ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ വി.വി.പാറ്റ് സ്ലിപ്പുകൾ മുഴുവൻ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തള്ളി. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി അറിയിച്ചു. ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയത്തിന് ഇടയാക്കും. മൈക്രോ കൺട്രോൾ എണ്ണണമെന്ന ആവശ്യം തിരഞ്ഞെടുപ്പിന് ശേഷം ആവശ്യപ്പെടാം. ഇതിന്റെ ചെലവ് സ്ഥാനാർത്ഥി വഹിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.

ഈ തീരുമാനത്തോടെ തിരഞ്ഞെടുപ്പ് കൂടുതൽ സുതാര്യമാകും. ഇലക്ട്രോണിക് മിഷന്റെ സുതാര്യതയിൽ സംശയമുള്ളവർക്ക് ഫലം പ്രഖ്യാപിച്ച ശേഷം വി വി പാറ്റ് മിഷനിലെ സ്ലിപ്പുകൾ എണ്ണണമെന്ന ആവശ്യം ഉയർത്താം. അങ്ങനെ എണ്ണുന്നതിലൂടെ ഇലക്ട്രോണിക് മിഷന്റെ കൃത്യതയും ഉറപ്പിക്കാൻ കഴിയും. ഏതെങ്കിലും സ്ഥാനാർത്ഥി ആവശ്യം ഉന്നയിച്ചാൽ മാത്രം എണ്ണിയാൽ മതിയെന്നതും അതിന്റെ ചെലവ് സ്ഥാനാർത്ഥി വഹിക്കണമെന്നുമുള്ളതും കമ്മീഷനും ഭാവിയിൽ ആശ്വാസമാണ്. അതായത് വി വി പാറ്റ് സംവിധാനം കൂടുതൽ കൃത്യതയാണെന്ന് ഉറപ്പാക്കുകയാണ് സുപ്രീംകോടതി.

ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവൻ ഒത്തുനോക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളിയത് തിരഞ്ഞെടുപ്പ് കമ്മിഷന് ചില നിർദ്ദേശങ്ങൾ നൽകികൊണ്ടാണ്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രണ്ട് നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. വോട്ടിങ് മെഷീനിൽ ചിഹ്നം ലോഡുചെയ്യൽ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, ചിഹ്നം ലോഡിങ് യൂണിറ്റ് സീൽ ചെയ്യണം എന്നതാണ് ഒരു നിർദ്ദേശം. കുറഞ്ഞത് 45 ദിവസമെങ്കിലും ഇത് സൂക്ഷിക്കണമെന്നാണ് നിർദ്ദേശം.

അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണു ഹർജി നൽകിയത്. കോടതിക്ക് തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനോ നിർദ്ദേശങ്ങൾ നൽകാനോ കഴിയില്ലെന്ന് ബുധനാഴ്ച ഹർജികളിൽ വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഫലങ്ങളിൽ കൃത്രിമം നടത്താൻ ഇ.വി.എമ്മുകളിൽ മാറ്റം വരുത്താൻ കഴിയുമെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ നിലപാട് സുപ്രീംകോടതി അംഗീകരിക്കുന്നില്ല. നിലവിൽ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ സ്ലിപ്പുകൾ മാത്രമാണ് ഒത്തുനോക്കുന്നത്. വോട്ടർമാർക്ക് തന്നെ അവർ ചെയ്ത വോട്ടും സ്ലിപ്പിൽ വന്നതും ഒത്തുനോക്കി ഉറപ്പുവരുത്താൻ സാധിക്കണമെന്ന ആവശ്യമാണ് ഹർജിയിലൂടെ ഉയർത്തിയത്.

എല്ലാ വോട്ടുകളുടെയും വി.വിപാറ്റ് പരിശോധിച്ചുറപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളോടുള്ള പ്രതികരണത്തിൽ ഈ നടപടി വോട്ടെണ്ണൽ പ്രക്രിയയെ വൈകിപ്പിക്കുമെന്നാണ് കോടതി വാദം. ഇത് പരിഹരിക്കാനാണ് പരാതിയുണ്ടെങ്കിൽ പിന്നീട് പരിശോധിക്കാമെന്ന നിർദ്ദേശം. 2009-ലെ പൊതുതിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിഷയം ആദ്യമായി ഉയർന്നത്. ഇ.വി.എമ്മുകളിൽ പേപ്പർ ട്രയൽ സംവിധാനം ഉൾപ്പെടുത്തണമെന്ന് സ്വാമി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഹൈക്കോടതി ഹരജി തള്ളിയതിനാൽ സ്വാമി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 2013ലെ വിധിന്യായത്തിൽ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് 'പേപ്പർ ട്രയൽ' ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞു. അങ്ങനെയാണ് പേപ്പർ ട്രയൽ തുടങ്ങുന്നത്.