ന്യൂഡൽഹി: മധ്യപ്രദേശിൽ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി രാഷ്ട്രീയ വിവാദം. കോൺഗ്രസിൽനിന്ന് കൂട്ടത്തോടെ നേതാക്കളെ അടർത്തിയെടുക്കുന്നതിനിടെയാണ് ബിജെപി. നേതാവിന്റെ പുതിയ പ്രസ്താവന പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് താൻ കോൺഗ്രസിൽ പോയതും പിന്നീട് തിരിച്ചെത്തിയതും ആർ.എസ്.എസ്. തന്ത്രപ്രകാരമായിരുന്നുവെന്ന് ബിജെപി. നേതാവ് രാംകുമാർ ശുക്ല പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോൺഗ്രസിലെത്തിയ ബയ്യാജി എന്നു വിളിക്കുന്ന ശുക്ലയെ മൗവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരുന്നു. തുടർച്ചയായി രണ്ടുതവണ ജയിച്ച അന്തർസിങ് ദർബാറിനെ മാറ്റിയാണ് ശുക്ലയെ കോൺഗ്രസ് പരീക്ഷിച്ചത്. ഇതോടെ ദർബാർ വിമതനായി മത്സരിച്ചു.

ദർബാർ രണ്ടുതവണ തോൽപ്പിച്ച ബിജെപി.യുടെ ഉഷ താക്കൂർ ഇതോടെ 34,392 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം കൈയടക്കി. ദർബാർ 68,597 വോട്ടുമായി രണ്ടാംസ്ഥാനത്തെത്തി. ശുക്ലയ്ക്ക് 29,144 വോട്ടേ നേടാനായുള്ളൂ. ഉഷ താക്കൂർ മൂന്നാംതവണയും തോൽക്കുമെന്നുറപ്പായപ്പോൾ ആർ.എസ്.എസ്. തന്ത്രപ്രകാരമാണ് താൻ കളം മാറിയതെന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായതെന്നുമാണ് ശുക്ല പറയുന്നത്.

തന്നെ കോൺഗ്രസിലേക്ക് അയച്ചത് വി.എച്ച്.പി.യുടെ ഇന്ദോർ വിഭാഗ് സംഘതൻ മന്ത്രി അഭിഷേക് ഉദേനിയയാണെന്നും ശുക്ല വ്യക്തമാക്കി. തോറ്റതിന് പിന്നാലെ ശുക്ല ബിജെപി.യിൽ തിരികെയെത്തി. സീറ്റ് നൽകാതെ വഞ്ചിച്ച കോൺഗ്രസ് വിട്ട് അനന്ത് സിങ് ദർബാറും ബിജെപി.യിലെത്തി. അതേസമയം, ശുക്ലയുടെ വാദങ്ങൾ ഉഷ താക്കൂർ തള്ളി.