- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോൺഗ്രസ് പ്രകടന പത്രിക മുസ്ലിംലീഗിന്റെ വിചാരധാരകൾ നിറഞ്ഞത്': മോദി
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലിംലീഗിന്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന് മോദി ആരോപിച്ചു. സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നത്.അവശേഷിക്കുന്ന ഭാഗം ഇടത് പക്ഷത്തിന്റെ നിലപാടുകളെന്നും ഉത്തർ പ്രദേശിലെ സഹരാൺപുരിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി തുറന്നടിച്ചു.
ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷകളിൽനിന്നും അഭിലാഷങ്ങളിൽനിന്നും പൂർണമായി വേർപെട്ടു നിൽക്കുന്നതാണ് കോൺഗ്രസ് പാർട്ടി എന്ന് തെളിയിക്കുന്നതാണ് അവരുടെ പ്രകടന പത്രിക. സ്വാതന്ത്ര്യസമരകാലത്ത് മുസ്ലിം ലീഗിലുണ്ടായിരുന്ന അതേ ചിന്താധാരയാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലും പ്രതിഫലിക്കുന്നത്. മുസ്ലിം ലീഗിന്റെ മുദ്രപേറിക്കൊണ്ടുള്ളതാണ് കോൺഗ്രസ് പ്രകടനപത്രിക. ബാക്കിയുള്ളിടത്ത് ഇടതുപക്ഷത്തിന്റെ ആധിപത്യവും, മോദി പറഞ്ഞു. രാഷ്ട്ര നിർമ്മാണത്തിനുള്ള ഒരു നിർദ്ദേശവും കോൺഗ്രസിന് സ്വന്തമായി ഇല്ല. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും മോദി പറഞ്ഞു.
രാഹുൽ ഗാന്ധി- അഖിലേഷ് യാദവ് കൂട്ടുകെട്ടിനെയും മോദി പരിഹസിച്ചു. ചെക്കന്മാരുടെ പടം പണ്ടേ പൊട്ടിയതാണെന്നും പൊട്ടിയ പടം വീണ്ടും റിലീസ് ചെയ്യുകയാണെന്നും മോദി പറഞ്ഞു. കോൺഗ്രസ്-എസ്‌പിയുടെയും പഴയ പഴയ സഖ്യം ഓർമ്മപ്പെടുത്തിയാണ് മോദിയുടെ പരിഹാസം. സമാജ്വാദി പാർട്ടി ഓരോ മണിക്കൂർ കൂടുമ്പോഴും സ്ഥാനാർത്ഥികളെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസിന് മത്സരിപ്പിക്കാൻ സ്ഥാനാർത്ഥികളെപ്പോലും കിട്ടുന്നില്ലെന്നും മോദി പരിഹസിച്ചു. ശക്തികേന്ദ്രമായി പരിഗണിക്കുന്നിടത്തുപോലും കോൺഗ്രസിന് സ്ഥാനാർത്ഥികളെ നിർത്താനുള്ള ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി. 370-ൽ അധികം സീറ്റുകളിൽ വിജയിക്കാതിരിക്കാനാണ് പ്രതിപക്ഷത്തിന്റെ പോരാട്ടമെന്നും മോദി പറഞ്ഞു. ഭരണത്തിലിരുന്നപ്പോൾ കോൺഗ്രസിന്റെ ശ്രദ്ധ കമ്മിഷൻ കൈപ്പറ്റുന്നതിലായിരുന്നു. ഇന്ത്യ മുന്നണിയും അധികാരത്തിലെത്തിയ ശേഷം കമ്മിഷൻ കൈപ്പറ്റാനാണ് ലക്ഷ്യംവെക്കുന്നത്. അധികാരത്തിലെത്തിയ ശേഷം കമ്മിഷൻ കൈപ്പറ്റുക എന്നതാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും എന്നാൽ, എൻ.ഡി.എ. മുന്നണി ഒരു 'മിഷനി'ലാണ് (ദൗത്യം) ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മോദി ഭരണത്തിൽ രാജ്യം കടുത്ത നിരാശയിലെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വിമർശിച്ചു. മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കാൻ പോരാടും.ജനാധിപത്യത്തെ ബിജെപി തകർത്തെന്നും സോണിയ ഗാന്ധി ആരോപിച്ചു.