- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദി രാജ്യത്തേയും ജനാധിപത്യത്തേയും നശിപ്പിക്കുന്നുവെന്ന് സോണിയ ഗാന്ധി
ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കടുത്ത വിമർശനവുമായി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോദി രാജ്യത്തേയും ജനാധിപത്യത്തേയും നശിപ്പിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തുള്ള നേതാക്കളെ പാർട്ടിയിൽ ചേർക്കാൻ ബിജെപി സമ്മർദം ചെലുത്തുകയാണെന്നും അവർ ആരോപിച്ചു. ജയ്പുരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നും ഭരണഘടനാ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയും ഭരണഘടനതന്നെ മാറ്റാനുള്ള ഗൂഢാലോചന നടക്കുകയുമാണെന്നും സോണിയ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് തൊഴിലില്ലായ്മയും വിലക്കയറ്റവും അസമത്വവും അതിക്രമങ്ങളും ഇല്ലാതാക്കാൻ സർക്കാർ എന്താണ് ചെയ്തതെന്നും അവർ ചോദിച്ചു മഹാനായി ഭാവിച്ചുകൊണ്ട് മോദി രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും അന്തസ്സ് കീറിമുറിക്കുകയാണെന്നും സോണിയ കൂട്ടിച്ചേർത്തു.
'നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം ഇന്ന് അപകടകരമായ സ്ഥിതിയിലാണ്. ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കപ്പെടുന്നു. ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചന നടക്കുകയാണ്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, രാജ്യത്തുണ്ടാകുന്ന അതിക്രമങ്ങൾ എന്നിവ നേരിടാൻ ഒന്നും ചെയ്യാത്ത സർക്കാരാണ് കഴിഞ്ഞ 10 വർഷമായി രാജ്യം ഭരിക്കുന്നത്. സ്വയം മഹാനായി കാണുന്ന മോദി രാജ്യത്തിന്റെ അന്തസിനെയും ജനാധിപത്യത്തെയും കീറിമുറിക്കുകയാണ്. അനീതിയുടെ ഇരുട്ടാണ് എല്ലായിടത്തും. ബിജെപിക്കെതിരായ യുദ്ധത്തിൽ എല്ലാ വോട്ടർമാരും അണിചേരണം' സോണിയ ഗാന്ധി പറഞ്ഞു.
സോണിയ ഗാന്ധിക്കൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള നേതാക്കളും പങ്കെടുത്തു. റാലിയിൽ കോൺഗ്രസിന്റെ പ്രകടനയും അവതരിപ്പിച്ചു. ഇവിഎമ്മിൽ ജനങ്ങൾക്ക് വിശ്വാസമില്ലാത്ത കാലമാണ് ഇതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ആരംഭിച്ച സ്ഥാപനങ്ങൾ ഇന്ന് ദുരുപയോഗം ചെയ്യപ്പെടുകയാണ്. തൊഴിലില്ലായ്മ തുടച്ചുനീക്കാൻ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും മോദി സർക്കാർ നിറവേറ്റിയിട്ടില്ല. കർഷകർ തെരുവിൽ സമരം ചെയ്യുകയാണ്. എന്നാൽ അവരെ ശ്രദ്ധിക്കാൻ മോദിക്ക് സമയമില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വെള്ളിയാഴ്ചയാണ് കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. തൊഴിലില്ലായ്മയ്ക്കാണ് പ്രകടനപത്രികയിൽ ഊന്നൽ നൽകിയിരിക്കുന്നത്. സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് നടപ്പിലാക്കുമെന്നും പ്രകടനപത്രികയിൽ ഉറപ്പു നൽകുന്നു. സർക്കാർ - പൊതുമേഖല ജോലികളിൽ കരാർ നിയമനങ്ങൾ ഒഴിവാക്കും, പട്ടികജാതി - പട്ടികവർഗ- ഒബിസി സംവരണം വർധിപ്പിക്കും, കേന്ദ്ര സർക്കാർ ജോലിയിൽ 50 ശതമാനം വനിതകൾക്ക് നൽകും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. പാവപ്പെട്ട സ്ത്രീകൾക്ക് വർഷം ഒരു ലക്ഷം രൂപ നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്.
പ്രകടനപത്രികയ്ക്കെതിരേ മോദി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷകളിൽനിന്ന് കോൺഗ്രസ് പൂർണമായും മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് പ്രകടനപത്രികയെന്ന് അദ്ദേഹം വിമർശിച്ചു.