ന്യൂഡൽഹി: ഇന്ത്യയിൽ കടന്നുകയറി കുറ്റകൃത്യം ചെയ്ത ശേഷം അതിർത്തി കടന്ന് അഭയം പ്രാപിക്കുന്ന ഭീകരരെ വധിക്കാൻ പാക്കിസ്ഥാനിലേക്ക് കടന്നുള്ള ആക്രമണത്തിനും ഇന്ത്യയ്ക്ക് മടിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അയൽരാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ ആരെങ്കിലും ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങൾ നടത്തുകയും അതിർത്തി കടന്നുവന്ന് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്താൽ അവരെ വെറുതെ വിടില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്ത്യ അയൽരാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു. അന്യരാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താൻ ഇന്ത്യ ശ്രമിച്ചിട്ടില്ല.ഇതാണ് ഇന്ത്യയുടെ സ്വഭാവം.എന്നാൽ, ആരെങ്കിലും ഇന്ത്യയെ തുടരെ പ്രകോപിപ്പിച്ചാലോ ഇവിടെ വന്ന് ഭീകര പ്രവർത്തനങ്ങൾ നടത്തുകയും ചെയ്താലോ വെറുതെ വിടില്ലെന്നും രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി.

അതേ സമയം ഭീകരരെ അതിർത്തി കടന്നുചെന്ന് കൊലപ്പെടുത്തുമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരേ പാക്കിസ്ഥാൻ രംഗത്ത് വുന്നു. . മന്ത്രിയുടെ പ്രസ്താവന പ്രകോപനപരമാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതായി പാക് മാധ്യമമായ 'ദ ഡോൺ' റിപ്പോർട്ട് ചെയ്തു.

'സി.എൻ.എൻ. ന്യൂസ് 18'-ന് നൽകിയ അഭിമുഖത്തിലായിരുന്നു രാജ്നാഥ് സിങ്ങിന്റെ പരാമർശം. 2019-ന് ശേഷം ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ പാക്കിസ്ഥാനിൽ കടന്ന് ഭീകരന്മാരെ വധിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ദ ഗാർഡിയൻ' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ ആസ്പദമാക്കിയുള്ള ചോദ്യത്തിനായിരുന്നു രാജ്നാഥ് സിങ്ങിന്റെ മറുപടി. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ പ്രതികരണം.

പാക്കിസ്ഥാനിലെ സാധാരണക്കാരെ ഇന്ത്യ സ്വന്തം താൽപര്യപ്രകാരം ഭീകരവാദികളെന്ന് പ്രഖ്യാപിക്കുകയും അവരെ കൊലപ്പെടുത്തുമെന്ന് പറയുകയും ചെയ്യുന്നത് കുറ്റകരമായ സംഗതിയാണ്. ഇന്ത്യയുടെ ഇത്തരത്തിലുള്ള നിന്ദ്യവും നിയമവിരുദ്ധവുമായ നടപടികളെ അന്താരാഷ്ട്ര സമൂഹം ചോദ്യംചെയ്യണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെടുന്നു.

അയൽരാജ്യത്തുനിന്നുള്ള ഭീകരവാദികൾ ഇന്ത്യയിലെ സമാധാനത്തിന് ഉലച്ചിലുണ്ടാക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ ഭീകരാക്രമണം നടത്താൻ ശ്രമിക്കുകയോ ചെയ്താൽ തക്ക മറുപടി നൽകുമെന്നും അവർ പാക്കിസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടാൽ ഞങ്ങൾ പാക്കിസ്ഥാനിൽ കടന്ന് അവരെ വധിക്കുമെന്നുമായിരുന്നു രാജ്നാഥ് സിങ് പറഞ്ഞത്. അതേസമയം, ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഗാർഡിയന്റെ റിപ്പോർട്ടിനെതിരേ രംഗത്തെത്തിയിരുന്നു. റിപ്പോർട്ട് തെറ്റാണെന്നും ഇന്ത്യാവിരുദ്ധ പ്രചാരണമാണെന്നുമായിരുന്നു മന്ത്രാലയം പറഞ്ഞത്.