മുംബൈ: ന്യൂനപക്ഷ വിഭാഗങ്ങൾക്കായി മുദ്രാവാക്യം ഉയർത്തുമ്പോഴും പാർട്ടിക്കുള്ളിൽ അവഗണന നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ച് മഹാരാഷ്ട്രയിലെയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ മുഹമ്മദ് ആരിഫ് നസീം ഖാൻ പ്രചാരണ സമിതിയിൽ നിന്നും രാജിവച്ചു. ദീർഘകാലമായി പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിൽനിന്ന് കോൺഗ്രസ് വ്യതിചലിച്ചെന്ന് ആരോപിച്ചാണ് രാജി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു മുസ്ലിം നേതാവിനെ പോലും മഹാ വികാസ് അഘാഡി സഖ്യം (എംവിഎ) സ്ഥാനാർത്ഥിയായി പരിഗണിച്ചില്ലെന്നും അതിനാൽ പ്രചാരണ സമിതിയിൽ നിന്ന് രാജിവെക്കുന്നതായും അറിയിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അദ്ദേഹം കത്തയച്ചു. കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് മുഹമ്മദ് ആരിഫ് നസീം ഖാൻ ഉന്നയിക്കുന്നത്.

മൊത്തം 48 സീറ്റിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും എംവിഎ നിർത്തിയില്ല. ന്യൂനപക്ഷ സമുദായത്തിൽനിന്ന് ഒരു മുസ്ലിം സ്ഥാനാർത്ഥിയേയെങ്കിലും കോൺഗ്രസ് നോമിനേറ്റ് ചെയ്യുമെന്ന് സംസ്ഥാനത്തെ മുസ്ലിം സംഘടനകളും പാർട്ടി പ്രവർത്തകരും കരുതിയിരുന്നു. പക്ഷെ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല, കത്തിൽ അദ്ദേഹം പറഞ്ഞു. ഉദ്ദവ് വിഭാഗം ശിവസേനയുടെയും ശരത് പവാറിന്റെ എൻസിപിയുടെയും പിന്തുണയോടെ മഹാരാഷ്ട്രയിലെ 48-ൽ 17 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. സംസ്ഥാനത്തെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയുടെ ഭാഗമാണിവർ.

ദീർഘകാലമായി പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിൽനിന്ന് കോൺഗ്രസ് വ്യതിചലിച്ചതായി വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ആരിഫ് നസീം ഖാൻ പറഞ്ഞു. എന്തുകൊണ്ട് തങ്ങളെ അവഗണിച്ചു എന്നാണ് ന്യൂനപക്ഷ സംഘടനകളും പാർട്ടി പ്രവർത്തകരും തന്നോട് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷവിഭാഗത്തോട് എന്തുകൊണ്ട് ഇത്തരത്തിലുള്ള അനീതി കാട്ടുന്നുവെന്ന ചോദ്യത്തെ അഭിമുഖീകരിക്കാൻ തനിക്ക് കഴിയുന്നില്ല. എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന പ്രത്യയശാസ്ത്രത്തിൽനിന്നും കോൺഗ്രസ് വ്യതിചലിച്ചെന്നും ആരിഫ് നസീം ഖാൻ വിമർശിച്ചു.

നേരത്തെ, മുംബൈ നോർത്ത് സെൻട്രൽ സീറ്റ് ആരിഫ് നസീം ഖാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാർട്ടി സിറ്റി യൂനിറ്റ് പ്രസിഡന്റ് വർഷ ഗെയ്ത്വാതിനെയാണ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുംബൈയിലെ ചാന്ദിവാലിയിൽനിന്ന് മത്സരിച്ചെങ്കിലും 409 വോട്ടിന് അദ്ദേഹം പരാജയപ്പെട്ടു.