കൊൽക്കത്ത: പശ്ചിമബംഗാൾ സ്‌കൂൾ സർവീസസ് കമ്മിഷൻ നിയമന കുംഭകോണ കേസിൽ മമത ബാനർജി സർക്കാരിന് കനത്ത തിരിച്ചടി. സർക്കാർ സ്‌പോൺസേഡ്, എയ്ഡഡ് സ്‌കൂളുകളിലെ 2016 ലെ മുഴുവൻ റിക്രൂട്ട്മെന്റ് നടപടികളും കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് സ്റ്റേ ചെയ്യാനുള്ള അപേക്ഷയും കൊൽക്കത്ത ഹൈക്കോടതി തള്ളി. 15 ദിവസത്തിനുള്ളിൽപുതിയ നിയമന നടപടികൾ ആരംഭിക്കാനും കോടതി നിർദേശിച്ചു.

ഇതോടെ 25,573 അധ്യപക-അനധ്യാപക തസ്‌കികകളിലേക്ക് നൽകിയ നിയമനങ്ങൾ റദ്ദാക്കപ്പെട്ടു. നാലാഴ്ചയ്ക്കകം നിയമനം കിട്ടിയവർ ഇതുവരെ വാങ്ങിയ ശമ്പളവും അതിന്റെ 12 ശതമാനം പലിശയും ചേർത്ത് മടക്കി നൽകണമെന്നും കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. അതേസമയം കാൻസർ ബാധിതനായ സോമ ദാസ് എന്നയാൾക്ക് മാത്രം കോടതി ഇളവു നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് ജോലി നഷ്ടമാകില്ല.

ജസ്റ്റിസുമാരായ ദെബാങ്‌സു ബസാക്, എം.ഡി. ഷബ്ബാർ റാഷിദി എന്നിവരടങ്ങുന്ന ബെഞ്ചാണ് നിയമനങ്ങൾ അസാധുവാക്കുകയും സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് നൽകുകയും ചെയ്തത്. മൂന്ന് മാസത്തിനുള്ളിൽ സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. കേസിൽ ഡിവിഷൻ ബെഞ്ചിനെ നിയമിക്കാൻ 2023 നവംബർ ഒമ്പതിനാണ് സുപ്രീം കോടതി കെൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിർദ്ദേശം നൽകിയത്.

2016-ൽ നടന്ന എസ്.എസ്.സി. നിയമന പരീക്ഷയിൽ 23 ലക്ഷം പേരാണ് 24,640 തസ്തികകളിലേക്കായി പങ്കെടുത്തത്. ഇതിൽ 25,753 പേർക്ക് നിയമന ഉത്തരവ് ലഭിച്ചുവെന്ന് പരാതിക്കാരുടെ അഭിഭാഷകനായ ഫിർദൗസ് ഷമീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പശ്ചിമബംഗാൾ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന പാർഥ ചാറ്റർജിയെ സ്‌കൂളുകളിൽ അദ്ധ്യാപക-അനധ്യാപക തസ്തികകളിൽ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാർഥയുടെ സഹായി അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 21 കോടിയുടെ നോട്ടുകെട്ടുകളും ഒരു കോടിയുടെ സ്വർണവും ഇ.ഡി പിടിച്ചെടുത്തതിന് പിന്നാലെയാണ്പാർഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്.