ബെംഗളൂരു: കർണാടക വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരേ ബിജെപി. നേതാവ് സഞ്ജയ് പാട്ടീൽ നടത്തിയ പരാമർശം വിവാദത്തിൽ. മന്ത്രിക്ക് സുഖമായി ഉറങ്ങാൻ എക്‌സ്ട്രാ പെഗ്, അല്ലെങ്കിൽ ഉറക്ക ഗുളിക വേണമെന്നായിരുന്നു ബിജെപി. മുൻ എംഎ‍ൽഎ. കൂടിയായ സഞ്ജയ് പാട്ടീലിന്റെ പരാമർശം. ബെൽഗാവിയിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വച്ചായിരുന്നു പരാമർശം.

കർണാടകയിൽ ബിജെപിക്ക് സ്ത്രീകളുടെ പിന്തുണ ഉയരുന്നുണ്ടെന്നും ഇത് ഹെബ്ബാൾക്കറെ ആശങ്കപ്പെടുത്തുമെന്നും പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ മുൻ ബിജെപി എംഎൽഎ സഞ്ജയ് പാട്ടീൽ പറഞ്ഞു. ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ ബെലഗാവി മണ്ഡലത്തിൽ നിന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ബെലഗാവിയിൽ ബിജെപിക്ക് സ്ത്രീകളുടെ പിന്തുണ വർദ്ധിക്കുന്നത് കണ്ട് ഹെബ്ബാൾക്കറിന് ഉറക്കം വരില്ല. രമേഷ് ജാർക്കിഹോളി അവിടെ പ്രചാരണം നടത്തുന്നത് കാണാനും അവർക്ക് ബുദ്ധിമുട്ടായിരിക്കും. അവർക്ക് രാത്രി ഉറക്കം ലഭിക്കാൻ ഉറക്ക ഗുളികയോ എക്‌സ്ട്രാ പെഗോ വേണമെന്നും പാട്ടീൽ യോഗത്തിൽ പറഞ്ഞു.2021 മാർച്ചിൽ ജാർക്കിഹോളി ഉൾപ്പെട്ട ലൈംഗിക ഉള്ളടക്ക സിഡി വൻവിവാദമുണ്ടാക്കിയിരുന്നു. പരാമർശത്തെ വിഡിയോ പ്രസ്താവനയിൽ ഹെബ്ബാൾക്കർ അപലപിച്ചു.

സ്ത്രീകളോട് ബിജെപിക്കുള്ള ആദരവിന്റെ ഉദാഹരണമാണോ പാട്ടീലിന്റെ പരാമർശമെന്ന് അവർ ചോദിച്ചു. ബിജെപിക്ക് സ്ത്രീകളോടുള്ള ബഹുമാനമാണ് കാണിക്കുന്നത്. ഇതാണ് ബിജെപിയുടെ ഹിഡൻ അജണ്ട. നിങ്ങൾ റാം, ബേട്ടി പച്ചാവോ, ബേട്ടി പഠാവോ എന്ന് ജപിച്ചാൽ മാത്രം പോരാ, സ്ത്രീകളെ ബഹുമാനിക്കണമെന്നും ഹെബ്ബാൾക്കർ തിരിച്ചടിച്ചു. ഹിന്ദു സംസ്‌കാരത്തെക്കുറിച്ച് പ്രസംഗിക്കുന്ന സഞ്ജയ് പാട്ടീലിന്റെ പരാമർശം എനിക്ക് മാത്രമല്ല, സംസ്ഥാനത്തെയും രാജ്യത്തെയും എല്ലാ സ്ത്രീകളോടുമുള്ള അനാദരവാണെന്നും അവർ പറഞ്ഞു. ബെലഗാവിയിൽ മൃണാൾ രവീന്ദ്ര ഹെബ്ബാൾക്കർ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറിനെതിരെയാണ് മത്സരിക്കുന്നത്.