മേൽ മറുപടി നൽകാൻ കഴിയില്ലെന്നും എഎസ്ജി എസ്.വി. രാജു പറഞ്ഞു. കേസ് വീണ്ടും നീട്ടിക്കൊണ്ടു പോകുന്നതിനുള്ള ശ്രമമാണിതെന്നായിരുന്നു സിങ്വിയുടെ മറുപടി. തെറ്റായ പകർപ്പാണു തങ്ങൾക്കു ലഭിച്ചതെന്ന് എസ്എസ്ജി ആവർത്തിച്ചപ്പോൾ നിങ്ങളുടെ ജൂനിയർ തെറ്റായ പകർപ്പ് എടുത്തു തന്നതായിരിക്കുമെന്നു സിങ്വി മറുപടി നൽകി.
കേസിൽ മാപ്പുസാക്ഷികളായവർ ആദ്യം നൽകിയ മൊഴികളിലൊന്നും തന്നെ കേജ്രിവാളിനെതിരായ പരാമർശങ്ങളില്ലായിരുന്നു. എന്നാൽ, കേജ്രിവാളിനെതിരെ മൊഴി നൽകിയ ഉടൻ ഇവർക്കു ജാമ്യം ലഭിക്കുകയും മാപ്പുസാക്ഷികളായി മാറുകയും ചെയ്തു. ഇവരിൽ രാഘവ് മഗുന്തയുടെ പിതാവ് മഗുന്ത റെഡ്ഡി ഭരണപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയാണ്. ശരത് റെഡ്ഡി തിരഞ്ഞെടുപ്പു ബോണ്ടുകളിലൂടെ ഭരണപക്ഷത്തിനു വലിയ സംഭാവനകൾ നൽകിയതുമാണ്. മാപ്പുസാക്ഷികളിലൊരാൾ 13 തവണ മൊഴി നൽകിയതിൽ 11ലും കേജ്രിവാളിന്റെ പേരില്ലായിരുന്നു. അതിൽനിന്നു സമ്മർദവും സ്വാധീനവുമുണ്ടെന്നു വ്യക്തമാണ്. ഇത്രയും കാലത്തിനിടെ കേജ്രിവാളിനെതിരെ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും സിങ്വി ചൂണ്ടിക്കാട്ടി.
കേജ്രിവാളിനു നേരിട്ടു ബന്ധം
ഡൽഹി മദ്യ നയ അഴിമതിയിൽ കേജ്രിവാൾ നേരിട്ടും പരോക്ഷമായും ബന്ധപ്പെട്ടിട്ടുണ്ട്. താനൊരു വിശുദ്ധനാണെന്നാണു കേജ്രിവാൾ ഭാവിക്കുന്നത്. എന്നാൽ, എല്ലാക്കാര്യങ്ങളിലും കേജ്രിവാൾ വളരെ തന്ത്രപരമായി ഇടപെട്ടിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ഇ.ഡി ഇതിന്റെ തെളിവുകൾ ശേഖരിച്ചതെന്നും എഎസ്ജി എസ്.വി. രാജു പറഞ്ഞു. ഒരു കൊലപതകക്കേസിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തിയില്ല എന്നതു കൊണ്ടു മാത്രം കൊലപാതകം നടന്നിട്ടില്ല എന്നു സ്ഥാപിക്കാനാകില്ല എന്നാണ് എഎസ്ജി കോടതിയിൽ പറഞ്ഞത്. കുറ്റവാളികൾക്കും വിചാരണ നേരിടുന്നവർക്കും തിരഞ്ഞെടുപ്പ് അടുത്തതിനാൽ തങ്ങളെ അറസ്റ്റ് ചെയ്യരുത് എന്നു വാദിക്കാനാകില്ല.
കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ 45ാം വകുപ്പനുസരിച്ച് കേജ്രിവാളിന് ഒരു തരത്തിലും ജാമ്യം ലഭിക്കില്ല. ഈ കേസിൽ ഉൾപ്പെട്ട ഒട്ടേറെപ്പേർ കുറ്റം ചെയ്തിട്ടുണ്ടെന്നു വ്യക്തമാണ്. അതു കൊണ്ടു തന്നെ അവർക്കു ജാമ്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. പിഎംഎൽ നിയമത്തിന്റെ 19ാം വകുപ്പനുസരിച്ച് ഇ.ഡിക്ക് കേജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ അധികാരവുമുണ്ട്. അറസ്റ്റിന് ആധാരമായ എല്ലാ കാര്യങ്ങളും സുപ്രീംകോടതി നിർദ്ദേശമനുസരിച്ചു കേജ്രിവാളിനു വിശദീകരിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. കാരണങ്ങൾ കേജ്രിവാളിന്റെ ഭാര്യ സുനിതയേയും പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
റിമാൻഡിൽ വിടുന്നതിനെ കേജ്രിവാൾ എതിർത്തില്ല. ജൂഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിനെയും എതിർത്തില്ല. അതു കൊണ്ടു തന്നെ കസ്റ്റഡി നിയമവിരുദ്ധമാണെന്നു പറയാനാകില്ല. തന്നെ റിമാൻഡ് ചെയ്യൂ എന്ന് കേജ്രിവാൾ തന്നെ സ്വമേധയാ അഭ്യർത്ഥിക്കുകയാണ്. കേജ്രിവാൾ ഇപ്പോൾ എന്താണ് ആവശ്യപ്പെടുന്നതെന്നത് അക്കാദമി പരിശോധനയ്ക്കു വിധേയമാക്കേണ്ട വിഷയമാണെന്നും എഎസ്ജി പറഞ്ഞു. കള്ളപ്പണം വെളുപ്പിച്ചു എന്നതിൽ ഒരു തരത്തിലുള്ള സംശയവുമില്ല. കരിമ്പട്ടികയിലുള്ള കമ്പനികൾക്കും മദ്യ വ്യാപാരത്തിനു ലൈസൻസ് നൽകി. വലിയ അഴിമതി തന്നെ നടന്നിട്ടുണ്ടെന്നു വ്യക്തമാണ്. ഇതിന്റെ പ്രത്യാഘാതം സർക്കാർ ഖജനാവിലുണ്ടാകുകയും ചെയ്തെന്നും എഎസ്ജി ചൂണ്ടിക്കാട്ടി.
വ്യക്തമായ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ആം ആദ്മി പാർട്ടിക്കെതിരെ എന്തെങ്കിലും നടപടിയെടുത്താൽ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ആക്രമിക്കുന്നേ എന്ന നിലവിളിയുയരും. നടപടിയെടുക്കാതിരുന്നാൽ തെളിവ് എവിടെ എന്നു ചോദ്യം ചെയ്യും. എഎസ്ജി പറഞ്ഞു.