ന്യൂഡൽഹി: തിഹാർ ജയിലിനുള്ളിൽ ഇൻസുലിനും ഡോക്ടറുമായുള്ള കൂടിക്കാഴ്ചയും നിഷേധിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സാവധാനം മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്. ടൈപ്പ്-2 പ്രമേഹരോഗിയായ കെജ്രിവാളിന് ഇൻസുലിൻ നൽകാൻ ജയിൽ അധികൃതർ വിസ്സമ്മതിച്ചതായി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എ.എ.പി. നേതാവ് ആവർത്തിച്ചു.

ടൈപ്പ്-2 പ്രമേഹമുള്ള അരവിന്ദ് കേജ്രിവാൾ ഇൻസുലിൻ കുത്തിവയ്ക്കുന്നതിനും ഡോക്ടറുമായി വിഡിയോ കോൺഫറൺസിങ് നടത്തുന്നതിനും അനുമതി തേടിയെങ്കിലും ജയിൽ അധികൃതർ നിഷേധിച്ചതായി പാർട്ടി വക്താവും ആരോഗ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. കെജ്രിവാളിന് ഇൻസുലിൻ അനുവദിക്കണമെന്നും ജയിലിനുള്ളിൽ ഡോക്ടറെ കാണാനുള്ള അനുമതി നൽകണമെന്നുള്ള എഎപിയുടെ ഹർജിയിൽ വിധി പ്രസ്താവിക്കുന്നത് വെള്ളിയാഴ്ച ഡൽഹി കോടതി മാറ്റിവെച്ചതിനു പിന്നാലെയാണ് ആരോപണം.

കെജ്രിവാളിനെ സാവധാനം മരണത്തിലേക്ക് നയിക്കാനുള്ള ഗൂഢാലോചന നടന്നുവരികയാണെന്ന് കെജ്രിവാളിന്റെ പ്രമേഹപരിശോധനാഫലം ചൂണ്ടിക്കാട്ടി ഭരദ്വാജ് ആരോപിച്ചു. കെജ്രിവാളിന് ഇൻസുലിൻ അനുവദിക്കാത്തതിൽ തിഹാർ ഭരണകൂടം, ബിജെപി, കേന്ദ്രസർക്കാർ, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ എന്നിവയ്ക്കെതിരെ ഭരദ്വാജ് കടുത്ത അമർഷം പ്രകടിപ്പിക്കുകയും ചെയ്തു. ആന്തരാവയവങ്ങൾ തകരാറിലാക്കി കെജ്രിവാളിനെ ഇല്ലാതാക്കാനാണ് ശ്രമമെന്ന് ഭരദ്വാജ് പറഞ്ഞു. രണ്ടോ നാലോ മാസത്തിനുശേഷം കെജ്രിവാൾ ജയിൽമോചിതനാകുമ്പോൾ അദ്ദേഹം വൃക്ക, ഹൃദയം, മറ്റവയവങ്ങൾ എന്നിവയ്ക്കുള്ള ചികിത്സ തേടേണ്ടിവരുമെന്നും ഭരദ്വാജ് കൂട്ടിച്ചേർത്തു.

ജാമ്യം അനുവദിച്ചുകിട്ടുന്നതിനായി ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ കെജ്രിവാൾ മാമ്പഴം, ആലൂ-പൂരി, മധുരം ചേർത്ത ചായ എന്നിവ കഴിക്കുകയാണെന്ന് നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആരോപിച്ചിരുന്നു. എന്നാൽ, ജാമ്യം ലഭിക്കുന്നതിനുവേണ്ടി പക്ഷാഘാതം വരുത്താൻ ഡൽഹി മുഖ്യമന്ത്രി ഒരുക്കമല്ലെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി മറുപടി നൽകിയിരുന്നു. കെജ്രിവാളിന്റെ വസതിയിൽനിന്ന് 48 തവണ ജയിലിലെത്തിച്ച ഭക്ഷണത്തിൽ മൂന്ന് മാമ്പഴം മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നതെന്നും സിങ്വി കോടതിയെ അറിയിച്ചു. ഇ.ഡിയുടെ ആരോപണങ്ങളെ കെജ്രിവാളും കോടതിയിൽ നിഷേധിച്ചിരുന്നു.