- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവാക്‌സിന് പാർശ്വഫലങ്ങളില്ലെന്ന് ഭാരത് ബയോടെക്
മുംബൈ: കോവാക്‌സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്നും ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയിരുന്നുവെന്നും വ്യക്തമാക്കി ഭാരത് ബയോടെക് കമ്പനി. കോവിഷീൽഡ് വാക്‌സിൻ പാർശ്വഫലങ്ങൾക്ക് ഇടയാക്കുമെന്ന് നിർമ്മാതാക്കളായ ആസ്ട്രസെനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്‌സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ഭാരത് ബയോടെക് വ്യക്തമാക്കിയിരിക്കുന്നത്. മഹാമാരിക്കാലത്ത് ഇന്ത്യയിൽ നൽകിവന്നിരുന്ന വാക്‌സിനുകളാണ് കോവിഷീൽഡും കോവാക്‌സിനും.
പ്രഥമപരിഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്‌സിൻ വികസിപ്പിച്ചതെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി പറയുന്നു. ഇന്ത്യൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതികളുടെ ഭാഗമായി ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്‌സിൻ കോവാക്‌സിനാണെന്നും കമ്പനി അവകാശപ്പെടുന്നു.
വാക്‌സിന് ലൈസൻസ് ലഭിക്കുന്ന പ്രക്രിയയുടെ ഭാഗമായി 27,000ത്തോളം വിഷയങ്ങളിലും വിശദമായ സുരക്ഷാ മാനദണ്ഡങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. കോവാക്‌സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ആരോഗ്യമന്ത്രാലയം വിലയിരുത്തിയിട്ടുള്ളതാണെന്നും കമ്പനി വ്യക്തമാക്കി. കോവാക്‌സിൻ സംബന്ധിച്ച് രക്തം കട്ടപിടിക്കുക, ത്രോംബോസൈറ്റോപീനിയ, ടി.ടി.എസ്., വി.ഐ.ടി.ടി., പെരികാർഡൈറ്റിസ്, മയോകാർഡൈറ്റിസ് തുടങ്ങിയ പാർശ്വഫലങ്ങളൊന്നുമില്ലെന്നും വാക്‌സിൻ സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഭാരത് ബയോടെക് പറയുന്നു.
കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിക്ക് ഹ്രസ്വകാലയളവേ ഉള്ളുവെങ്കിലും ആളുകളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ആഘാതമുണ്ടായാൽ അത് ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്ന് കമ്പനിക്ക് അറിയാമായിരുന്നു. അതിനാൽ തന്നെ ഞങ്ങളുടെ എല്ലാ വാക്‌സിനുകളുടെയും പ്രഥാനശ്രദ്ധ സുരക്ഷിതത്വത്തിലായിരുന്നു.-ഭാരത് ബയോടെക് വ്യക്തമാക്കി.
യു.കെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീൽഡ് വാക്‌സിൻ അപൂർവസാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് ആസ്ട്രസെനെക്ക കമ്പനി അറിയിച്ചത്. ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്നാണ് കമ്പനി മറുപടി നൽകിയത്.
എന്നാൽ അത്യപൂർവമായി മാത്രമേ പാർശ്വഫലമുണ്ടാകൂ എന്ന് ഐ.സി.എം.ആർ. മുൻ ശാസ്ത്രജ്ഞനായ ഡോ. രാമൻ ഗംഗാഖേഡ്കർ പറഞ്ഞു. വാക്‌സിനെടുത്തവർ അപകടാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു. പത്തു ലക്ഷത്തിൽ ഏഴോ എട്ടോ വ്യക്തികളിൽ മാത്രമാണ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം ഉണ്ടായേക്കാവുന്നതെന്നും അദ്ദേഹം പറയുന്നു. വാക്‌സിന്റെ ആദ്യഡോസ് എടുക്കുമ്പോഴാണ് സാധ്യത കൂടുതലുള്ളത്, രണ്ടാമത്തേത് എടുക്കുമ്പോഴേക്കും വീണ്ടും കുറയുകയും മൂന്നാം ഡോസ് സമയമാകുമ്പോഴേക്കും തീരെ കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. വാക്‌സിന്റെ പാർശ്വഫലം ഉണ്ടാവുകയാണെങ്കിൽത്തന്നെ അത് ആദ്യ രണ്ടു മൂന്നു മാസത്തിനുള്ളിൽ പ്രകടമാവുമെന്നും ഡോ. രാമൻ പറഞ്ഞു.
യു.കെയിൽനിന്നുള്ള ജാമി സ്‌കോട്ട് എന്നയാളുടെ പരാതിക്കു പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. 2021 ഏപ്രിലിൽ വാക്‌സിൻ സ്വീകരിച്ചതിനുപിന്നാലെ തന്റെ മസ്തിഷ്‌കത്തിന് തകരാർ സംഭവിച്ചെന്നും രക്തം കട്ടപിടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമി പരാതിനൽകിയത്. ഇതോടെ തനിക്ക് ജോലിക്ക് പോകാൻ കഴിയാതായെന്നും മൂന്നുതവണ താൻ മരണത്തിനു മുന്നിലൂടെ കടന്നുപോയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നെന്നും ജാമിയുടെ പരാതിയിലുണ്ട്.
തുടർന്നാണ് യു.കെ. ഹൈക്കോടതിക്ക് മുമ്പിലെത്തിയ പരാതിയിൽ വളരെ അപൂർവമായ കേസുകളിൽ ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്ന് കമ്പനി മറുപടി നൽകിയത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന സാഹചര്യമാണിത്. അതേസമയം, മേൽപ്പറഞ്ഞ വാക്‌സിനോ മറ്റേതെങ്കിലും വാക്‌സിനുകളോ സ്വീകരിച്ചില്ലെങ്കിൽക്കൂടിയും ടി.ടി.എസ് ഉണ്ടാകാമെന്നും കമ്പനി പറയുകയുണ്ടായി. എന്നാൽ, വാക്‌സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യാനാകില്ലെന്നും അസ്ട്രസെനക്ക അറിയിച്ചിട്ടുണ്ട്.
എന്താണ് ടി.ടി.എസ്
ശരീരത്തിന്റെ ചില ഭാഗങ്ങളിൽ രക്തം കട്ടപിടിക്കുകയും ഒപ്പം പ്ലേറ്റ്‌ലെറ്റുകൾ അപകടകരമായ രീതിയിൽ കുറയുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. കാലുകൾ, മസ്തിഷ്‌കം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിൽ രക്തം കട്ടപിടിക്കാം. കടുത്ത തലവേദന, വയറുവേദന, കാലുകളിൽ വീക്കം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.