ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിക്കുന്നതിനായി മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇ ഡി ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തിഹാർ ജയിലിൽ കഴിയവേ 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു. ഇതിൽ മൂന്ന് തവണ മാത്രമാണ് മാങ്ങ ഉണ്ടായിരുന്നതെന്ന് കെജ്രിവാൾ ഡൽഹി റൗസ് അവന്യു കോടതിയെ അറിയിച്ചു.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സമയത്ത് കോടതി അനുവാദം നൽകിയ ഭക്ഷണക്രമമാണോ കെജ്രിവാൾ പാലിച്ചതെന്ന് പരിശോധിക്കുമെന്ന് വിചാരണ കോടതി വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് മാധ്യമ വിചാരണയ്ക്കാണ് ഇഡി ശ്രമിക്കുന്നതെന്ന് കെജരിവാൾ വാദിച്ചു. ജയിലിൽ ഇൻസുലിൻ എടുക്കാൻ അനുവദിക്കണം എന്നതുൾപ്പടെയുള്ള കെജ്രിവാളിന്റെ ആവശ്യത്തിൽ കോടതി തിങ്കളാഴ്‌ച്ച വിധി പറഞ്ഞേക്കും

മാധ്യമ വിചാരണയാണ് ഇ.ഡി നടത്തുന്നതെന്ന് കെജിരിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ആരോപിച്ചു. മാധ്യമങ്ങളിൽ സ്വാധീനം ഉള്ളതുകൊണ്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഏപ്രിൽ എട്ടിനുശേഷം മാങ്ങ കഴിച്ചിട്ടില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിന് ശേഷം മൂന്നുതവണ മാത്രമാണ് മാങ്ങ കഴിച്ചത്. പൂരിയും ഉരുളകിഴങ്ങ് കറിയും കഴിക്കുന്നു എന്ന ആരോപണവും കെജ്രിവാൾ തള്ളി. നവരാത്രി പ്രസാദമായി എത്തിച്ച പൂരിയും ഉരുളകിഴങ്ങ് കറിയുമാണ് ഒരുതവണ കഴിച്ചത്. ഡയബറ്റിക് രോഗിയായ കെജ്രിവാൾ പഞ്ചസാര ഇട്ട ചായ കുടിക്കാറില്ലെന്നും അഭിഷേക് മനു സിങ്വി കോടതിയെ അറിയിച്ചു.

അതേസമയം, ഡയബറ്റിക് രോഗിക്ക് ഡോക്ടർ നിശ്ചിയിച്ചിട്ടുള്ള ഡയറ്റ് ചാർട്ട് പ്രകാരമുള്ള ഭക്ഷണമല്ല കെജ്രിവാൾ കഴിക്കുന്നതെന്ന് ഇ.ഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഡയറ്റ് ചാർട്ടിൽ മധുരവും പഴങ്ങളും കഴിക്കണമെന്ന് പറഞ്ഞിട്ടില്ല. ഡോക്ടർ നിഷ്‌കർഷിച്ച ഡയറ്റ് പാലിക്കാത്തതിനാലാണ് കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ കാണിക്കുന്നതെന്നും ഇ.ഡി കോടതിയിൽ ചൂണ്ടിക്കാട്ടി.

ജയിലിൽ ഇൻസുലിൻ എടുക്കാൻ അനുവദിക്കണം എന്നതുൾപ്പടെയുള്ള കെജ്രിവാളിന്റെ ആവശ്യത്തിൽ വിധിപറയാൻ കോടതി മാറ്റി. ദിവസവും പതിനഞ്ച് മിനുട്ട് ഡോക്ടറുമായി വീഡിയോ കോൺഫെറെൻസിന് അവസരം ഒരുക്കണമെന്നും ഈ കോൺഫെറെൻസിൽ ഭാര്യയുടെ സാന്നിധ്യംകൂടി അനുവദിക്കണമെന്നും കെജ്രിവാൾ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.