- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി ന്യൂനപക്ഷ മോർച്ചയുടെ മുൻ ചെയർമാൻ അറസ്റ്റിൽ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തെ വിമർശിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബിക്കാനീർ ബിജെപി മുൻ ന്യൂനപക്ഷ സെൽ ചെയർമാൻ അറസ്റ്റിൽ. സമൂഹത്തിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് ഉസ്മാൻ ഗനിയെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഉസ്മാൻ ഗനിയെ അറസ്റ്റ് ചെയ്തത്. ഉസ്മാൻ ഗനിയെ നേരത്തെ ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 24നാണ് ഉസ്മാനെതിരെ പാർട്ടി നടപടിയെടുത്തത്. മോദിക്കെതിരായ വിമർശനത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്. ഈ സംഭവത്തിന് പിന്നാലെയാണ് അറസ്റ്റ്. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനാണ് ഉസ്മാൻ ഘനിക്കെതിരേ ബിക്കാനീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സമ്പത്തിന്റെ പുനർവിതരണം സംബന്ധിച്ച് രാജസ്ഥാനിലെ ബൻസ്വാര ലോക്‌സഭാ മണ്ഡലത്തിൽ വെച്ച് മോദി നടത്തിയ വിദ്വേഷ പ്രസംഗത്തെ വിമർശിച്ചാണ് ഉസ്മാൻ ഘനി രംഗത്തെത്തിയത്. 'സമ്പത്ത് പിടിച്ചെടുത്ത് മുസ്ലിങ്ങൾക്ക് വിതരണം ചെയ്യുന്നു എന്ന മോദിയുടെ പ്രസ്താവന നിരാശാജനകമാണ്. ഞാൻ ഒരു ബിജെപി. അംഗമാണ്. മുസ്ലിംങ്ങൾക്കിടയിൽ വോട്ട് ചോദിച്ചു പോകുമ്പോൾ അവർ എന്നോട് പ്രധാനമന്ത്രിയുടെ പരാമർശത്തെക്കുറിച്ച് ചോദിക്കുന്നു, ഞാൻ കുഴങ്ങുകയാണ്. ഇതുപോലെ ഇനി സംസാരിക്കരുത് എന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതും'- എന്നായിരുന്നു അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞത്.
എ.ബി.വി.പി. അംഗമായിരുന്ന ഉസ്മാൻ ഘനി 2005-ലാണ് ബിജെപിയിൽ ചേരുന്നത്. തുടർന്ന് ബിക്കാനീർ ജില്ലയിലെ ന്യൂനപക്ഷ മോർച്ചയുടെ ചുമതല വഹിച്ചു വരികയായിരുന്നു. വിമർശനത്തിനു പിന്നാലെ അദ്ദേഹത്തെ പുറത്താക്കിയിരുന്നു.
രാജ്യത്തിന്റെ സമ്പത്ത് കോൺഗ്രസ് മുസ്ലിംങ്ങൾക്ക് നൽകുമെന്ന, രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിൽ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. കോൺഗ്രസ് നൽകിയ പെരുമാറ്റ ചട്ട ലംഘന പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി അധ്യക്ഷനോട് വിശദീകരണം നേടിയത്. 29 ന് രാവിലെ 11 മണിക്കുള്ളിൽ പാർട്ടി അധ്യക്ഷൻ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
ഇതിനിടെ, മന്ത്രി അനുരാഗ് താക്കൂറിന്റെ വിദ്വേഷ പ്രസംഗ പരാതിയിൽ നടപടിയെടുത്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തുറന്നു കാട്ടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുമെന്നും കോടതിയേയും സമീപിക്കുമെന്നും കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകി.