ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്തിനെന്ന് സുപ്രീംകോടതി. വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി വിശദീകരണം തേടി. വെള്ളിയാഴ്ച വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എന്തിനാണ് അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു കോടതിയുടെ ചോദ്യം.

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ വാദം കേൾക്കവേയാണ് സുപ്രീംകോടതി ഇഡിയോട് വിശദീകരണം തേടിയത്. വിഷയത്തിൽ മെയ്‌ മൂന്നിന് വിശദീകരണം നൽകാനാണ് ഇ.ഡിക്ക് കോടതി നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസം വാദത്തിനിടെ അറസ്റ്റിനെ അംഗീകരിക്കാത്തതിനാലാണ് ജാമ്യാപേക്ഷ നൽകാത്തതെന്ന് കെജ്രിവാളിന് അഭിഭാഷകൻ അഭിഷേക് മനു സിങ്വി കോടതിയിൽ പറഞ്ഞിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും മാപ്പുസാക്ഷികൾ ബിജെപി അനുകൂലികളാണെന്നുമാണ് കെജ്രിവാളിന്റെ വാദം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എഎപി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മദ്യനയക്കേസിലെ അഴിമതിയാരോപണത്തിലായിരുന്നു അറസ്റ്റ്. കുറ്റകൃത്യത്തിൽ അരവിന്ദ് കേജ്‌രിവാളിന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവുമില്ലെന്നും കേജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി കോടതിയിൽ അറിയിച്ചു.

2021 നവംബർ മുതലാണ് പുതിയ മദ്യനയം ഡൽഹി സർക്കാർ നടപ്പാക്കി തുടങ്ങിയത്. പുതുക്കിയ മദ്യനയ പ്രകാരം സർക്കാർ മദ്യ വിൽപ്പനയിൽ നിന്ന് പൂർണമായും പിന്മാറി. ഡൽഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്‌ലെറ്റുകൾക്ക് ടെൻഡർ വിളിച്ച് അനുമതി നൽകി. സ്വകാര്യ ഔട്ട്‌ലെറ്റിലൂടെ മത്സരിച്ച് മദ്യ വിൽപ്പന തുടങ്ങിയതോടെ മദ്യത്തിൽ ഗുണനിലവാരത്തിൽ വ്യാപക പരാതികൾ ഉയർന്നു. മദ്യനയം നടപ്പാക്കിയ രീതിയിൽ അഴിമതിയുണ്ടെന്ന സംശയവും ശക്തമായി.തുടർന്ന് അന്വേഷണമാവശ്യപ്പെട്ട് ബിജെപി ഡൽഹി അധ്യക്ഷനും എംപിയും ആയിരുന്ന മനോജ് തിവാരി ലഫ്.ഗവർണർക്കും സിബിഐക്കും കത്ത് നൽകി.

മദ്യനയം നടപ്പാക്കിയതിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായി ചീഫ് സെക്രട്ടറി തല അന്വേഷണത്തിൽ തെളിഞ്ഞു. ലൈസൻസ് ഫീ ഇനത്തിൽ നൽകിയ 144.36 കോടിയുടെ ഇളവ് സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു കണ്ടെത്തൽ. ലഫ്. ഗവർണറുടെ അനുമതിയില്ലാതെയാണ് മദ്യനയം നടപ്പാക്കിയതെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. പിന്നാലെ സിബിഐ അന്വേഷണത്തിന് ഗവർണർ നിർദ്ദേശം നൽകി.

2022 ജൂലൈ 30 ന് ഡൽഹി സർക്കാർ മദ്യ നയത്തിൽ നിന്ന് പിന്മാറി. ഓഗസ്റ്റ് മുതൽ പഴയ മദ്യ നയം നടപ്പാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. പിന്നാലെ മന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കി സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. 2023 മാർച്ച് 9 ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. മദ്യനയ അഴിമതിയിലെ കള്ളപ്പണക്കേസ് ഇഡി ഏറ്റെടുത്തു. 2023 ഒക്ടോബർ നാലിന് ആപ്പ് എംപി സഞ്ജയ് സിങ് അറസ്റ്റിലായി. പിന്നാലെ ബിആർഎസ് നേതാവ് കെ കവിതയും ഒടുവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.