ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റുകയും അത് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ചൈനയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചൈനയിലെ സ്ഥലങ്ങളുടെ പേരുകൾ തങ്ങൾ മാറ്റിയാൽ അവ ഇന്ത്യയുടെ ഭാഗമാകുമോ എന്ന് അദ്ദേഹം ചോദിച്ചു. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് എന്ന് ഇന്ത്യയുടെ ഔദ്യോഗികവൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

'ചൈന അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളിടെ പേര് മാറ്റുകയും അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പേരുകൾ മാറ്റുന്നതിലൂടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നാണ് എനിക്ക് എന്റെ അയൽക്കാരോട് (ചൈനയോട്) പറയാനുള്ളത്. നാളെ ഞങ്ങൾ ചൈനയിലെ ചില പ്രവിശ്യകളുടേയും ചില സംസ്ഥാനങ്ങളുടേയും പേരുകൾ മാറ്റിയാൽ അതെല്ലാം ഇന്ത്യയുടെ ഭാഗമാകുമോ?' -രാജ്‌നാഥ് സിങ് ചോദിച്ചു. അരുണാചൽ പ്രദേശിലെ നാംസായിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

'ജീവിതത്തിൽ സുഹൃത്തുക്കൾ മാറും, പക്ഷേ അയൽക്കാർ മാറില്ല എന്നാണ് അടൽ ബിഹാരി വാജ്‌പേയ് പറയാറുള്ളത്. എല്ലാ അയൽരാജ്യങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കണം എന്നാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാൽ ആരെങ്കിലും ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താൻ ശ്രമിച്ചാൽ അതിനോട് പ്രതികരിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്' - പ്രതിരോധമന്ത്രി പറഞ്ഞു.

ഈ മാസം ആദ്യമാണ് അരുണാചലിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പട്ടിക ചൈന പുറത്തിറക്കിയത്. ഈ പേരുകൾ മെയ്‌ ഒന്നുമുതൽ പ്രാബല്യത്തിൽവരും എന്നാണ് ചൈനീസ് സർക്കാർ പത്രമായ 'ഗ്ലോബൽ ടൈംസ്' റിപ്പോർട്ട് ചെയ്തത്. അരുണാചൽപ്രദേശിനുമേലുള്ള ചൈനയുടെ അവകാശവാദം പണ്ടുമുതലേ ഉള്ളതാണ്. ഈയിടെയായി ആ വാദം ശക്തമായിരുന്നു.

അതിനുപിന്നാലെ അരുണാചൽ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് എന്ന് ഇന്ത്യയുടെ ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ രാജ്‌നാഥ് സിങ് നടത്തിയതിന് സമാനമായ പ്രതികരണമാണ് അന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും നടത്തിയത്. പുതിയ പേരുകൾ നൽകിയാൽ അരുണാചൽ ഇന്ത്യയുടെ ഭാഗമാണെന്ന യാഥാർഥ്യം മായ്ക്കാനാകില്ല എന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.