- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി വിധിക്ക് പിന്നാലെ കെജ്രിവാളിനെ പരിഹസിച്ച് ബിജെപി
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ കടുത്ത വിമർശനവുമായി ബിജെപി. ആം ആദ്മി പാർട്ടിയുടെ ധാർഷ്ട്യം തകർന്നുവെന്ന് ബിജെപി. എംപി. സുധാംശു ത്രിവേദി കുറ്റപ്പെടുത്തി. കെജ്രിവാളിനെ 'സ്വയം പ്രഖ്യാപിത സത്യസന്ധൻ' എന്നും അദ്ദേഹം പരിഹസിച്ചു.
കേസിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ ഇ.ഡിക്ക് സാധിച്ചെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണ്. കേജ്രിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ട്. ലഭിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചതായുമാണ് ഹൈക്കോടതി പറഞ്ഞത്.
'ആം ആദ്മി പാർട്ടിയുടെ ധാർഷ്ട്യം തകർന്നു. സ്വയം പ്രഖ്യാപിത സത്യസന്ധന്റെ (അരവിന്ദ് കെജ്രിവാളിനെ പരോക്ഷമായി പരാമർശിച്ച്) സ്വഭാവവും വസ്തുതകളാലും തെളിവുകളാലും തകർക്കപ്പെട്ടു. ഇതൊരു സാധാരണ സംഭവമല്ല. കാരണം, അദ്ദേഹം ജാമ്യം തേടിയല്ല, മറിച്ച് അറസ്റ്റിനെ തന്നെ ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്.' -ത്രിവേദി പറഞ്ഞു.
'ഒരു കുറ്റവാളി എല്ലായ്‌പ്പോഴും കുറ്റവാളിയാണ്. ഇന്ത്യയിലെ നിയമങ്ങൾ രാജ്യത്തെ എല്ലാവരും പിന്തുടരണം. ഇന്ന് ബഹുമാനപ്പെട്ട കോടതി എ.എ.പിയുടെ സംഘത്തലവനുനേരെ കണ്ണാടി കാണിച്ചിരിക്കുകയാണ്. ഇ.ഡി. ശേഖരിച്ച തെളിവുകൾ പറയുന്നത് അരവിന്ദ് കെജ്രിവാളാണ് സൂത്രധാരൻ എന്നാണ്. എ.എ.പിയുടെ നിലപാട് തുറന്നുകാട്ടപ്പെട്ടുകഴിഞ്ഞു.' -സുധാംശു ത്രിവേദി എക്സിൽ കുറിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് ഇ.ഡി. അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ സിംഗിൾ ബെഞ്ചാണ് ഹർജിയിൽ വിധിപറഞ്ഞത്. ഏപ്രിൽ മൂന്നിന് ഹർജി പരിഗണിച്ച ജസ്റ്റിസ് സ്വർണകാന്ത ശർമ മൂന്നു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം വിധി പറയാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.
അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് നിലവിൽ സമർപ്പിക്കട്ടെ ഹർജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്രിവാൾ ഉൾപ്പെട്ടതായി വ്യക്തമാകുന്ന തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന കെജ്രിവാളിന്റെ വാദം കോടതി തള്ളിയത്.
മദ്യനയക്കേസിൽ മാർച്ച് 21നാണ് ഡൽഹി മുഖ്യമന്ത്രിയെ ഇ.ഡി.അറസ്റ്റ് ചെയതത്. ഏപ്രിൽ 15 വരെ കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള അദ്ദേഹത്തിന്റെ ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നത്.