- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചന': ആം ആദ്മി പാർട്ടി
ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിൽ വച്ച് കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി ആം ആദ്മി പാർട്ടി. പ്രമേഹം കൂടി, ജാമ്യം ലഭിക്കുന്നതിനായി കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി കോടതിയിൽ ആരോപിച്ചതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായ അതിഷി രംഗത്ത് വന്നത്.
ഗൗരവമായ നിലയിൽ പ്രമേഹബാധിതനായ കെജ്രിവാളിന് ഇൻസുലിൻ നിർബന്ധമാണ്, എന്നാൽ അദ്ദേഹത്തിന് ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്നും അതിഷി പറഞ്ഞു. പ്രമേഹം കൂടാൻ കെജ്രിവാൾ ജയിലിൽ വച്ച് അമിതമായി മധുരം കഴിക്കുന്നുവെന്ന ഇഡി വാദം അടിസ്ഥാന രഹിതമാണ്, അത് കള്ളമാണെന്നും ആം ആദ്മി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാലാണ് വീട്ടിൽ നിന്ന് തയ്യാറാക്കുന്ന ഭക്ഷണം നൽകാൻ നിർദേശിക്കുന്നത്. എന്നാൽ ഇതിനും അനുവദിക്കുന്നില്ല. ഇത്തരത്തിൽ ജയിലിൽ വച്ച് തന്നെ കെജ്രിവാളിനെ അപകടപ്പെടുത്താനാണ് നീക്കമെന്നാണ് വീഡിയോ പ്രസ് മീറ്റിലൂടെ അതിഷി ആരോപിക്കുന്നത്.
ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വീട്ടിൽ നിന്നുള്ള ഭക്ഷണം എത്തിക്കാതെ കെജ്രിവാളിനെ കൊല്ലാനാണ് നീക്കം നടക്കുന്നതെന്നും അവർ പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസവും പരിശോധിക്കണമെന്നും ചികിത്സക്കായി ഡോക്ടറെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെജ്രിവാൾ ഡൽഹി കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി കോടതി പരിഗണിക്കവെയായിരുന്നു ഇ.ഡിയുടെ ആരോപണം.
ഹർജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെയാണ് ഗുരുതര ആരോപണവുമായി അതിഷി രംഗത്തുവന്നത്. വീട്ടിൽ നിന്ന് ജയിലിലേക്ക് ഭക്ഷണം എത്തിക്കുന്നത് തടയാനാണ് ബിജെപിയും ഇ.ഡിയും ശ്രമിക്കുന്നത്. അദ്ദേഹം ജയിലിൽ വെച്ച് മധുരം കഴിക്കുന്നുവെന്ന ഇ.ഡി വാദം പച്ചക്കള്ളമാണെന്നും അതിഷി പറഞ്ഞു.
അദ്ദേഹം മാങ്ങയും പഴവും കഴിക്കുന്നുവെന്നാണ് ഇ.ഡി പറയുന്നത്. മറ്റൊന്ന് എല്ലാ ദിവസവും ആലൂ പൂരി കഴിക്കുന്നുവെന്നും. ആഴ്ചയിൽ ഒരു ദിവസമാണ് കെജ്രിവാൾ പൂരി കഴിക്കുന്നതെന്ന് ഡയറ്റ് ചാർട്ട് നോക്കിയാൽ മനസിലാക്കാൻ പറ്റും. കെജ്രിവാളിനെ ഇല്ലാതാക്കാനുള്ള വലിയ ഗൂഢാലോചനയാണിതെന്നും അവർ പറഞ്ഞു. തിഹാർ ജയിൽ അധികൃതർ കെജ്രിവാളിന് ഇൻസുലിൻ നൽകുന്നില്ലെന്നും അതിഷി പറഞ്ഞു. ചില ദിവസങ്ങളിൽ കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 300 വരെ ആയിട്ടുണ്ട്. അദ്ദേഹം ഇൻസുലിനായി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജയിൽ അധികൃതർ നൽകിയില്ലെന്നും അവർ കുറ്റപ്പെടുത്തി.