ന്യൂഡൽഹി: മദ്യനയക്കേസിൽ ജാമ്യം ലഭിച്ച സഞ്ജയ് സിങ് എംപി തീഹാറിൽ നിന്നും പുറത്തിറങ്ങി. രാത്രി എട്ട് മണിയോടെയാണ് സഞ്ജയ് സിങിന് ജയിലിൽ നിന്ന പുറത്തിറങ്ങാനായത്. ജയിലിന് പുറത്ത് കാത്ത് നിന്ന് എഎപി പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നൽകുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. ആറ് മാസങ്ങൾക്ക് ശേഷമാണ് കേസിൽ സഞ്ജയ് സിങിന് ജാമ്യം ലഭിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെ കാണുന്ന സഞ്ജയ് സിങ് പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെയും അഭിസംബോധന ചെയ്യും.

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആറുമാസത്തോളമായി സഞ്ജയ് സിങ് ജയിലിലായിരുന്നു.ചൊവ്വാഴ്ചയാണ് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം നൽകിയത്. പുറത്തെത്തുന്ന സഞ്ജയ് സിങ്ങിനെ കാത്ത് നൂറുകണക്കിന് ആം ആദ്മി പ്രവർത്തകരാണ് തിഹാർ ജയിൽ പരിസത്ത് കാത്തുനിന്നിരുന്നത്. ആഘോഷിക്കാനുള്ള സമയം ആയിട്ടില്ലെന്നും പോരാടാനുള്ള സമയമാണിതെന്നും സഞ്ജയ്, പ്രവർത്തകരോട് പറഞ്ഞു.

പാർട്ടിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും ഇതേ കേസിൽ അഴിക്കുള്ളിലാണ്. ജയിലിന്റെ താഴുകൾ പൊട്ടിച്ചെറിഞ്ഞ് അവർ പുറത്തെത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സഞ്ജയ് സിങ് പറഞ്ഞു.

സുപ്രീംകോടതിക്കുമുന്നിൽ വന്ന ജാമ്യാപേക്ഷയെ ഇ.ഡി. എതിർത്തിരുന്നില്ല. തുടർന്നായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി. വരലെ എന്നിവരുടെ ബെഞ്ചിന്റെ നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അറസ്റ്റിലായ സഞ്ജയ് സിങ്ങിൽനിന്ന് ഇ.ഡി. പണമൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ജസ്റ്റിസുമാർ ചൂണ്ടിക്കാട്ടി.

സഞ്ജയ് സിങ്ങിനെ കൂടാതെ മദ്യനയക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും അരവിന്ദ് കെജ്രിവാളും തിഹാർ ജയിലിലാണുള്ളത്. കഴിഞ്ഞവർഷം ഒക്ടോബർ നാലിനാണ് സഞ്ജയ് സിങ്ങിനെ ഇ.ഡി. അറസ്റ്റുചെയ്തത്. കേസിൽ അറസ്റ്റിലായ എ.എ.പി. നേതാക്കളിൽ ആദ്യമായാണ് ഒരാൾക്ക് ജാമ്യം ലഭിക്കുന്നത്.

ഡൽഹിയിലെ വസതിയിൽ നടത്തിയ പരിശോധനയ്ക്കു പിന്നാലെയായിരുന്നു സഞ്ജയ് സിങ്ങിനെ അറസ്റ്റുചെയ്തത്. മദ്യനയക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് മാപ്പുസാക്ഷിയാകുകയും ചെയ്ത വ്യവസായി ദിനേശ് അറോറയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി.യുടെ നടപടി. ദിനേശ് അറോറയുടെ കൈയിൽനിന്ന് രണ്ടുതവണയായി സഞ്ജയ് സിങ് രണ്ടുകോടി രൂപയുടെ കോഴപ്പണം കൈപ്പറ്റിയെന്നായിരുന്നു ഇ.ഡി. ആരോപിച്ചത്. എന്നാൽ, ഇ.ഡി. റെയ്ഡിലും ചോദ്യംചെയ്യലിലും ഇതിന് തെളിവുകൾ കണ്ടെത്താനായില്ല.