ന്യൂഡൽഹി: ഛത്തീസ്‌ഗഢിൽ സുരക്ഷാസേന നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാങ്കറിൽ നടത്തിയ സൈനിക നടപടിയിൽ 29 മാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. സുരക്ഷാസേന സംസ്ഥാനത്ത് വലിയ വിജയം കൈവരിച്ചുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കാങ്കറിലെ ഛോട്ടേബേട്ടിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിനഗുണ്ട ഗ്രാമത്തിലാണ് മാവോവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 29 മാവോവാദികൾ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ബി.എസ്.എഫും ഡിസ്ട്രിക്ട് റിസർവ് ഗാർഡുമാണ് മാവോയിസ്റ്റ് വിരുദ്ധ നടപടിയിൽ പങ്കെടുത്തത്.

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് പിന്നാലെ ബിജെപി. സർക്കാർ, നക്സലിസത്തിനും ഭീകരവാദത്തിനുമെതിരേ തുടർച്ചയായ പ്രചാരണങ്ങൾ ആരംഭിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. 2014 മുതൽ ക്യാമ്പുകൾ സജ്ജമാക്കി. മാവോവാദികളെ ഇല്ലാതാക്കാൻ 2019-ന് ശേഷം ചുരുങ്ങിയത് 250 ക്യാമ്പുകൾ ഛത്തീസ്‌ഗഢിൽ ആരംഭിച്ചു. സർക്കാർ രൂപവത്കരണത്തിന് ഏകദേശം മൂന്നുമാസത്തിനകം സംസ്ഥാനത്ത് എൺപതിലധികം നക്സൽവാദികളെ വധിച്ചു. 125-ൽ അധികം നക്സലുകളെ അറസ്റ്റ് ചെയ്തു. 150-ൽ അധികം നക്സൽവാദികൾ കീഴടങ്ങി, അമിത് ഷാ കൂട്ടിച്ചേർത്തു.

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് അമിത് ഷാ എക്സിൽ കുറിപ്പും പങ്കുവെച്ചിരുന്നു. നടപടി വിജയകരമാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും പരിക്കേറ്റ പൊലീസുകാർ അതിവേഗം സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നടപടികളുടെ ഭാഗമായി മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളതെന്നും ഉടൻതന്നെ ഛത്തീസ്‌ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകുമെന്നും മന്ത്രി പറഞ്ഞു.