ബെംഗളൂരു: കർണാടകയിലെ ഹസനിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് അശ്ലീല വീഡിയോകൾ പ്രചരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഹസനിലെ സിറ്റിങ് എംപിയും ജെ.ഡി.എസ്. സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണ രാജ്യം വിട്ടെന്ന് അഭ്യൂഹം. ജർമനിയിലെ ഫ്രാൻക്ഫർട്ടിലേക്കാണ് പ്രജ്വൽ പോയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കർണാടക ജെ.ഡി.എസ്. അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനുമാണ് പ്രജ്വൽ. അതേസമയം, ജെ.ഡി.എസ്. പാർട്ടി ആസ്ഥാനത്ത് ഇന്ന് അടിയന്തിരയോഗം വിളിച്ചിട്ടുണ്ട്. കർണാടകയിലെ വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ്, ഏപ്രിൽ 26-നാണ് സ്ത്രീകളുടെ സമ്മതമില്ലാതെ ചിത്രീകരിച്ച അശ്ലീല വീഡിയോകൾ ഹസനിൽ പ്രചരിക്കാൻ തുടങ്ങിയത്.

പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.

'ഹസൻ ജില്ലയിൽ കുറച്ച് അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സ്ത്രീകൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായാണ് ആ ദൃശ്യങ്ങളിൽനിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഈ കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അവരുടെ അഭ്യർത്ഥന മാനിച്ചാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് കേസിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്' - മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ശനിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം, വീഡിയോകൾ വ്യാജമാണെന്നും രേവണ്ണയെ വ്യക്തിഹത്യ ചെയ്യാൻ ഉദ്ദേശിച്ചുള്ളവയാണെന്നും ജെ.ഡി.എസിന്റെയും ബിജെപിയുടെയും ഇലക്ഷൻ ഏജന്റ് പൂർണചന്ദ്ര തേജസ്വി എം.ജി. പറഞ്ഞു. വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നിൽ നവീൻ ഗൗഡയാണെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിട്ടുള്ളതായും പൂർണചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.