ബംഗ്ലൂരു: എൻഡിഎ സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ഇപ്പോൾ നടക്കുന്നത് സിദ്ധരാമയ്യ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണമാണെന്നും കുമാര സ്വാമി വിമർശിച്ചു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അന്വേഷണത്തിൽ ഇടപെടുന്നു. തെളിവുകൾ കൊണ്ടുവന്ന ആൾ തന്നെ കേസിൽ ഡികെ ശിവകുമാറിന്റെ ഇടപെടലുകൾ പറഞ്ഞിട്ടുണ്ട്. എച്ച്ഡി രേവണ്ണക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ പലതും കെട്ടിച്ചമയ്ക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.

ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോകൾ പ്രചരിക്കുന്നതിനു പിന്നിൽ പൊലീസ് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾ അന്വേഷണം നടത്തുന്നത് സിദ്ധരാമയ്യയുടെ അന്വേഷണ സംഘമാണെന്നും അദ്ദേഹം ആരോപിച്ചു.

ഏപ്രിൽ 21-ന് സംസ്ഥാനത്തുടനീളം ഒരു പെൻഡ്രൈവ് പ്രചരിപ്പിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരാണ് ഇത് ചെയ്തത്. ബെംഗളൂരു റൂറൽ, മാണ്ഡ്യ, ഹാസ്സൻ എന്നിവിടങ്ങളിൽ മനഃപൂർവം അവർ പെൻഡ്രൈവ് പ്രചരിപ്പിക്കുകയായിരുന്നു. ഏപ്രിൽ 22-ന് ഇതുസംബന്ധിച്ച് പ്രജ്വൽ രേവണ്ണയുടെ തിരഞ്ഞെടുപ്പ് ഏജന്റ് പൂർണചന്ദ്ര പൊലീസിൽ പരാതി നൽകിയിരുന്നു, കുമാരസ്വാമി പറഞ്ഞു.

വീഡിയോയുടെ ഉള്ളടക്കത്തെ ഞാൻ ന്യായീകരിക്കുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകണം, കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കണം. ആരായാലും ഒരാളെയും സംരക്ഷിക്കുന്നതിനേക്കുറിച്ചുള്ള ചോദ്യംതന്നെ ഉയരുന്നില്ല. വീഡിയോകൾ പ്രചരിപ്പിച്ചവർക്കെതിരായ അന്വേഷണത്തിൽ സുതാര്യത ആവശ്യമാണ്. പരാതി നൽകിയിട്ടും കുറ്റാരോപിതർക്കെതിരേ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും കുമാരസ്വാമി ആരോപിച്ചു.

ഇപ്പോൾ നടക്കുന്നത് പ്രത്യേക അന്വഷണ സംഘത്തിന്റെ അന്വേഷണമല്ല, സിദ്ധാരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും അന്വേഷണ സംഘത്തിന്റെ അന്വേഷണമാണ്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇതുവരെയായിട്ടും ഒരാൾക്കെതിരേയും ഒരു നടപടിയും എടുത്തിട്ടില്ല. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്കറിയാം, കുമാരസ്വാമി പറഞ്ഞു.

പ്രജ്വൽ രേവണ്ണ നാളെയോടെ നാട്ടിലെത്തുമെന്നാണ് സൂചന. കർണാടകയിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് അവസാനിച്ച ശേഷം മാത്രം തിരിച്ചെത്തിയാൽ മതിയെന്നായിരുന്നു പ്രജ്വലിനോട് ദേവഗൗഡ നിർദ്ദേശം നൽകിയത്. പ്രജ്വൽ തിരിച്ചെത്തിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ ബെംഗളുരു, മംഗളുരു വിമാനത്താവളങ്ങളിൽ എസ്‌ഐടി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

എച്ച് ഡി രേവണ്ണയെ ഇന്നലെ എട്ട് മണിക്കൂറോളം പ്രത്യേകാന്വേഷണ സംഘം സിഐഡി ഓഫീസിൽ വച്ച് ചോദ്യം ചെയ്തു. ഇതിനിടെ, പ്രജ്വലിന്റെ മുൻ ഡ്രൈവറായി കാർത്തിക് റെഡ്ഡി ദൃശ്യങ്ങൾ ചോർത്തിയ ശേഷം ഇത് കൈമാറിയ ബിജെപി നേതാവ് ദേവരാജഗൗഡ കർണാടക പൊലീസിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. ഡി കെ ശിവകുമാറിന് ദൃശ്യങ്ങൾ ചോർന്നതിൽ പങ്കുണ്ടെന്നും, ഇത് പറയാൻ തന്നെ പൊലീസ് അനുവദിക്കുന്നില്ലെന്നുമാണ് ദേവരാജഗൗഡയുടെ ആരോപണം. എന്നാൽ തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും, തെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കുമെന്നുറപ്പായപ്പോൾ ദേവരാജഗൗഡയെ ഉപയോഗിച്ച് ബിജെപി വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു.