കൊൽക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെതിരേ നടത്തിയ പ്രസംഗ വിവാദത്തിൽ കുടുങ്ങി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ അധീർ രഞ്ജൻ ചൗധരി. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധീറിന്റെ പ്രസംഗ വീഡിയോ തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെ പുറത്തുവിട്ടതോടെ കോൺഗ്രസ് പ്രതിരോധത്തിലുമായി.

ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാവും. തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ്-ഇതാണ് അധീറിന്റെ പ്രസ്താവന. ലോക്‌സഭയിൽ കോൺഗ്രസ് കക്ഷി നേതാവായിരുന്നു ആധീർ. പ്രവർത്തകസമിതിയിലും അംഗമാണ്. ഏതായാലും ബംഗാളിൽ ഈ വിഡിയോ വലിയ ചർച്ചയാണ്. എന്നാൽ വീഡിയോയെ കുറിച്ച് കൂടുതൽ അറിയില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. ഏത് സന്ദർഭത്തിലാണ് അധീർ സംസാരിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു.

വീഡിയോ പുറത്തുവന്നതോടെ അധീർ ബംഗാളിൽ ബിജെപിയുടെ ബി.ടീമായി പ്രവർത്തിക്കുകയാണെന്ന ആരോപണമുന്നയിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബിജെപിയുടെ കണ്ണും ചെവിയമായി പ്രവർത്തിച്ച ശേഷം ഇപ്പോൾ അവരുടെ ശബ്ദമായും ചൗധരി മാറിയെന്ന് തൃണമൂൽ ആരോപിച്ചു. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും തൃണമൂൽ എക്സിൽ പരാമർശിച്ചു.

25 വർഷമായി ബഹ്റാംപുരിൽ നിന്നുള്ള എംപിയാണ് അധീർ രഞ്ജൻ ചൗധരി. ഇത്തവണയും അധീർ തന്നെയാണ് സ്ഥാനാർത്ഥി. ബംഗാളിൽ ഇന്ത്യാ സഖ്യമില്ലാതെ അധീറിനെതിരേ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെയാണ് തൃണമൂൽ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ മത്സരം കനക്കുകയും ചെയ്തു. ഇതിനിടെയാണ് അധീറിന്റെ പരാമർശം വിവാദമായത്.

കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സാഹചര്യത്തിൽ ബിജെപി അനുകൂല പ്രസ്ഥാവനയുമായി ചൗധരി രംഗത്ത് വന്നത് കോൺഗ്രസിനുള്ളിൽ തന്നെ വിമർശനത്തിന് കാരണമായിട്ടുണ്ട്. പശ്ചിമ ബംഗാളിൽ കോൺഗ്രസും ടിഎംസിയും തമ്മിൽ തർക്കം നിലനിൽക്കെയാണ് ചൗധരിയുടെ തൃണമൂൽ വിരുദ്ധ പ്രസ്താവന, മമത ബാനർജി ഇന്ത്യ സഖ്യത്തിന് 2 സീറ്റുകൾ മാത്രം വാഗ്ദാനം ചെയ്തതിന് ശേഷം ഇരുപാർട്ടികൾക്കുമിടയിൽ തർക്കം രൂക്ഷമായിരുന്നു. മാത്രമല്ല പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനിടെ മമത ബാനർജി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. കോൺഗ്രസിനുള്ളിൽ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസും അധീർ രഞ്ജൻ ചൗധരി കോൺഗ്രസും ഉണ്ടെന്നായിരുന്നു മമതയുടെ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിനിടയിലും പശ്ചിമബംഗാൾ കോൺഗ്സിനുള്ളിൽ തർക്കം രൂക്ഷമായിരിക്കെ ചൗധരിയുടെ പ്രസ്താവന കോൺഗ്രസ് ഹൈക്കമാണ്ടിനും തലവേദനയാണ്.